ഓം ശാന്തി! ശാന്തി! ശാന്തി!
നാലുവയസ്സിലാണ് ആദ്യമായി പ്രാർത്ഥന ചൊല്ലിയതിന്റെ ഓർമ്മ തുടങ്ങുന്നത്. അനിയനും ഞാനും ക്ലോക്കിന്റെ സൂചി പത്തുമിനിറ്റ് തള്ളിനീക്കുന്നതും നോക്കി നോക്കി ഹരേ രാമ ഹരേ രാമ പറയുന്ന നാളുകൾ. നാമജപത്തിന്റെ അവസാനം അച്ഛനെ രക്ഷിക്കണേ, അമ്മയെ രക്ഷിക്കണേ, അനിയനെ രക്ഷിക്കണേ, പിന്നെ അമ്മൂമ്മ, ഇഷ്ടബന്ധുജനങ്ങൾ, അവസാനം എന്നെ രക്ഷിക്കണേ എന്നു പറയാനും മറന്നിരുന്നില്ല. വളരെ വൈകാതെതന്നെ എന്നെ രക്ഷിക്കണേ എന്നതു ഒരു തരംതാണ പ്രാർത്ഥനയാണെന്നു തോന്നി അതുപേക്ഷിച്ചു.
എന്നും ചിന്തിപ്പിരുന്ന ഒരു പ്രാർത്ഥന അടുത്തുള്ള പള്ളിയിൽനിന്നും ഞായറാഴ്ച ദിവസങ്ങളിൽ ഉയർന്നുകേട്ടതായിരുന്നു. അതേതാണ്ടിങ്ങനെ ആയിരുന്നു.
"മറ്റുള്ളവരുടെ തെറ്റുകൾ ഞാൻ പൊറുക്കുന്നതുപോലെ എന്റെ തെറ്റുകൾ നീയും പൊറുക്കുമാറാകണേ!"
അതിനിപ്പോൾ ആരാ എന്റെ തെറ്റുകൾ പൊറുത്തുതരുന്നത് എന്നായിരുന്നു ആപ്രായത്തിൽ എന്റെ ചിന്ത.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ഒരു ശനിയാഴ്ച അച്ഛൻ വിളിച്ച് ആ ലക്കം മാതൃഭൂമി ആഴ്ചപതിപ്പ് എടുത്ത് ഒരു ലേഖനത്തിന്റെ ഇടയിലെ നാലുവരി കാണാതെ പഠിക്കാനും ആ വാരിക സൂക്ഷിച്ചുവയ്ക്കാനും പറഞ്ഞത്. പ്രാർത്ഥിക്കുമ്പോൾ ഈവരികളും പറയണമെന്നും പറഞ്ഞു.
"ഓം പൂർണ്ണമദ പൂർണ്ണമിദം
പൂർണ്ണാദ്‌പൂർണ്ണമിദച്ചതേ
പൂർണ്ണസ്യപൂർണ്ണമാദായ
പൂർണ്ണമേവവദശിഷ്യതേ
ഓം ശാന്തി! ശാന്തി! ശാന്തി!..."
എല്ലാം പൂർണമെന്നുള്ള ഒരു ദർശനം. എന്തായാലും രക്ഷിക്കണേ എന്നുള്ള കാലുപിടിത്തത്തെക്കാളും ഇഷ്ടപ്പെട്ടതുകൊണ്ട് ഈ പ്രാർത്ഥന സ്ഥിരമാക്കി.
ഒരുപാടു ചോദ്യങ്ങൾ എപ്പോഴും ദൈവത്തെപറ്റി, അനുഗ്രഹത്തെപറ്റി, അനുഗ്രഹവിതരണത്തിലെ അസമത്വങ്ങളെപറ്റി ഒക്കെ ഉള്ളിലുണ്ടായിരുന്നു. എന്തു യോഗ്യതയാണെനിക്കു ദൈവത്തോടെനിക്കൊരു കാര്യം ആവശ്യപ്പെടാൻ എന്ന ചോദ്യത്തിനുത്തരം കിട്ടിയത് ആയിടെകണ്ട മഹാഭാരതം സീരിയലിൽ നിന്നായിരുന്നു. അർജ്ജുനന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു.
"ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ഞാൻ എന്തെങ്കിലും സുകൃതം ചെയ്തിട്ടുണ്ടെങ്കിൽ ആ സുകൃതം മുൻനിർത്തി എന്റെയീ പ്രാർത്ഥന കൈക്കൊള്ളണേ."
ഈ സംഗതി എനിക്കേറെ ഇഷ്ടായി. ഒന്നു നന്നായി റീവൈന്റ് ചെയ്തുനോക്കി. വലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ല. ആർക്കും ദ്രോഹവും ചെയ്തിട്ടില്ല. കഴിഞ്ഞ ജന്മത്തെപ്പറ്റി അറിയില്ലല്ലോ. എന്തായാലും പ്രാർത്ഥന ഇവ്വിധമാക്കി.
"ഞാനെന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിലതു മുൻനിർത്തി എല്ലാരെയും കാത്തോളണേ. എന്റെ തെറ്റിനു മറ്റുള്ളവരെ ശിക്ഷിക്കരുതേ. അറിയാതെയോ അറിഞ്ഞോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനും മാപ്പ് തരണേ."
ഇന്നിപ്പോൾ ഞാൻ പ്രാർത്ഥിക്കാറില്ല. ദൈവങ്ങൾ എന്നെയും ഞാൻ ദൈവങ്ങളെയും തള്ളിപ്പറഞ്ഞിട്ടു കാലമേറെയായി. എന്റെ പ്രാർത്ഥനകളൊന്നുമേ ചെവിക്കൊള്ളാത്ത ദൈവം എന്നെപ്പോലെതന്നെ നിസ്സഹായനെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ ദൈവത്തിനു സ്വൈര്യം കൊടുത്തു. ഇനിയെന്തെങ്കിലുമുണ്ടോ തരാൻ എന്ന് ആക്ഷേപിക്കാൻ പാകത്തിനുള്ള കളിക്കൂട്ടുകാർ മാത്രമായി ഞങ്ങൾ.
എന്തുകൊണ്ടു പ്രാർത്ഥിക്കേണ്ടി വരുന്നു?
ഇന്നിപ്പോൾ അനുഗ്രഹം നേടിക്കളയാമെന്നുകരുതിയല്ലല്ലോ എന്റെ പ്രാർത്ഥന! അറിയാതെ ആരെയെങ്കിലും നോവിച്ചുവെങ്കിൽ, അവരോടു ചെയ്യുന്ന ഒരു മാപ്പപേക്ഷ. അവരുടെ നോവ് മാറിയെന്നറിഞ്ഞാലേ ഒന്നു സ്വസ്ഥമായി കണ്ണടയ്ക്കാനാകൂ എന്ന വലിയ അറിവിൽ നിന്നും ഉണ്ടാകുന്ന നിരന്തരമായ കൈകൂപ്പൽ. അതാണിന്നെന്റെ പ്രാർത്ഥന.
തെറ്റുചെയ്യാതിരിക്കാൻ ഞാനുമീശ്വരനല്ല. ചെയ്യുന്ന തെറ്റുകളാകട്ടേ, മാനുഷികവുമല്ല. ചെയ്തതെറ്റുകൾക്ക് മാപ്പുതരാനുള്ള പ്രാർത്ഥന ഈശ്വരനെക്കാളും മഹത്തരമായ ഹൃദയം സൂക്ഷിക്കുന്ന പ്രിയപ്പെട്ടവരോടാകുമ്പോൾ പ്രാർത്ഥന സഫലമാകുമെന്നു നൂറുവട്ടമുറപ്പുള്ളതിനാൽ വീണ്ടും വീണ്ടുമപേക്ഷ. മാപ്പ്.
പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ എല്ലാ പ്രാർത്ഥനകളും ഫലവത്താകുന്നു. മറ്റുള്ളവരുടെ തെറ്റുകളോടു ഞാൻ പൊറുക്കുന്നതുപോലെ, എന്തെങ്കിലും നന്മ ഞാനാർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ നന്മയെ മുൻനിർത്തി എന്നോടു ക്ഷമിക്കണേ!.
ഓം ശാന്തി! ശാന്തി! ശാന്തി!