Sunday, 24 August 2014

ഇനി വേറൊരു സ്വപ്നത്തിന്റെ കഥ പറയട്ടെ....


ഒരു നാല് വയസ്സുകാരി എന്നും ഒരു അതിഭീകരസ്വപ്നം കാണും. അവളെ സംബന്ധിച്ചിടത്തോളം അത്യതിഭീകരം. അത് കാരണം അവൾക്കു രാത്രി ഉറങ്ങാൻ പോകാൻ കൂടി ഇഷ്ടമല്ല. സ്വപ്നം എന്താണെന്നോ? സ്വപ്നത്തിൽ അവളൊരു വലിയ കാട്ടിൽ ഒരു വൻവൃക്ഷത്തിന്റെ കീഴിലാണ്. അപ്പോൾ ആ വൃക്ഷത്തിൽ നിന്നും ഒരു കാട്ടാളൻ ഇറങ്ങി വരും അവളുടെ അടുത്തേക്ക്. എന്നിട്ട് പറയും, എത്രയും വേഗം ഈ മരത്തിലെ ഇലകളുടെ എണ്ണം പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു കൊണ്ട് പോകും. അവൾ പകച്ചു നിൽക്കും. പിന്നെ കരഞ്ഞു കൊണ്ടോടും. ആ ഓട്ടത്തിലും വെപ്രാളത്തിലും അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. തന്റെ നിസ്സഹായാവസ്ഥയിൽ വല്ലാതെ സങ്കടപ്പെട്ടു ഉറങ്ങാതെ കിടക്കും.

നാലഞ്ചു ദിവസം ആയപ്പോൾ ഒരു ദിവസം ഭയം കാരണം അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല. അവൾ പതിയെ എണീറ്റ്‌ അച്ഛനും അമ്മയും ഉറങ്ങുന്ന കട്ടിലിന്റെ അടുത്തു പോയി അച്ഛന്റെ കാലിനടുത്തായി മിണ്ടാതെ നിന്നു. എത്രയോ നേരത്തിനു ശേഷം എങ്ങനെയോ ഉണർന്നുപോയ അച്ഛൻ ഇരുട്ടിൽ അനങ്ങാതെ നിൽക്കുന്ന ആ ചെറിയ രൂപത്തെ കണ്ടു ഒന്ന് ഞെട്ടി. പിന്നെ പതിയെ വിളിച്ചു,
"ലക്ഷ്മീ".
അവൾ പതിയെ അതിഭയങ്കരമായ സങ്കടത്തോടെ മൂളി. "ഊം......... "

അച്ഛൻ അടുത്തേക്ക് വിളിച്ചു കാര്യം തിരക്കി. അമ്മ എണീറ്റ്‌ ലൈറ്റിട്ടു. വെള്ളമൊക്കെ തന്നു. അവൾ അച്ഛനോട് സ്വപ്നത്തിന്റെ കാര്യം പറഞ്ഞു. അച്ഛൻ അവൾക്കൊരു ഉപായം പറഞ്ഞുകൊടുത്തു. "ഈ കാട്ടാളന്മാരൊന്നും ലക്ഷ്മിയെപ്പോലെ സ്കൂളിലൊന്നും പോകാറില്ല. അത് കൊണ്ട് അവർക്ക് എണ്ണാനും അറിയില്ല. ഇനി രാക്ഷസൻ ചോദിക്കുമ്പോൾ ആ മരത്തിൽ കാക്കത്തൊള്ളായിരം ഇലകൾ ഉണ്ടെന്നു പറയണം. എണ്ണിനോക്കാനും പറയണം. അപ്പോൾ രാക്ഷസൻ പേടിച്ചുഓടിക്കൊള്ളും."

അവൾ ഉറങ്ങാൻ പോയി. അന്നും വന്നു രാക്ഷസൻ. അവൾ അച്ഛൻ പറഞ്ഞത് പോലെ പറഞ്ഞു. എണ്ണാനറിയാത്ത രാക്ഷസൻ പേടിച്ചു ഓടിക്കളഞ്ഞു.

പിന്നെ ഇന്നേവരെ ഒരു രാക്ഷസനേം ഞാൻ സ്വപ്നത്തിൽ കണ്ടിട്ടില്ല.
പിന്നെ കുറെ കാലം ആനകളായിരുന്നു. അവറ്റകളുടെ കൊമ്പിൽ കോർക്കാതെ ഓടിയോടി ഒരു പരുവമായി.
പിന്നെ പാമ്പുകൾ. അതും കരിമൂർഖന്മാർ. അവർ പിന്നെ ഉപദ്രവിക്കാനൊന്നും വരില്ല. എല്ലാം എന്റെ ചങ്ങാതിമാരാ. എന്നാലും ഒരായിരം കരിമൂർഖന്മാരെ ഒന്നിച്ചു കാണുമ്പോഴുള്ള ആ ഒരു ഭീതിയുള്ള ഉൾപ്പുളകം ഇന്നുമെനിക്കു സ്വന്തം.

ഇപ്പോ പിന്നെ ....... ആ പാട്ടൊന്നു മാറ്റി പാടുന്നു .....

"സ്വപ്നങ്ങൾക്കിന്നു ഞാനവധി കൊടുത്തു...."

No comments:

Post a Comment