Sunday, 24 August 2014

ചെറിയ ചെറിയ ദൈവങ്ങൾ!


വല്ലാതെ പനിച്ചുവിറച്ചാണ്‌ ഒരു വെള്ളിയാഴ്ച വൈകുന്നേരം ജനശതാബ്ധിയിൽ കയറിയത്‌. ഏറ്റവും ഒടുവിലത്തെ സീറ്റ്‌.106. വിൻഡോ സീറ്റാണെന്നറിഞ്ഞപ്പോൾ വല്ലാതെ ആശ്വാസം തോന്നി. തലചായ്ച്ചിരിക്കാമല്ലോ. അടുത്തൊരു സീറ്റുംകൂടിയേ ഉള്ളൂ. അവിടെ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. കൈയിലുള്ള ബാഗ്‌ മുകളിൽ വയ്ക്കാൻ പോലും ഒന്നെണീക്കാൻ എനിക്കു പറ്റുന്നില്ല. അയാൾ അതുവാങ്ങി മുകളിൽവച്ചു.എന്നിട്ടയാൾ ഫോൺ ചെയ്യുകയാണ്‌, ഭാര്യയെ: "മോളെ ഉറക്കല്ലേ, ഞാൻ വന്നിട്ടേ ഉറക്കാവൂ"

പാവം, വളരെ ചെറിയ ഒരു പയ്യൻ. അപ്പോൾ മകളും തീരെ കുഞ്ഞാവും. ആ കുഞ്ഞിനെ വാരിയെടുക്കാൻ ഓടിയെത്താൻ വെമ്പുന്ന ഒരച്ഛനാണല്ലോ. എന്റെ അടുത്തിരുന്ന് ഈ പനി ആ കുട്ടിക്ക്‌ വരരുതേ എന്നോർത്തുകൊണ്ടു ഞാനാ ഭാഗത്തേക്കേ തലതിരിയ്ക്കാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. തലവേദനയും നടുവേദനയും ക്ഷീണവും തീപോലുള്ള പനിയും കൊണ്ട്‌ ഞാനാകെ അവശയായി. എന്തു ചെയ്യണമെന്നറിയില്ല. തിരുവനന്തപുരത്തുനിന്നും ബസ്സിലൊരു മണിക്കൂറിലധികം യാത്രയുണ്ട്‌ വീട്ടിലേക്ക്‌. അത്രയും നേരം എങ്ങനെ കഴിച്ചുകൂട്ടുമെന്നറിയില്ല. ആകെ പരവേശം. പറഞ്ഞറിയിക്കാൻ വയ്യ.എങ്ങനെയൊക്കെയോ കൊല്ലത്തെത്തി. 

ആകാംക്ഷ സഹിക്കാതെ പയ്യൻ ആരാഞ്ഞു,"സുഖമില്ലേ?"

"ഹാ, പനിയാ"

അവൻ വടയും കട്‌ലറ്റുമായൊക്കെപ്പോകുന്ന പാൻട്രിക്കാരോട്‌ ചായയും കോഫിയുമൊന്നുമില്ലേ എന്നന്വേഷിക്കുന്നുണ്ടായിരുന്നു. ഞാനോർത്തു, പാവം ദാഹിക്കുന്നുണ്ടാകും. ഞാനെന്റെ വെള്ളം എടുത്തുകൊടുത്തു, വേണ്ടാന്നൊക്കെ പറഞ്ഞെങ്കിലും കുടിച്ചു. പിന്നെ പരിചയപ്പെട്ടു. 
അവൻ പറഞ്ഞു, "ഒട്ടും വയ്യ അല്ലേ, ഞാനൊരു എഞ്ചിന്റെ അടുത്തിരിക്കുന്ന ചൂടാണ്‌ വരുന്നത്‌. കണ്ടുകൊണ്ടിരിക്കാൻ വയ്യാത്ത ബുദ്ധിമുട്ടായിരുന്നല്ലോ ചേച്ചിക്ക്‌. ചേച്ചിക്കൊരു ചായ വാങ്ങിത്തരാനാ ഞാനിത്രയും നേരം പൈസയുമെടുത്തിരുന്നത്‌. പക്ഷേ, ഇന്നു ഒരു ചായയോ കോഫിയോ വന്നില്ല". 

അവനത്‌ ശ്രദ്ധിച്ചെന്നുപോലും ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ അതിശയിച്ചു. 
പിന്നെ കുറേ സംസാരിച്ചു, ഇരുപത്താറു വയസ്സുള്ള ഒരു സാധു പയ്യൻ. ഞാൻ പറഞ്ഞു, എന്നെ ബഹുമാനിക്കണം കേട്ടോ. എനിക്കു പത്തുനാൽപ്പതു വയസ്സായി. അവൻ ചിരിച്ചു, ഓ ശരി.

എനിക്കു വല്ലാതെ തല കറങ്ങുന്നുണ്ടായിരുന്നു. ഞാൻ അവനോടു ചോദിച്ചു, "എന്നെയൊന്നു ബസ്സ്‌ വരെ കൊണ്ടാക്കാമോ?"


"പിന്നെ, തീർച്ചയായും. ഇത്രയും വയ്യാത്ത ആളിനെ ഞാൻ എങ്ങനെയാ വഴിയിൽ നിർത്തിയിട്ടു പോകുന്നത്‌?"

എവിടെയെങ്കിലും വീണുപോകുമോന്നു സംശയിച്ചിരുന്ന എന്നെ ബസ്സിൽ കയറ്റിരുത്തി ആ കുട്ടി കൈവീശി നടന്നകന്നു.

എന്റെയൊരു സുഹൃത്ത്‌ പറഞ്ഞു, ഈശ്വരനാകും ആ കുട്ടിയെ അവിടെയെത്തിച്ചതെന്ന്. ഞാൻ പറഞ്ഞു, നന്മയുള്ള ഒരു മനുഷ്യനായതുകൊണ്ടാണെന്നെ സഹായിച്ചതെന്ന്. 

അപ്പോൾ സുഹൃത്ത്‌ പറഞ്ഞു, "ലക്ഷ്മീ, ഈശ്വരന്റെ സഹായം ആ പയ്യനിലൂടെ ലക്ഷ്മിക്കരികിലെത്തി എന്നു കരുതൂ."
അപ്പോൾ ഞാൻ പറഞ്ഞു, "അങ്ങനെയാണെങ്കിൽ എല്ലാരെയും സഹായിക്കാൻ എന്തു കൊണ്ടു ദൈവം വരുന്നില്ല? പ്രത്യേകിച്ച്‌, ഒന്നു പ്രാർത്ഥിക്കുകപോലും ചെയ്യാത്ത എന്നെ സഹായിക്കാൻ വരുമ്പോൾ"

പിന്നീടാലോചിച്ചപ്പോൾ എനിക്കൊന്നു തോന്നി. ഇതുപോലെ ആപത്തിൽ സഹായിക്കാൻ വരുന്ന നന്മയുള്ള മനുഷ്യരിൽ ഉള്ള ആ പ്രഭാവത്തെയാണ്‌ ഈശ്വരൻ എന്നു വിളിക്കേണ്ടത്‌. എനിക്കു ദാഹിക്കുന്നുവെന്നു കരുതി ചായക്കു പൈസയെടുത്തു കാത്തിരുന്ന അവനല്ലേ ഈശ്വരൻ? വഴിയിൽ വീണുപോയേക്കാമായിരുന്ന എന്നെ കൈപിടിച്ച്‌ റോഡ്‌ മുറിച്ചു കടത്തി ബസ്സിൽ കയറ്റിവിട്ട അവനല്ലേ ഈശ്വരൻ? 
ഇതുപോലെ അനേകം കൊച്ചുകൊച്ചീശ്വരന്മാർ ചുറ്റുമുള്ളതു കാണാതെയല്ലേ നമ്മളിങ്ങനെ അമ്പലത്തിലും പള്ളിയിലുമൊക്കെ കയറിയിറങ്ങുന്നത്‌, വലിയ ഈശ്വരന്മാരെ കാണാൻ? കാണിക്ക അങ്ങോട്ടു സ്വീകരിക്കുന്ന, ഒരു ചായ പോലും വാങ്ങിത്തരാത്ത ഈശ്വരനെക്കാണാൻ?

No comments:

Post a Comment