പഞ്ചസാര...........
പണ്ട് പണ്ട്.......
എന്നു വച്ചാൽ ഞാൻ രണ്ടിലും എന്റെ അനിയൻ ഒന്നിലും പഠിക്കുന്ന കാലം.
അന്നൊക്കെ വീട്ടില് പഞ്ചസാര, അരി ഒക്കെ തീർന്നാൽ അമ്മ ഞങ്ങളിൽ ഒരാളെ കുറച്ചപ്പുറത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് ഗ്ളാസും തന്നു റോഡരികത്തുകൂടി പറഞ്ഞയയ്ക്കും. എന്നിട്ടമ്മ ഗേറ്റിൽ തന്നെ നിൽക്കും. വലിയമ്മ ഗ്ളാസ് നിറയെ പഞ്ചസാരയോ അരിയോ എന്താന്നുവച്ചാൽ തരും. അതുംകൊണ്ട് കളയാതെ "തുള്ളിത്തുളുമ്പി" നിൽക്കുന്ന ഗ്ളാസും പിടിച്ച് ഒരു വരവുണ്ട്. ഹോ! അന്നൊക്കെ ഒരു ഗ്ളാസ് പഞ്ചസാരയൊക്കെ ചുമന്നു വീടെത്തിക്കാൻ പെട്ടിരുന്ന പാടേയ് ! വല്ല വണ്ടിയും വന്നാൽപ്പിന്നെ അമ്മയുടെ ടെൻഷൻ കാണണം!
തിരികെയും ഉണ്ട് ഈ പരിപാടി. അവിടുന്നിങ്ങോട്ടും വരാറുണ്ട് ഒഴിഞ്ഞ ഗ്ളാസ് . തിരികെ കൊടുക്കുമ്പോൾ അളവ് തെറ്റാതിരിക്കാനാണ് ഈ സമ്പ്രദായം. അങ്ങനെ എന്ത് കൊടുത്താലും വാങ്ങിയാലും ഗ്ളാസിലേ പാടുള്ളൂ എന്നൊരു നിയമം ഞങ്ങളുടെ ഉള്ളിൽ കയറിക്കൂടി.
ഒരു ദിവസം ഞങ്ങളെ രണ്ടുപേരെയും വീട്ടിൽ തനിച്ചാക്കി അമ്മയും അച്ഛനും സ്കൂട്ടറിൽ കയറി എങ്ങോ പോയി. ഒരു കാരണവശാലും കതകുതുറന്നു പുറത്തുപോകരുതെന്നു പറഞ്ഞിരുന്നു. കണ്ണു തെറ്റിയാൽ മുറ്റത്തോ പറമ്പിലോ ആണല്ലോ രണ്ടും സദാസമയവും.
ഞാനന്ന് കസേരയിട്ട് കയറിനിന്നാണ് മുൻവശത്തെ കതകിന്റെ ഓടാമ്പലിട്ടത്.
അന്ന് സ്കൂളില്ലാത്ത ദിവസം ആയിരുന്നു. പഠിത്തമില്ലാത്ത ദിവസങ്ങളിൽ സ്വയംതൊഴിൽ കണ്ടെത്താൻ വീട്ടിൽ വരാറുള്ള രണ്ടു മൂന്നു പിള്ളാരുണ്ട് . ഞങ്ങളുടെ "പബ്ളിക് റിലേഷൻസ് ഓഫീസർ" കോവാലൻറെ ചേട്ടന്റെ രണ്ടു ചെറുമക്കൾ .
"അമ്മച്ചീ, ഈ പുല്ലു ഞങ്ങളു പറിക്കട്ടേ?"
"അമ്മച്ചീ, കോഴിയെ കൊല്ലണോ?"
"അമ്മച്ചീ, കടയിൽ പോണോ?"
ഇങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കും ... അവൻറെ പേരാണ് സുനു.
അമ്മ ചോദിക്കും, "നീയൊന്നു മിണ്ടാതിരിക്കാൻ നിനക്ക് എന്തു തരണം?"
എന്നാലും അമ്മക്കിഷ്ടമാണ് സുനുവിനെ. ഈ പറയുന്ന സുനുവിനു ഒരു പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാവൂ. എന്നാലും അധ്വാനിയാണ്
അന്ന് അമ്മ സുനുവിനും കൂട്ടുകാർക്കും പുല്ലു പറിക്കുന്ന പണി കൊടുത്തു. എന്നിട്ട് ഞങ്ങളെ നല്ല വിശ്വാസം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് കാവലായി അവരെയും പറഞ്ഞേൽപ്പിച്ചു, ഞങ്ങൾ പുറത്തിറങ്ങാതെ നോക്കണമെന്ന്.
"അത് നമ്മളേറ്റമ്മച്ചീ..... " സുനു വെളുക്കെ ചിരിച്ചു.
ഞങ്ങൾ രണ്ടുപേരും സുനുവും കൂട്ടരും പുല്ലു പറിക്കുന്ന മുറ്റത്തേക്കുള്ള ജനാലയിൽ പിടിച്ചു നിൽപ്പായി . അവർ എന്തൊക്കെയോ വലിയ കാര്യങ്ങൾ ഒക്കെയാണ് ചർച്ച. ഞങ്ങൾക്കൊന്നും മനസ്സിലായില്ല എങ്കിലും പുറത്തു പുല്ലു പറിക്കുന്നത് ചില്ലറക്കാരല്ല, പുലികളാണെന്ന് മനസ്സിലായി.
ഇടക്ക് ഞങ്ങൾ അങ്ങോട്ടൊരു ഓഫർ വച്ചു, പുറത്തിറങ്ങട്ടേന്ന്. 'അമ്മയും അച്ഛനും വരുംമുൻപ് തിരികെ കയറിക്കൊള്ളാം. അതുവരെ ഞങ്ങൾ നിങ്ങൾ പുല്ലു പറിക്കുന്നത് നോക്കിയിരുന്നുകൊള്ളാം.'
സുനു സമ്മതിച്ചില്ല.
അവരും ചെറിയ കുട്ടികൾ ആണെന്ന ബോധം ഞങ്ങളുടെ രണ്ടുപേരുടെയും ഉള്ളിലുണ്ടായിരുന്നു.ഞങ്ങൾ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ അവർ വെയിലത്ത് പണിയെടുക്കുന്നത് കാണുമ്പോൾ ഉള്ള ഒരു കുറ്റബോധം.
അങ്ങനെ കുറ്റബോധത്തിൽ വെന്തുനീറി ഇരിക്കുമ്പോഴാണ് സുനു പതിയെ വരുന്നു, ജനലിന്റെ അരികിലേക്ക്.
"മണിക്കുട്ടാ, നമുക്ക് കുറച്ച് പഞ്ചസാര തരുമോ തിന്നാൻ? കുറച്ച് മതി"
ഞങ്ങളുടെ ആഹ്ളാദം തിരതല്ലി. വെയിലത്ത് പണിയെടുക്കുന്ന അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമുള്ള അസുലഭാവസരം.
ഞങൾ അടുക്കളയിലേക്കോടി. ഒരു ഗ്ളാസ് എടുത്തു, കസേരയെടുത്തിട്ട് കയറി നിന്ന് അലമാര തുറന്ന് പഞ്ചസാരടിൻ എടുത്തു ഒരു ഗ്ളാസ് നിറയെ പഞ്ചസാരയെടുത്തു. തിരികെ ജനലിന്റെ അരികിലെത്തി. ചെരിച്ചാൽ പഞ്ചസാര കളയും. ജനലഴിയുടെ ഇടയിലൂടെ അത് കളയാതെ അപ്പുറം എത്തിക്കാൻ കുറെ പാടുപെട്ടു.
സുനുവിന്റെയും കൂട്ടരുടെയും മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നു. അത്ഭുതം! അതിശയം!
അവർ ഒരു തണലിലിരുന്ന് പഞ്ചസാര ചെളിപിടിച്ച കൈയിൽതന്നെ തട്ടി തിന്നാൻ തുടങ്ങി. ആ ചെളി നക്കുന്നത് ഞങ്ങൾക്ക് അത്രയ്ക്ക് ബോധിച്ചില്ല. ഒരു ചെറിയ നിരാശ! പിന്നെ, മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ എന്തോ ഒരു പന്തികേടും!. എന്തെങ്കിലും കുഴപ്പമുണ്ടോ? ഇവരെന്തിനാണിങ്ങനെ നോക്കുന്നതും ചിരിക്കുന്നതും? അവർ പഞ്ചസാര തിന്നിട്ടു ഗ്ളാസ് തിരികെത്തന്നു. അമ്മച്ചിയോട് പറയണ്ടാ എന്നൊരു അപേക്ഷയും.
കുറേ കഴിഞ്ഞ് അമ്മയും അച്ഛനും മടങ്ങിയെത്തി. വൈകുന്നേരം ചായ ഉണ്ടാക്കുമ്പോൾ പഞ്ചസാരടിൻ എടുത്ത അമ്മ അതിശയിച്ചു.
ഇതിലിരുന്ന പഞ്ചസാരയോക്കെ എവിടെപ്പോയി?
അമ്മ ചോദിച്ചപ്പോൾ ഞങ്ങൾ സുനു പഞ്ചസാര ചോദിച്ചതും ഞങ്ങൾ കൊടുത്തതും ഒക്കെ വിവരിച്ചു. ഇതു കുറേ കടന്നകൈയായിപോയെന്നു അമ്മ നെടുവീർപ്പിട്ടു.
പിന്നീട് സുനുവിനെ കണ്ടപ്പോൾ അമ്മ ചോദിച്ചു, "ആ ഒരു ഗ്ളാസ് പഞ്ചസാരയും നിങ്ങൾ തിന്നോടാ?"
"അതുപിന്നെ അവര് തന്നു, നമ്മളുതിന്നു"
"അവർ കൊച്ചല്ലേ? അവർക്കറിയാമോ അതൊക്കെ? " അമ്മയുടെ വാക്കുകളിൽ സുനു ക്ഷീണിച്ചുപോയി.
പിന്നീട് സ്വകാര്യത്തിൽ കണ്ടപ്പോൾ സുനു ഞങ്ങളോടു പറഞ്ഞു, "ഇത് ഒരുമാതിരി ഏർപ്പാടായിപ്പോയി . ഒരിത്തിരി പഞ്ചസാര ചോദിച്ചപ്പോൾ നിങ്ങളാണ് അത്രേം തന്നത്. എന്നിട്ട് അമ്മച്ചീടെ മുൻപിൽ ഞാൻ കള്ളൻ!"
അന്നുണ്ടായ ക്ഷീണം ഇന്നും മാറിയിട്ടില്ലാന്നു വേണം പറയാൻ.
well....
ReplyDeleteThank you.......
DeleteThank you.......
ReplyDelete