Friday, 27 February 2015

കത്തുപാട്ട്............​​



"എത്രയും പ്രിയപ്പെട്ട" ആരെങ്കിലുമുണ്ടെങ്കിൽ, അവരൊക്കെ അറിയാൻ,

ഇപ്പോ പറന്നിറങ്ങിയത്‌ അനിയത്തിയുടെ കൂട്ടിലേയ്ക്കാണ്‌. ഒരു അപാർട്ട്‌മെന്റിന്റെ പതിനഞ്ചാം നിലയിൽ. ഈ വിഹഗവീക്ഷണം കുറച്ചു ദിവസത്തേക്കുകൊള്ളാം. പിന്നെ, പരുന്തിനെയും പ്രാവിനെയുമൊക്കെ കണ്ടുമടുക്കുമ്പോൾ ഒരു കാക്കയെ കണ്ടാ​ലൊക്കെ കൊള്ളാമെന്നു തോന്നും. ഇവിടെ കാക്ക ഇല്ലാന്നു തോന്നുന്നു.

ബാൽക്കണിയിൽ നിന്നാൽ തലങ്ങും വിലങ്ങും കിടക്കുന്ന റോഡുകൾ കാണാം. അതിൽ കൂടി സൈറണടിച്ചു പാഞ്ഞുപോകുന്ന പോലീസ്‌ ബൊലേറോ ജീ​പ്പു​കളെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ നോക്കി ഫോളോ ചെയ്യലാണിപ്പോളെന്റെ ഒരു ടൈംപാസ്‌. കുറേനേരമെടുക്കും അതൊന്നു പോയി കിട്ടാൻ. കിലോമീറ്റേഴ്സ്‌ ആൻഡ്‌ കിലോമീറ്റേഴ്സ്‌ കിടക്കുകയല്ലേ? സൈറൺ നോക്കി ഫോളോ ചെയ്താൽ മതിയല്ലോ.
അല്ലാ... ഇവരെന്തിനാ സൈറണടിച്ചു പോണേ?
 "കള്ളാ, ഓടിക്കോ, ഞങ്ങള്‌ വരുന്നുണ്ടേ..." ന്നാണോ? ആ ... ആർക്കറിയാം?​ :/ 

നല്ല തണുപ്പാണിപ്പോൾ. തിരുവനന്തപുരത്തെ 35ഡിഗ്രിയിലും ബ്ലാങ്കെറ്റ്‌ പുതച്ച്‌ നാലുടുപ്പും ഇട്ടുറങ്ങുന്ന എന്റൊരവസ്ഥ!!!! 
 ഹോ! അങ്ങനെ വിട്ടാൽ പറ്റുമോ? ജീവിതമെന്നാൽ അതിജീവനമാണെന്നേതോ മഹാൻ പറഞ്ഞിട്ടില്ലേ? ഉം... ഓർമ്മ വന്നു. ലക്ഷ്മി പൗർണ്ണമി എന്ന മഹതിയാണത്‌ പറഞ്ഞത്‌.

അതുകൊണ്ട്‌ ഞങ്ങളെന്തു ചെയ്യുമെന്നോ? ഓരോ കോട്ടും എടുത്തിട്ട്‌ ഇറങ്ങും രാത്രി ഒരു പന്ത്രണ്ടു മണിയാകുമ്പോൾ. ആരും ചോദിക്കാനും പറയാനുമില്ലാത്തതിന്റെ അഹങ്കാരം! പെണ്ണായാൽ അടക്കവും ഒതുക്കവും വേണമെന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓർമ്മിപ്പിക്കാറൊക്കെയുണ്ട്‌. ഗുഡ്‌ ഗേൾസ്‌ അങ്ങനെയാണ്‌. എല്ലാം ഓർമ്മ കാണും!
ഞാൻ വിറച്ചും മീനു വിറയ്ക്കാതെയും നടക്കും. ഇപ്പം ഞാൻ നന്നായീന്നാ മീനു പറയുന്നേ. വിറ കുറ!

അപാർട്ട്‌മെന്റിന്റെ ചുറ്റും ഇടയിലുമൊക്കെ ഉള്ള റോഡുകളിലൂടെയാണ്‌ നടത്തം. ധാരാളം പൂക്കളുള്ള വൃക്ഷങ്ങൾ ഇരുവശത്തുമുണ്ട്‌.  അങ്ങനെ നടക്കുമ്പോൾ ഒരു സ്ഥലത്ത്‌ തണൽ വൃക്ഷമായി നടുന്ന, വെള്ള കുഞ്ഞിപ്പൂക്കളും ചെറിയ നെല്ലിക്കപോലുള്ള കായയുമുള്ള ഒരു മരം നിൽപ്പുണ്ട്‌. ​നമ്മുടെ റോഡ് സൈഡിലൊക്കെ കാണുന്ന ലത്‌ തന്നെ. ​

അതിൽ നിന്നും പഴുത്ത പഴങ്ങളെ ഞങ്ങൾ "ആർത്തി"യോടെ ഞങ്ങൾ പറിച്ചു തിന്നും.


ഈ ആർത്തി ഞങ്ങളുടെ ഒരടവാണ്‌. ഞങ്ങളെന്താണീ സമയത്ത്‌ ചെയ്യുന്നതെന്ന് ആരെങ്കിലും അവരുടെ ഫ്ലാറ്റിൽ നിന്നു നോക്കുകയാണെങ്കിൽ അവരുടെ ആകാംക്ഷ വർദ്ധിപ്പിക്കാൻ. രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞ്‌ ഇര തേടിയിറങ്ങുന്ന രണ്ടാത്മാക്കൾ!!!!
​ ഡണ്‍  ഡണ്‍  ഡ ഡാങ്ങ് ........... :D:D :D​

ആകാംക്ഷ കൂടിക്കൂടി ആരെങ്കിലും വന്നാൽ ഈ മരത്തിന്റെ പഴം കഴിച്ചാണ്‌ ഇരുന്നൂറുകിലോ ഉണ്ടായിരുന്ന ഞാനിങ്ങനെ "അതിസുന്ദരി" ആയതെന്നു പറയണമെന്നും പ്ലാൻ ചെയ്തു. പിന്നെ കാണാം പൂരം. സൂസൂം തൊപ്പീം കോട്ടും കളസോമൊക്കെ ഇട്ടു നടക്കാനിറങ്ങുന്ന ചേത്തന്മാരും ചേച്ചിമാരുമെല്ലാം മരം കുലുക്കാനിറങ്ങും

"കുലുക്കിത്താത്താ തീ....... കുലുക്കിത്താതാതീ......"

ഹോ! അതാലോചിച്ചു തന്നെ അവിടെ കിടന്ന് അട്ടഹസിച്ചു ചിരിച്ചു ​മരിച്ചു.​
മരിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ പുണ്യാത്മക്കളായി ​അവിടെയും ഇവിടെയുമൊക്കെ മണ്ടി നടന്നിട്ട് ഒരു മണിയാകുമ്പോൾ വീട്ടീക്കേറും.  മൂന്നുമണിക്കുറങ്ങും. ​

അതിരാവിലെ എട്ടരക്ക്‌ (ഒരു മണിക്കൂർ ഞാൻ തന്നെ കുറച്ചതാണ്‌! ഡേ റ്റൈം സേവിംഗ്‌!!! തണുപ്പായോണ്ടേ.. :​D​
 അതു വിന്ററിലൊക്കെ അമേരിക്കയിലൊക്കെ ഉള്ളതാ. ഇങ്ങക്കറിയാൻ പാടില്ലാഞ്ഞിട്ടാ!!) ഉറക്കമുണർന്ന് "കോട്ടൂരാൻ വരട്ടെ" എന്ന്  ആജ്ഞാപിച്ചുകൊണ്ട്‌ ബാൽക്കണിയിൽ നിന്നു ദൂരേക്കു നോക്കുമ്പോഴാണൊരു കാര്യം ശ്രദ്ധിച്ചത്‌. കണ്ടതിനെയൊക്കെ ഒരറ്റത്തുനിന്ന് എണ്ണിനോക്കി. തൊണ്ണൂറ്റേഴെണ്ണം! എന്താന്നറിയോ? മൊബൈൽ ടവറുകൾ!. മൂടൽ മഞ്ഞില്ലായെങ്കിൽ കുറേം കൂടി കാണാമായിരുന്നു. എന്നിട്ടും റെയ്ഞ്ചില്ല! ആരു കൊണ്ടുപോകുന്നോ ആവോ?

'അയ്യോ.. അണുപ്രസരണം, അണുവികിരണം...' എന്നൊക്കെ ആർത്തുവിളിച്ചു ഓടിപ്പോയി വീണ്ടും കിടന്നു. ബ്ലാങ്കെറ്റെടുത്തു തലയും മൂടി! അണുപ്രസരണം ​ കിട്ടിയാലോ?
 കണ്ടോ? കോട്ടൂരാത്തതെത്ര നന്നായി. 
തറ തുടയ്ക്കാൻ മോപ്പുമായി വന്ന ചേച്ചി ഇതുതന്നെ തക്കം എന്നുകരുതി മിണ്ടാതെ തിരികെ പോകുന്നത്‌ ഞാൻ കണ്ടില്ലാന്നാണ്‌ വിചാരം. പിന്നെ,


"പാന്ഥർ പെരുവഴിയമ്പലം തന്നിലേ-
താന്ഥരായ്‌ കൂടി വിയോഗം വരും പോലെ.."
വന്നു ചേർന്നിരിക്കുന്ന ഞാൻ വല്ലതും പറഞ്ഞിട്ടുവേണം ചേച്ചി പിണങ്ങിപ്പോകാനും പിള്ളേരെന്നെ തട്ടിക്കളയാനും. 

അടുത്ത മുറിയിൽ യൂപ്പീക്കാരിയാ. നല്ലകുട്ടിയാ. എന്നെ "ആണ്ടീ.. ആണ്ടീ.." ന്ന് വിളിച്ച്‌ 'ഹെന്റെ' ഹൃദയം തകർത്തു കളയുമെന്ന ഒറ്റ കുഴപ്പമേ ഉള്ളൂ. വയസ്സു പത്തു നൽപ്പതായീന്ന് കണ്ടാലൊട്ടും തോന്നില്ലാന്നേ. എനിക്ക്‌ സ്വയം തീരെ തോന്നുന്നില്ല. ഹെന്താ ചെയ്ക? അപ്പളാണവൾടെ ഒരു ആണ്ടി!! ഹും! വച്ചിട്ടുണ്ട്‌ ഞാൻ! :/

ഒരീസം മീനൂന്റെ കമ്പനിയുടെ ഫാമിലിഡേ ആയിരുന്നു.
​ ഒരു ഒന്നൊന്നര ഫാമിലിയാകാൻ ഞാനോരുത്തി പോരേ?​ ഫാമിലിയായി ഞാനും പോയി. ഷാന്റെ മ്യൂസികൽ പ്രോഗ്രാമുണ്ടായിരുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള 'ഫനാ'യിലെയും 'സാവരിയാ'യിലേയും പാട്ടൊക്കെ പാടി. അറിയാവുന്ന ഡാൻസൊക്കെ ഞാനും ചെയ്തു. 

അല്ലപിന്നെ! എന്താ ഈ ഷാനിന്റെ ഒക്കെ വിചാരം? ഇങ്ങനൊക്കെ പാടിയാൽ പിന്നെ കളിച്ചുപോകില്ലേ?​ ഹിഹി ........ ​


വേറെന്താ? വേറൊന്നുമില്ല. വല്ലതുമുണ്ടായാൽ അറിയിക്കാം. എന്നെ കാണാതിരുന്നപ്പോൾ മെസ്സേജിട്ടും പത്രത്തിൽ കൊടുത്തും ഒക്കെ അന്വേഷിച്ചു കുറേപേർ. സത്യമായിട്ടും സങ്കടം വന്നു. അപ്പോ സ്നേഹമുണ്ട്‌...ഊം..... നിച്ചും ഉണ്ട്‌ ട്ടോ... ഈ ലോകത്തോടു മുയുബനും നിച്ചു സ്നേഹാ.......

Wednesday, 7 January 2015

അനുഭവങ്ങൾ പാളിച്ചകൾ 

ഒന്നര വയസ്സായപ്പോൾ തന്നെ സഹജീവികളോട് സ്നേഹവും കാരുണ്യവും അസാധാരണ വാക്ചാതുര്യവുമൊക്കെ ഉള്ള ഒരു കൊച്ചു മിടുക്കിയായിരുന്നു ലച്ചു ഭഗവതി എന്ന ഈ ഞ്യാൻ.(ആര് ചിരിച്ചു കാണിച്ചാലും അവരോടൊപ്പം പോകാൻ നിൽക്കുമെന്നും നാലുമുഴം നാക്കാണെന്നും ഒക്കെ അസൂയക്കാര് പറയും, കാര്യമാക്കണ്ട). എന്റെ അപ്പൂപ്പൻ എനിക്കിട്ട പേരാണ് ഭഗവതി.

അങ്ങനെ ഒന്നര വയസ്സായ ഞാൻ "എടുത്തു" വളർത്തിയ കുട്ടിയാണ് കെ കെ സുനി. ഒന്നര വയസ്സും ഒന്നരയടി നീളവുമുള്ള ലച്ചു ഭഗവതിയുടെ ഇടത്തേകൈയിൽ തന്നെ കാണും കെ കെ സുനി എപ്പോഴും. നാക്കിനു നീളം കൂടുതൽ ആയിരുന്നു എങ്കിലും സ്ഫുടത തീരെ കുറവായിരുന്നതിനാൽ കുട്ടീടെ പേര് ചോദിക്കുന്നവരോട് കെ കെ ശുനി എന്ന് പറയാനേ ഭഗോതിക്കായുള്ളൂ. എന്നാലെന്താ കെ കെ ശുനിയെ നിലത്തുവയ്ക്കാതെയാ ഭഗോതി വളർത്തിയത് .

നീളമുള്ള ഒരു കുട്ടിക്കൂറ പൗഡർടിൻ ആയിരുന്നു ഭഗോതിയുടെ കെ കെ ശുനി. അതിന്റെ അച്ഛൻകൂറയും അമ്മക്കൂറയും ഒക്കെ ഈ ഞ്യാൻകൂറ തന്നെയായിരുന്നു. അങ്ങനെ ഭഗോതി വളർത്തിയ കൂറ കെ കെ ശുനിയായി ഭൂമിമലയാളം എമ്പാടും അറിയപ്പെട്ടു. 

അങ്ങനെ ഇരിക്കെ ഒരു ദിവസം ഉണ്ടല്ലോ... സെന്യോറ ലച്ചുക്കൾ കെ കെ ശുനീനെ കുളിപ്പിച്ചൊരുക്കുകയായിരുന്നു. അച്ഛന്റെ കട്ടിലിലാണ്‍ ഇരുപ്പ്. (അതോ കിടപ്പോ?) അച്ഛൻ ഓഫീസിൽ പോയി കഴിഞ്ഞാൽപ്പിന്നെ ഹർ ഹൈനെസ്സിന്റെ രാജധാനി ആ കട്ടിലാണ്‍. വൈകുന്നേരം ആകുമ്പോഴേക്കും സുധീരന്റെ കൈയിൽ കിട്ടിയ കെപിസിസി പോലെ ആകും ആ കട്ടിലും. ഭരണമൊക്കെ നന്നായി നടക്കും. പക്ഷെ, പിന്നെ ഒന്ന് ശരിയാക്കി എടുക്കണമെങ്കിൽ ഒരാൾടെ പണിയാണ്!

അങ്ങനെ ഒരുക്കുന്നതിന്റെ ഇടയിൽ ഒന്ന് താഴെ വച്ചതേയുള്ളൂ കെ കെ ശുനി ഉരുണ്ടു താഴെപ്പോയി. 'അയ്യോ എന്റെ കെ കെ ശുനീ..' ന്ന് അലമുറയിട്ട് ഞാനും കൂടെപ്പോയി. അഗാധഗർത്തത്തിലേക്ക് പതിക്കുന്നതിന്റെ ഇടയിൽ നെറ്റി കട്ടിലിന്റെ തടിയിൽ ഇടിച്ചത് ഒന്നും ആ ധീരവനിത കണക്കാക്കിയതെയില്ല. കെ കെ ശുനിക്കെന്ത് സംഭവിച്ചു എന്ന ആധി മാത്രം.

പിന്നെ എല്ലാം ഒരു ചടങ്ങല്ലേ? അത് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് മാത്രം, അല്ലാതെ ചോര കണ്ടു പേടിച്ചിട്ടൊന്നുമല്ല, വലിയ വായിൽ രണ്ടു വിളി... "അമ്മാാാ..... വീന്നൂൂൂൂ......"" അമ്മ ഓടിവന്നു. പിന്നെ അവിടെ ഉള്ളവരും വഴിയേ പോയവരും എല്ലാം എംബിബിഎസ് കാരായി മാറി ചികിത്സ തുടങ്ങി.

എന്തായാലും വേദന ഒന്ന് കുറഞ്ഞപ്പോൾ ഭഗോതി പ്രസാദിച്ചു. നെറ്റിയിൽ നല്ല വെള്ളത്തുണി കൊണ്ട് ഒരു ചുറ്റിക്കെട്ട്. ചോര വീണ പെറ്റിക്കോട്ടൊക്കെ മാറ്റി പുതിയ ഉടുപ്പൊക്കെ ഇട്ട് ഭഗോതി അച്ഛനെ കാത്തിരുന്നു. അച്ഛൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ? ഇതൊന്നു കാണിച്ചു കൊടുക്കാമായിരുന്നു. 

അങ്ങനെ സന്ധ്യയായി. 'അച്ഛൻ വന്നേ....അച്ഛൻ വന്നേ..." ഭഗോതി വരാന്തയിൽ തലകുത്തിമറിഞ്ഞു.

കണ്ട അച്ഛൻ ഞെട്ടി. പിന്നാലെ വന്ന കൊചച്ഛൻ ഞെട്ടി. പിന്നെ വൈകിയില്ല. രണ്ടുപേരും കൂടി സ്കൂട്ടറിൽ എന്നേം എടുത്തുവച്ച്പാഞ്ഞു. ഒരു ആശൂത്രീ കൊണ്ടോയി. അവിടെ ഒരു വെളുത്ത കോട്ടൊക്കെ ഇട്ട ഒരു 'ദോത്തറ്' എന്നെ എടുത്തൊരു മേശമേൽ കിടത്തി. നാലഞ്ചാളുകൂടി ഒന്നരയടി നീളമുള്ള എന്റെ കുഞ്ഞു ശരീരത്തെ അമർത്തിപ്പിടിച്ചു. നാലടിനീളമുള്ള എന്റെ നാക്കിനെ അമർത്തി വയ്ക്കാൻ അവര്ക്കായെന്നു തോന്നുന്നില്ല. എട്ടുദിക്കും മുഴങ്ങുമാറുച്ചത്തിൽ എന്റെ നിലവിളി മുഴങ്ങി. ഡിസക്ഷൻ ടേബിളിലെ തവളയെപ്പോലെ കിടന്നു ഞാൻ കാറുമ്പോൾ ദോത്തറുമാമൻ എന്റെ നെറ്റിയിൽ സ്റ്റിച്ചിട്ടു.

അന്നു മുതലാ തിരുമേനീ, എനിക്ക് ആശൂത്രി കാണുമ്പോൾ ഒരു കിടുകിടുപ്പ്...

ഡി ഡി റ്റി പൗഡർ തട്ടിവച്ച നിലയിൽ പിന്നെയും നാലഞ്ചുകൊല്ലം കെ കെ ശുനി എന്റെ വീടിന്റെ പിന്നാമ്പുറത്തുണ്ടായിരുന്നു. സഹജീവികളോട് വലിയ കരുണയൊന്നും വേണ്ടാന്നു അനുഭവത്തിലൂടെ പഠിച്ച സെന്യോര ലച്ചു കെ കെ ശുനിയെ കണ്ടില്ലാന്നു നടിച്ചു. 

Saturday, 27 December 2014

പ്രണയപ്പനി ......

പനിച്ചൂടിലടവച്ചു
വിരിയിച്ചൊരെൻ പ്രേമ
മണിക്കുഞ്ഞു പാറിപ്പറന്നു 
പോകുന്നതും നോക്കി
പുതച്ചുമൂടി കടുംകാപ്പിയും മോന്തി
കുളിരു കാഞ്ഞിതാ മുറിക്കു മൂലയിൽ
കുനിഞ്ഞിരിക്കുമ്പോൾ എനിക്ക് കൂട്ടിനായ്
കിടക്കയിൽ വീണു മണിക്കുഞ്ഞിൻ മണിത്തൂവൽ


    ഏണിയും പാമ്പും!


    ജീവിതം മിക്കപ്പോഴും ഒരു ഏണിയും പാമ്പും കളി പോലെയാണ്‌. വിധി പകിടയെറിയുമ്പോൾ അതുചെന്നുവീഴുന്ന കളങ്ങളിൽ ചിലതിൽ പാമ്പും മറ്റു ചിലതിൽ ഏണിയും പിന്നെ കുറേയധികം കളങ്ങളിൽ തടസ്സങ്ങളോ നേട്ടങ്ങളോ ഇല്ലാതെയും മുന്നോട്ടു നീങ്ങുന്ന ഏണിയും പാമ്പും കളി.
    ചിലർക്ക്‌ പാമ്പിന്റെ വായിൽ ചാടേണ്ടി വന്നിട്ടേയുണ്ടാവില്ല. എന്നും ഏണികൾ വഴിയുള്ള കുറുക്കുവഴിക്കയറ്റങ്ങൾ മാത്രം. അല്ലെങ്കിൽ ഒന്നിനും തടസ്സമില്ലാതെ പകിടയുരുണ്ടുരുണ്ട്‌ മുന്നോട്ട്‌.
    മറ്റു ചിലർക്ക്‌ പാമ്പിന്റെ വായിൽ ചാടാനേ നേരമുണ്ടാകൂ. എങ്ങനെയൊക്കെ കുലുക്കിയെറിഞ്ഞാലും പകിട ചെന്നുവീഴുന്നതൊക്കെ പാമ്പ്‌ വായും തുറന്നിരിക്കുന്ന കളങ്ങളിൽ. നേരേ താഴേക്ക്‌. ചിലപ്പോൾ ചെറിയ പാമ്പുകൾ. മറ്റു ചിലപ്പോഴാകട്ടേ, പൊരുതി പൊരുതി, തളർന്നും കിതച്ചും ജയിക്കാനൊരു കളം മാത്രം ബാക്കിയുള്ളപ്പോഴാകും ഏറ്റവും നീളമുള്ളൊരു പാമ്പിന്റെ തൊണ്ടയിൽ കുരുങ്ങി താഴേക്കിറങ്ങുന്നത്‌, ഏറ്റവും താഴേക്ക്‌. ഒരു നിലവിളിയോടെ താഴേക്ക്‌.
    ഇനിയൊന്നുമില്ല പ്രതീക്ഷിക്കാൻ എന്ന അവസ്ഥയിൽ നിരാലംബരും നിരാശ്രയരുമായി പകിടയൊന്നെറിഞ്ഞു നോക്കും നമ്മൾ. ചിലപ്പോഴെങ്കിലും, നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ പകിട വീഴുന്നത്‌ തൊട്ടടുത്ത ഏണിക്കളത്തിലായിരിക്കും. നിരാശയുടെ മൂക്കുക്കുത്തലിൽ നിന്നും പ്രതീക്ഷയുടെ ഊളിയിടൽ! അതിൽ പിടിച്ച്‌ മുകളിലേക്ക്‌. ഒന്നുകൂടി പൊരുതി നോക്കാനുള്ള ഊർജ്ജവുമായി.
    ജീവിതത്തിൽ പലപ്പോഴും ഇത്തരം ഏണികൾ നമ്മുടെ പ്രതിസന്ധികളിൽ പ്രതീക്ഷയുടെ നറുവെളിച്ചമേന്തിയെത്താറുണ്ട്‌. ചെറുതും വലുതുമായ ഏണികൾ!
    ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നോർത്ത്‌ ഉഴറുമ്പോഴാകും അവർ വരിക. വാക്കുകളിൽ, പ്രവൃത്തികളിൽ ഒക്കെ ഊർജ്ജവും പ്രതീക്ഷയും നിറച്ച്‌ അവർ നമ്മുടെ കൈപിടിച്ച്‌ മുകളിലേക്കുകയറ്റും. പുതിയ ദിശകൾ കാണിച്ചുതരും. ക്ഷമയോടെയും സഹനത്തോടെയും സ്നേഹത്തോടെയും പ്രതീക്ഷയോടെയും മുന്നേറാൻ അവർ നമുക്കു വഴികാട്ടിയാകും.
    എന്റെ ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളുണ്ടായിട്ടുണ്ട്‌. ഇനിയൊന്നുമില്ല പ്രതീക്ഷിക്കാനെന്നോർത്തിട്ടുണ്ട്‌. അപ്പോഴൊക്കെ ചെറുതും വലുതുമായ ഏണികൾ കടന്നുവരികതന്നെ ചെയ്തു. അടിവച്ചടിവച്ച്‌ അവയിൽ പിടിച്ച്‌ ഞാൻ മുകളിലേക്ക്‌.
    ഞാനും പലർക്കും ഏണിയാകാറുണ്ട്‌. അതൊരു നിയോഗം പോലെയാണ്‌. ഒരാളേറ്റവും ദുഃഖിക്കുന്ന അവസരത്തിൽ, വിധിവൈപരീത്യമാകുന്ന പാമ്പ്‌ വിഴുങ്ങി താഴേക്കിറങ്ങി കിതച്ചു നിൽക്കുമ്പോൾ ഒരടിയെങ്കിലും മുകളിലേക്കേറാനുതകുന്ന ഒരേണിയായാൽ, അതുപോലൊരു പുണ്യമില്ലെന്നു തോന്നുന്നു.
    എനിക്കുതകിയ എത്രയോ ഏണികൾ! അവരെ ഞാൻ എത്രയും സ്നേഹത്തോടെ, നന്ദിയോടെ സ്മരിക്കട്ടെ. നിങ്ങൾക്കറിയില്ല, ഒരുപക്ഷേ, നിങ്ങളുടെ വില.
    കാത്തിരിപ്പ്‌..............


    വഴിയിലേക്കു കണ്ണും നട്ടു നീയാരെയാണ്‌ കാത്തിരിക്കുന്നത്‌?
    പാഴിരുട്ടടഞ്ഞുകിടന്ന എന്റെ ഉമ്മറക്കോലായിൽ ഒരു നറുതിരി തെളിച്ചു വച്ചിട്ട്‌ 'ദാ വരുന്നൂ'ന്നു പറഞ്ഞിറങ്ങി പോയൊരാളെ......
    ചാരം മൂടിക്കിടന്ന കിനാവിന്റെ കനലുകളെ ഊതിത്തെളിയിച്ചു പോയൊരാളെ........
    വാടിക്കിടന്ന മോഹവല്ലരികളിൽ വെള്ളം തളിച്ച്‌ പുതുനാമ്പുകൾ വിരിയിച്ചിട്ട്‌ പോയിരിക്കുന്നൊരാളെ.....
    നിന്നോടൊപ്പമാകാശവും ഭൂമിയും കാറ്റും വെളിച്ചവും തണുപ്പും ചൂടും മഴയും വെയിലും രാവും പകലുമെല്ലാം അനുഭവിച്ചു തീർക്കണമെന്നുറപ്പിച്ചിരുന്നു ഞാൻ.
    തണുത്ത വെളുപ്പാംകാലങ്ങളിൽ ഒരു പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുമ്പോൾ കാതിലെന്താണു കിന്നരിക്കേണ്ടതെന്നുവരെ ഞാൻ ഓർത്തു വച്ചിരുന്നു. സവാരികൾക്കു പോകുമ്പോൾ മലമടക്കുകളെ നോക്കി നിന്നെ ഞാൻ അത്രയധികം സ്നേഹിക്കുന്നു എന്നു വിളിച്ചുപറഞ്ഞ്‌ ആ പ്രതിദ്ധ്വനികളിൽ കുളിച്ചു ആ സ്നേഹത്തിൽ കുതിർന്നു നിൽക്കുമ്പോൾ എന്തു മൂളിപ്പാട്ടാണ്‌ പാടേണ്ടതെന്നും ഞാൻ ഓർത്തുവച്ചിരുന്നു.
    വൈകുന്നേരങ്ങളിൽ നനുത്ത തെന്നലുമേറ്റ്‌ കൈക്കുള്ളിൽ കൈ കവർന്ന് ചായ കുടിച്ചിരിക്കുമ്പോൾ എന്തൊക്കെയാണ്‌ ചർച്ച ചെയ്യേണ്ടതെന്നും ഞാൻ ഓർത്തുവച്ചിരുന്നു. പ്രഭാതത്തിൽ കുളിച്ച്‌ പുത്തനുടുപ്പിട്ട്‌ വീട്ടുജോലികളിൽ മുഴുകുമ്പോഴും അത്താഴമുണ്ടാക്കുമ്പോഴും നിന്റെ പ്രണയത്തെയനുസ്മരിപ്പിക്കുന്ന ഏതൊക്കെ പാട്ടുകൾ കേൾക്കണമെന്നുവരെ ഞാൻ നിശ്ചയിച്ചിരുന്നു.
    പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ കഥകൾ ബാക്കിവച്ചാണ് നീ‌ പോയിരിക്കുന്നത്‌. ഒന്നിച്ചു പാടുവാനെത്രയേറെ പാട്ടുകൾ. ചുവടുവയ്ക്കാനെത്രയേറെ താളങ്ങൾ.
    പനിനീർദ്ദലമിട്ട തണുത്ത ജലത്തിൽ മുങ്ങി നിവർന്ന് ജലകണമിറ്റുവീഴുന്ന മുടിയൊതുക്കി വന്ന് മെഴുകുതിരിവെളിച്ചത്തിൽ ആ നനുത്ത സംഗീതത്തിനൊപ്പം നമുക്കു നൃത്തം വയ്ക്കണ്ടേ? തണുത്ത രാത്രികളിൽ അടുപ്പത്തു കൈകാഞ്ഞുകൊണ്ട്‌ സ്വന്തം കൈകൊണ്ടുണ്ടാക്കിയ റൊട്ടി തേനിൽ മുക്കി എനിക്കു നീട്ടുമെന്ന് വാഗ്ദാനം ചെയ്തതു നീ മറന്നുപോയോ?
    വൈകുന്നേരങ്ങളിൽ എന്റെ മടിയിൽ തല ചായ്ക്കാൻ നീ ഓടിയെത്തുമെന്നു ഞാൻ വെറുതേ മോഹിക്കട്ടേയോ? ജീവിതയാത്രയിൽ കൈകോർത്തു കൂട്ടുവരാൻ, എന്റെ തണുത്ത കൈവെള്ളകളെ കൂട്ടിയുരുമ്മി ചൂടുപിടിപ്പിക്കാൻ നീയുണ്ടാവില്ലേ? ജീവിതം ഇടിമിന്നലിന്റെ ചന്ദ്രഹാസമിളക്കി എന്നെ വിറപ്പിക്കുമ്പോൾ ഒന്നു ചേർത്തുപിടിക്കാൻ നീയുണ്ടാവില്ലേ? ഉമ്മറപ്പടിവാതിലടയ്ക്കാതെ ചാരിവച്ചിരിക്കുന്നത്‌ നീ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്‌.
    നീ കത്തിച്ചുവച്ച ഈ ചിരാതിന്റെ വെളിച്ചത്തിലാണിന്നു ഞാനീ ലോകത്തെ കണ്ടുകൊണ്ടേയിരിക്കുന്നത്‌. നിന്നിലൂടെ ലോകം കാണണമെന്നാഗ്രഹിച്ചു, ഇന്നീ വെളിച്ചത്തിലൂടെയതു ഞാൻ കാണുന്നു. ഒരിക്കലുമണയാതെ ഞാനിതു കാക്കും. ചെറുതെങ്കിലും ഇതേയുള്ളല്ലോ എനിക്കു കൈത്തിരിയായി.

    Tuesday, 30 September 2014

    ജാലകപ്പടിയിലെ കുഞ്ഞുപക്ഷി..........


    ജാലകപ്പടിയിലൊരു
    സുന്ദരൻ പക്ഷി വരും
    കുറഞ്ഞനേരമെന്നെ നോക്കും,
    പാറിപ്പറന്നങ്ങുപോകും.


    അവനെ കാണാനായി മാത്രം
    കിളിവാതിൽ തുറക്കും ഞാൻ
    കടക്കണ്ണാലെത്തിനോക്കി
    വാതിൽ മെല്ലെ ചാരി വയ്ക്കും.

    കിളിയൊന്നും പാടാറില്ല,
    ചിറകടിപോലും കേൾക്കാറില്ല.
    മൗനസംഗീതം പൊഴിക്കും
    കാതരനായെന്നെ നോക്കും.

    മനക്കണ്ണാലൊന്നു നോക്കി
    ഹൃദയരാഗമൊന്നു മൂളി
    കിളിപയ്യെ പാറി ദൂരെ
    മരക്കൊമ്പത്തേക്കണയും.

    ഓമനയെ ഓമനിക്കാൻ
    കൈയൊന്നു നീട്ടിയാലോ
    നോവുറ്റ നോട്ടമോടെ
    കിളി മാറിയകലെപ്പോകും.

    തൊട്ടുപോലും നോക്കവേണ്ടാ
    ഒട്ടുപോലും പാട്ടും വേണ്ടാ
    ഒട്ടുനേരമെന്നെ നോക്കാൻ
    മട്ടു കാട്ടിയാലതേ മതി.

    നിന്നെ നോക്കാനായി മാത്രം
    ചിത്രവാതിൽ തുറക്കുന്നു.
    അത്രമാത്രം കണ്ടു ചിത്തം
    മുഗ്ദ്ദസ്നേഹം വരിക്കുന്നു.

    നിന്നെ മാത്രം കണ്ടു ലോകം
    ഭംഗിയേറും കിളിക്കൂടായ്‌.
    എന്റെ ലോകം ചന്തമേറ്റാൻ
    വന്നു പോകുക, പല വട്ടം.



    Thursday, 25 September 2014

    ഓം ശാന്തി! ശാന്തി! ശാന്തി!

    നാലുവയസ്സിലാണ്‌ ആദ്യമായി പ്രാർത്ഥന ചൊല്ലിയതിന്റെ ഓർമ്മ തുടങ്ങുന്നത്‌. അനിയനും ഞാനും ക്ലോക്കിന്റെ സൂചി പത്തുമിനിറ്റ്‌ തള്ളിനീക്കുന്നതും നോക്കി നോക്കി ഹരേ രാമ ഹരേ രാമ പറയുന്ന നാളുകൾ. നാമജപത്തിന്റെ അവസാനം അച്ഛനെ രക്ഷിക്കണേ, അമ്മയെ രക്ഷിക്കണേ, അനിയനെ രക്ഷിക്കണേ, പിന്നെ അമ്മൂമ്മ, ഇഷ്ടബന്ധുജനങ്ങൾ, അവസാനം എന്നെ രക്ഷിക്കണേ എന്നു പറയാനും മറന്നിരുന്നില്ല. വളരെ വൈകാതെതന്നെ എന്നെ രക്ഷിക്കണേ എന്നതു ഒരു തരംതാണ പ്രാർത്ഥനയാണെന്നു തോന്നി അതുപേക്ഷിച്ചു.

    എന്നും ചിന്തിപ്പിരുന്ന ഒരു പ്രാർത്ഥന അടുത്തുള്ള പള്ളിയിൽനിന്നും ഞായറാഴ്ച ദിവസങ്ങളിൽ ഉയർന്നുകേട്ടതായിരുന്നു. അതേതാണ്ടിങ്ങനെ ആയിരുന്നു. 
    "മറ്റുള്ളവരുടെ തെറ്റുകൾ ഞാൻ പൊറുക്കുന്നതുപോലെ എന്റെ തെറ്റുകൾ നീയും പൊറുക്കുമാറാകണേ!" 
    അതിനിപ്പോൾ ആരാ എന്റെ തെറ്റുകൾ പൊറുത്തുതരുന്നത്‌ എന്നായിരുന്നു ആപ്രായത്തിൽ എന്റെ ചിന്ത.

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌, ഒരു ശനിയാഴ്ച അച്ഛൻ വിളിച്ച്‌ ആ ലക്കം മാതൃഭൂമി ആഴ്ചപതിപ്പ്‌ എടുത്ത്‌ ഒരു ലേഖനത്തിന്റെ ഇടയിലെ നാലുവരി കാണാതെ പഠിക്കാനും ആ വാരിക സൂക്ഷിച്ചുവയ്ക്കാനും പറഞ്ഞത്‌. പ്രാർത്ഥിക്കുമ്പോൾ ഈവരികളും പറയണമെന്നും പറഞ്ഞു.
    "ഓം പൂർണ്ണമദ പൂർണ്ണമിദം
    പൂർണ്ണാദ്‌പൂർണ്ണമിദച്ചതേ
    പൂർണ്ണസ്യപൂർണ്ണമാദായ
    പൂർണ്ണമേവവദശിഷ്യതേ
    ഓം ശാന്തി! ശാന്തി! ശാന്തി!..."
    എല്ലാം പൂർണമെന്നുള്ള ഒരു ദർശനം. എന്തായാലും രക്ഷിക്കണേ എന്നുള്ള കാലുപിടിത്തത്തെക്കാളും ഇഷ്ടപ്പെട്ടതുകൊണ്ട്‌ ഈ പ്രാർത്ഥന സ്ഥിരമാക്കി.
    ഒരുപാടു ചോദ്യങ്ങൾ എപ്പോഴും ദൈവത്തെപറ്റി, അനുഗ്രഹത്തെപറ്റി, അനുഗ്രഹവിതരണത്തിലെ അസമത്വങ്ങളെപറ്റി ഒക്കെ ഉള്ളിലുണ്ടായിരുന്നു. എന്തു യോഗ്യതയാണെനിക്കു ദൈവത്തോടെനിക്കൊരു കാര്യം ആവശ്യപ്പെടാൻ എന്ന ചോദ്യത്തിനുത്തരം കിട്ടിയത്‌ ആയിടെകണ്ട മഹാഭാരതം സീരിയലിൽ നിന്നായിരുന്നു. അർജ്ജുനന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു.
    "ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ഞാൻ എന്തെങ്കിലും സുകൃതം ചെയ്തിട്ടുണ്ടെങ്കിൽ ആ സുകൃതം മുൻനിർത്തി എന്റെയീ പ്രാർത്ഥന കൈക്കൊള്ളണേ."
    ഈ സംഗതി എനിക്കേറെ ഇഷ്ടായി. ഒന്നു നന്നായി റീവൈന്റ്‌ ചെയ്തുനോക്കി. വലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ല. ആർക്കും ദ്രോഹവും ചെയ്തിട്ടില്ല. കഴിഞ്ഞ ജന്മത്തെപ്പറ്റി അറിയില്ലല്ലോ. എന്തായാലും പ്രാർത്ഥന ഇവ്വിധമാക്കി.
    "ഞാനെന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിലതു മുൻനിർത്തി എല്ലാരെയും കാത്തോളണേ. എന്റെ തെറ്റിനു മറ്റുള്ളവരെ ശിക്ഷിക്കരുതേ. അറിയാതെയോ അറിഞ്ഞോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനും മാപ്പ്‌ തരണേ."
    ഇന്നിപ്പോൾ ഞാൻ പ്രാർത്ഥിക്കാറില്ല. ദൈവങ്ങൾ എന്നെയും ഞാൻ ദൈവങ്ങളെയും തള്ളിപ്പറഞ്ഞിട്ടു കാലമേറെയായി. എന്റെ പ്രാർത്ഥനകളൊന്നുമേ ചെവിക്കൊള്ളാത്ത ദൈവം എന്നെപ്പോലെതന്നെ നിസ്സഹായനെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ ദൈവത്തിനു സ്വൈര്യം കൊടുത്തു. ഇനിയെന്തെങ്കിലുമുണ്ടോ തരാൻ എന്ന് ആക്ഷേപിക്കാൻ പാകത്തിനുള്ള കളിക്കൂട്ടുകാർ മാത്രമായി ഞങ്ങൾ.
    എന്തുകൊണ്ടു പ്രാർത്ഥിക്കേണ്ടി വരുന്നു?
    ഇന്നിപ്പോൾ അനുഗ്രഹം നേടിക്കളയാമെന്നുകരുതിയല്ലല്ലോ എന്റെ പ്രാർത്ഥന! അറിയാതെ ആരെയെങ്കിലും നോവിച്ചുവെങ്കിൽ, അവരോടു ചെയ്യുന്ന ഒരു മാപ്പപേക്ഷ. അവരുടെ നോവ്‌ മാറിയെന്നറിഞ്ഞാലേ ഒന്നു സ്വസ്ഥമായി കണ്ണടയ്ക്കാനാകൂ എന്ന വലിയ അറിവിൽ നിന്നും ഉണ്ടാകുന്ന നിരന്തരമായ കൈകൂപ്പൽ. അതാണിന്നെന്റെ പ്രാർത്ഥന.
    തെറ്റുചെയ്യാതിരിക്കാൻ ഞാനുമീശ്വരനല്ല. ചെയ്യുന്ന തെറ്റുകളാകട്ടേ, മാനുഷികവുമല്ല. ചെയ്തതെറ്റുകൾക്ക്‌ മാപ്പുതരാനുള്ള പ്രാർത്ഥന ഈശ്വരനെക്കാളും മഹത്തരമായ ഹൃദയം സൂക്ഷിക്കുന്ന പ്രിയപ്പെട്ടവരോടാകുമ്പോൾ പ്രാർത്ഥന സഫലമാകുമെന്നു നൂറുവട്ടമുറപ്പുള്ളതിനാൽ വീണ്ടും വീണ്ടുമപേക്ഷ. മാപ്പ്‌.
    പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ എല്ലാ പ്രാർത്ഥനകളും ഫലവത്താകുന്നു. മറ്റുള്ളവരുടെ തെറ്റുകളോടു ഞാൻ പൊറുക്കുന്നതുപോലെ, എന്തെങ്കിലും നന്മ ഞാനാർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ നന്മയെ മുൻനിർത്തി എന്നോടു ക്ഷമിക്കണേ!.
    ഓം ശാന്തി! ശാന്തി! ശാന്തി!