ചരിത്രത്തിലാണെനിക്കു സ്ഥാനം, ക്ലാസ്സിക്കായാണ് ജീവിതം!
ചിലപ്പോൾ ഹോമറിന്റെയോമന, പെനിലോപ്പി.
ചിലപ്പോൾ ഷേക്സ്പിയറിന്നരുമ, ഡെസ്ഡെമോണ.
ചില നേരങ്ങളിൽ കാര്യമൊന്നുമില്ലാതെ
കലപിലപറയുന്ന
ഒരു പാവം ബിയാട്ട്രിസ്.
വല്ലപ്പോഴുമൊക്കെ ആരാലോ കാത്തിരിക്കപ്പെടുന്ന ഫെർമ്മിന ഡാസ.
സൗന്ദര്യം ശാപമായ സ്പാർട്ടായിലെ ഹെലെൻ.
ജീവിതം വെറുത്തുപോയ ക്ലിയോപാട്ര.
മക്കൾ നൂറെങ്കിലും ഒന്നുപോലും വിളങ്ങാത്ത ഗാന്ധാരി.
സമാധാനം തീണ്ടാത്ത കുന്തി.
ആത്മാവുനൊന്ത മണ്ഢോദരി.
ഉപേക്ഷിക്കപ്പെട്ട ഊർമ്മിള.
നിഷേധിക്കപ്പെട്ട ശൂർപ്പണഖ.
ധീരസൗമ്യയായ സുഭദ്ര.
ജീവിതാഗ്നിയിൽ വെന്തുപോയ സുഹറ.
ജീവിതസമരത്തിൽ പ്രണയത്തിനു വേതനം ചോദിക്കേണ്ടിവന്ന സാറാമ്മ.
ചിതറിക്കിടക്കുന്ന ആത്മാംശങ്ങൾ വാരിക്കൂട്ടി
ഹൃദയത്തോട് ചേർത്തിരിക്കുമ്പോൾ
മനസ്സുപറയുന്നു.
"ഇവരൊക്കെയും ഞാനാണല്ലോ
എന്നിലൊക്കെയും ഇവരാണല്ലോ
അഹം ബ്രഹ്മാസ്മി!!!"
No comments:
Post a Comment