Sunday, 24 August 2014

ചമ്പകപുഷ്പസുവാസിതയാമം.........……………… 


അന്നും ഓഫീസുണ്ടായിരുന്നു. വൈകുന്നേരം ആറു പത്തിനാണ്‌ ഇറങ്ങിയത്‌. നോക്കുമ്പോൾ തല്ലുകൊണ്ട കുട്ടിയുടെ മുഖം കറുക്കുന്നതുപോലെ ഇരുട്ടു വലിച്ചു കേറ്റുന്നു മാനം. അയ്യോ മഴയാണോ! ആലോചിച്ചുതുടങ്ങുമ്പോഴെക്കും ചുറ്റിയടിച്ചു ഒരുഗ്രൻ കാറ്റ്‌. റോഡരുകിലെ വെള്ളപ്പൂമരത്തിലെ പൂക്കൾ മുഴുവൻ എന്റെ തലയിൽ പുഷ്പവൃഷ്ടി നടത്തി. തണുത്തകാറ്റും പുഷ്പാലങ്കാരവുമൊക്കെയായി ഞാനങ്ങു കോരിത്തരിച്ചുപോയി. എന്തു രസം!!!!.

അപ്പോഴേക്കും തുടങ്ങി മഴ. മഴയെന്നു പറഞ്ഞാൽ ഒരു മര്യാദേമില്ലാത്ത്‌ മഴ. നാലു ദിക്കിൽ നിന്നും കാറ്റും മഴയും. പെട്ടെന്നുള്ള.കാട്ടിൽ റോഡങ്ങു വിജനമായി. ഞാൻ കുടയും പിടിച്ചു പതിയെ നടന്നു. നല്ല രസോണ്ട്‌. ചെരുപ്പൊരു സുഖോല്ല. തെന്നിപ്പോണു. എന്നാലും കൊള്ളാം. അടുത്തെങ്ങും ആരുമില്ല. അവസരം മുതലാക്കി മൂളിപ്പാട്ടും പാടിയായി നടപ്പ്‌.....

"ചമ്പകപുഷ്പ സുവാസിതയാമം........ ചന്ദ്രികയുണരും യാമം....."

ആഹാ....... നല്ല സംഗതിയൊക്കെ ഉണ്ടല്ലോ.....
കുറച്ചൂടെ സംഗതികളൊക്കെ ഇട്ടു വിസ്തരിച്ചു വീണ്ടും പാടിനോക്കി. അടിപൊളി!
കൂടെക്കൂടെ കുടയെ ചുഴറ്റികൊണ്ടുപോകുന്ന കാറ്റിനെതിരെ യുദ്ധവും ചെയ്യണം, പാടണം..

"പ്രിയതരമായൊരു സ്വപ്നമുറങ്ങി, ഇനിയുണരാതെയുറങ്ങീ...."

എത്രനല്ല വരികൾ! ശങ്കരാഭരണം സ്റ്റൈയിലിൽ ഒരു ആഹാ പറഞ്ഞുപോയി.

"ഇവിടെയിവിടെ വെറുതെയിരുന്നെൻ 

ഓർമ്മകളിന്നും പാടുന്നു, ഓരോ കഥകൾ പറയുന്നു...."

റോഡരുകിലെ വെള്ളക്കുഴികൾ ചാടിക്കടക്കുമ്പോഴും പാട്ടു നിർത്തിയില്ല.


"മൃദുപദനൂപുരനാദമുറങ്ങി.....
വിധുകിരണങ്ങൾ മയങ്ങീ...."

ദൂരെ നിന്നൊരു വെള്ളക്കാർ ഡിം ലൈറ്റൊക്കെ ഇട്ടു വരുന്നതു കാണുന്നുണ്ടായിരുന്നു. അടുത്തെത്തിയതും പെട്ടെന്ന് ഒരു വെള്ളക്കുഴിയിലേക്കു വണ്ടിയെ തെന്നിച്ചു. എന്റെ ഉടുപ്പിലൊക്കെ ചെളിവെള്ളം. എന്റെ മുഖം പെട്ടെന്നു  ഇങ്ങനെ ആയെങ്കിലും പെട്ടെന്നു ഞാൻ മോന്തായത്തെ പൂർവ്വസ്ഥിതിയിലേക്കു കൊണ്ടുവന്നു. പിന്നെ കലണ്ടറിലെ ദൈവങ്ങളുടെ മുഖത്തു കാണൂലേ, ഒരു പുഞ്ചിരി, അതുപോലെ പുഞ്ചിരിച്ചുകൊണ്ടു മനസ്സിൽ പറഞ്ഞു, "പോടാ മങ്കീ, ഞാൻ വീട്ടിൽച്ചെന്ന ഉടനേ ഉടുപ്പൊക്കെ അലക്കി കുളിക്കുമല്ലോ. നീയിനി എത്ര കുളിച്ചാലാ നിന്റെയാ ചീത്തമനസ്സിലെ അഴുക്ക്‌ കളയുക? ഹും! " എന്നോടാ കളി! അയ്യോ.... വീടെത്താറായി. ഇനിയിതുപോലൊരു മഴ പാട്ടുംപാടിനടക്കാൻ കിട്ടിയില്ലെങ്കിലോ?


"ഇതിലേയിതിലേയൊരുനാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു....
ഓർമ്മകൾ കണ്ൺഈർ വാർക്കുന്നൂ....
ചമ്പകപുഷ്പസുവാസിതയാമം........."

ഗേറ്റ്‌ എത്തി. ഇനി പാടിയാൽ ആരെങ്കിലും കേൾക്കും. ആകെ കുതിർന്ന് ഒരു മിണ്ടാപ്രാണിയായി അകത്തേക്ക്‌....... 

No comments:

Post a Comment