Sunday, 24 August 2014

ആരും കാണാതെ...................

എന്നും സ്വപ്നത്തിൽ അവൾ അവളുടെ തന്നെ വേഗത്തിൽ നടന്നുപോകുന്ന കാലടികൾ കാണും. സ്വന്തം കാലടികളിൽതന്നെ ഉറ്റുനോക്കി താനെങ്ങോട്ടാണു പോകുന്നതെന്ന് അവൾക്കു നല്ല നിശ്ചയമാണെന്നു തോന്നുന്നു. പക്ഷേ, അവളെയെപ്പോഴും അതിശയിപ്പിച്ചത്‌ തന്റെ പാദങ്ങളിൽ കാണുന്ന ആ സോക്സാണ്‌. യാത്രയാകുന്നതിനുമുൻപുള്ള ഒരുക്കങ്ങളിലൊരിടത്തും ആ സോക്സണിഞ്ഞ ഓർമ്മയില്ല. എത്ര ഓർത്തിട്ടും എപ്പോഴണവ അണിഞ്ഞതെന്ന് ഓർത്തെടുക്കാൻ ആവുന്നില്ല. എന്തിനാണവ ഷൂവിനോടൊപ്പം അല്ലാതെ സാധാരണ ചെരുപ്പിനൊപ്പം ഇട്ടതെന്നും ഒരിത്തിരി അതിശയത്തോടെ ചിന്തിച്ചുകൊണ്ടവൾ ആ കാലടികളെത്തന്നെനോക്കി കുനിഞ്ഞു നടന്നു. താനൊരിക്കലും തെരെഞ്ഞെടുക്കില്ലായിരുന്ന ഒരു തരം പീച്ച്‌ നിറവും അതിലാകെ ചെറുതായി കരിപുരണ്ടമാതിരി അഴുക്കും.

ഇതെങ്ങനെ തന്റെ കാലിൽ കയറി? ഉറക്കത്തിൽ ആരെങ്കിലും തനിക്ക്‌ ഇതണിഞ്ഞുതന്നതാണോ? എന്തിനുവേണ്ടി? ഈ സമസ്യക്കിടയിലും മനസ്സിലെവിടെയോ ഒരു സന്തോഷം. വെയിലടിച്ചിട്ടീ കാൽപ്പാദങ്ങൾ കരുവാളിക്കില്ലല്ലോ. അൽപ്പം കരുവാളിച്ചുതുടങ്ങിയിരുന്ന പാദങ്ങളിനി വെളുത്തുതുടുക്കുമല്ലോ. സോക്സിത്തിരി മോശമാണെങ്കിലും കിട്ടാൻപോകുന്ന ആ നന്മകളോർത്തപ്പോൾ ആരിട്ടതായാലും, എങ്ങനെയിട്ടതായാലും അവറ്റ കാണാനിത്തിരി മോശമാണേലും കുറച്ചു സന്തോഷവും സമാധാനവും തോന്നി.

അങ്ങനെ നിരന്തരയാത്രകളിൽ ഓരോരാത്രിയും കടന്നുപോയി. കരിപുരണ്ടമാതിരി പീച്ച്‌ നിറമുള്ള സോക്സിനുള്ളിൽ ചന്തംവച്ചുവരുന്ന തന്റെ കാലടികൾ കാണാനായിട്ടവളൊരു സ്വപ്നത്തിൽ അവയെ വലിച്ചൂരി. വിണ്ടുകീറി ചലവും ചോരയുമൊലിക്കുന്ന തന്റെ ദ്രവിച്ച പാദങ്ങളെയാണിത്രയും കാലം അവ മറച്ചുവച്ചിരുന്നതെന്നറിഞ്ഞവൾ ഞെട്ടാത്തതെന്തേ? പെട്ടെന്നവൾ തന്റെ മുഖത്തു വിരലോടിച്ചു, അതും വിണ്ടുകീറിയതാണോ എന്നറിയാൻ, അതിലും ഒരു മുഖപടമുണ്ടോ എന്നറിയാൻ. അതില്ലാന്നു കണ്ടവൾ സമാധാനത്തോടെ സോക്സിനെ ദൂരെയെറിഞ്ഞു. പിന്നെയാണവൾ സുഖമായൊന്നുറങ്ങിയത്‌.

No comments:

Post a Comment