പാറുവതി.............
ഇന്നെഴുതാൻ പോകുന്നത് ഒരു സ്മരണയെപറ്റിയാണ്. "സ്മരണ വേണം, സ്മരണ" എന്നു ഏതോ മഹാൻ പറഞ്ഞത് ഞാൻ മറക്കാതെ സ്മരിക്കുന്നുണ്ട്.
ഇന്നത്തെ സ്മരണ പാർവ്വതിയെ പറ്റിയാണ്. പാർവ്വതിയെന്നാൽ പാറുവതി. പണ്ടത്തെ ഒരു ശൈലിയിൽ പറഞ്ഞാൽ "ചങ്കരന്റെ തള്ള പാറുവതി".
പാറുവതിയെന്നാൽ എന്റെ ചിന്തയിൽ അനാദിയായ കാലം മുതൽ എന്റെ അച്ഛന്റെ തറവാട്ടിലെ മുറ്റമടിക്കാരി. ഞാൻ കാണുമ്പോൾ പാറുവതി കുനിഞ്ഞുകിടന്നു മുറ്റമടിക്കുകയാണ്. എന്നും രാവിലെ. പാറുവതി മുറ്റമടിച്ചാൽ ഒരു കൊല്ലം കൊണ്ട് മുറ്റം ഒരടി താഴും. മുറ്റത്തെ ചപ്പും ചവറും മാത്രമല്ല, മണ്ണും ചരലുമെല്ലാം പാറുവതീടെ ചൂലിൽ നീങ്ങും. മുറ്റം മൊസയ്ക്കിട്ടതുപോലെ തിളങ്ങിവിളങ്ങും. ഒരു കൊല്ലം കഴിയുമ്പോൾ പാറുവതി ചവറടിച്ചു കൂട്ടിയയിടത്ത് ഒരു കുന്നും കൂടിയുണ്ടാകും. മുറ്റത്തു നിന്നും തൂത്തുകൂട്ടിയ മണ്ണിന്റെ ഒരു കുന്ന്.
ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ആണെങ്കിലെന്ത്? പാറുവതി സുന്ദരിയായിരുന്നു. നല്ല നിറവും പുഞ്ചിരിയും. ഞാൻ കാണുമ്പോഴേക്കും ഒരുവിധം വയസ്സായിരുന്നു. അപ്പോഴും നേരിയ കസവുകരയുള്ള നേര്യതും ചുറ്റി വരുന്ന പാറുവതിക്ക് എന്തൊരു ഭംഗി!
പാറുവതിയെ പഴമക്കാർ "ഉരുപ്പടി" എന്നാണ് വിളിച്ചിരുന്നത്. ഛേ.. നിങ്ങൾ വിചാരിച്ച ഉരുപ്പടി അല്ലാ ഈ ഉരുപ്പടി. വെറും പാവപ്പെട്ട കുടുംബത്തിലെ പെണ്ണായ പാർവ്വതിയെ ചങ്കരന്റെ അപ്പൻ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ കാതിലും കഴുത്തിലും പൊന്നൊന്നും കാണാത്തതുകൊണ്ട് നാട്ടുകാരാരോ ചോദിച്ചു, "ഉരുപ്പടിയൊന്നുമില്ലേ?"
നാട്ടുകാരെയും പാറുവതിയെയും ഞെട്ടിച്ചുകൊണ്ട് റൊമാന്റിക് ഹീറോയുടെ മറുപടി, "അവങ്ക താൻ ഒരു ഉരുപ്പടി! ഇനിയെതുക്ക് വേറേ ഉരുപ്പടി?" അങ്ങനെ പാറുവതി പത്തരമാറ്റ് ഉരുപ്പടിയായി. മരിക്കുവോളം.
ഇന്നും അർത്ഥമറിയാത്ത ഒരു പദം കൊണ്ടാണ് പാറുവതി അമ്മയെയും കുടുംബത്തിലെ മറ്റു സ്ത്രീകളെയും സംബോധന ചെയ്തിരുന്നത്. "അമ്മീങ്കരേ"ന്ന്. അമ്മൂമ്മയെ വല്യമ്മീങ്കരേന്നും. കണ്ണുതെറ്റിയാൽ പറമ്പിലെ തൈതെങ്ങുകളിൽ നിന്നും ഓലത്തുമ്പുകളറുത്തു വീട്ടിലെ ആടുകൾക്ക് ആഹാരമുണ്ടാക്കുന്ന പാറുവതിയും അതിനെതിരെ "ഇതുകുറേ അന്യായം തന്നേ പാറുവതീ" എന്ന് ദേഷ്യപ്പെടുന്ന അമ്മയും ചെറുപ്പത്തിലെ നിത്യകാഴ്ചയായിരുന്നു. "എന്നാ അമ്മീങ്കരേ" എന്നൊരു ചോദ്യവുമെറിഞ്ഞ് പാറുവതി കൂളായി നടന്നങ്ങുപോകും.
മൂത്ത മകനും ഭർത്താവും മരിച്ചുപോയ പാറുവതിയോട് എനിക്കെന്തോ കുഞ്ഞുനാളിലേ വലിയ സഹതാപമായിരുന്നു. എന്നാലും മോഷണമൊക്കെ കാണുമ്പോൾ ദേഷ്യവും തോന്നിയിരുന്നു. എന്നാലും പാവം. ദാരിദ്ര്യത്തിന്റെ ഭാരത്തിൽ നട്ടെല്ലൊടിഞ്ഞു കുനിഞ്ഞുപോയ പാറുവതിയോട് അമ്മ കാണിക്കുന്ന അലിവിൽ എനിക്കും എന്തൊക്കെയോ മനസ്സിലാവുകയും ഞാനും അലിവ് കാണിക്കുകയും ചെയ്തുപോന്നു.
പണ്ട്, വൈകീട്ടായിരുന്നു ചന്തയിൽ നിന്നും മീൻ വാങ്ങുക. ഉച്ചക്ക് മുക്കുവത്തി കൊണ്ടുവരും. ഞങ്ങളുടെ അടുത്ത കടപ്പുറം കൊല്ലംകോട് ആണ്. അവിടെ നിന്നും കാൽനടയായി വരുന്ന മുക്കുവത്തികൾ നല്ല "പച്ചമീൻ" കൊണ്ടുവന്നിരുന്നു. വൈകുന്നേരം പാറുവത് ചന്തയിൽ നിന്നും മീൻ വാങ്ങി വരും. അമ്മ കൊടുക്കുന്ന ചില്ലറയാണ് പ്രതിഫലം. പിന്നെ കഴിക്കാനെന്തെങ്കിലും കൊടുക്കും.
അന്ന് പാറുവതീടെ അടുത്തുപോയി ആ ചെറിയ പനയോലപ്പെട്ടിയിൽ എത്തിനോക്കുക എന്റെ ഇഷ്ടവിനോദമായിരുന്നു. അതിൽ കുറച്ചു മീൻ, രണ്ടു മൂന്നു വെറ്റില, രണ്ടോ മൂന്നോ കഷണം പാക്ക്, പുകയില, ഒരു വെറ്റിലയിൽ തേച്ചു പിടിപ്പിച്ച സ്വൽപ്പം ചുണ്ണാമ്പ്, പിന്നെ എന്തെങ്കിലും അൽപം പച്ചക്കറികൾ, ഒക്കെ കാണും. എന്നും എവിടെ നിന്നാണ് പാറുവതി സന്ധ്യക്ക് വരുന്നതെന്ന് അറിയാമെങ്കിലും വീടിന്റെ മുൻവശത്തു വച്ചാണ് പാറുവതിയെ കാണുന്നതെങ്കിൽ ഞാൻ ചോദിക്കും, "എവിടെ പോയി പാറോതീ?"
"അന്തിക്കടയ്ക്ക് പോയീറ്റു വരണേ" ന്നു പാറുവതീടെ സ്ഥിരം മറുപടി. കുറച്ചു വളർന്നപ്പോൾ ചോദ്യം ഞാനൊന്നു മാറ്റിപിടിച്ചു, "മീനുണ്ടോ പാറുവതീ?" "ഓ, ഉണ്ട്, "ഒന്നുമില്ലിയേ" ഇങ്ങനെയെന്തെങ്കിലും ഒരു മറുപടി. തൃപ്തിയാകും.
മകൻ ചങ്കരൻ (ചങ്കരനായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ കൗബോയ്!!!) കള്ളും കുടിച്ച് തലയടിച്ചുവീണു മരിച്ചപ്പോൾ പാറുവതീടെ വയസ്സുകാലം ഒന്നുകൂടെ ദുരിതപൂർണ്ണമായി. പാറുവതി ഒന്നുകൂടെ ചെറുതാകുകയും മുഖം വല്ലാതെ വാടുകയും ചെയ്തു.
തീരെ വയ്യാതാകുന്നതുവരെ മുറ്റമടിക്കാനെത്തി പാറുവതി. ഒരു പത്തുകൊല്ലം മുൻപ് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പാറുവതി മരിച്ചപ്പോൾ നഷ്ടപ്പെട്ടത് അമ്മയ്ക്കായിരുന്നു. പത്തുമുപ്പതു വർഷങ്ങളായി അമ്മയുടെ അടുക്കളപ്പുറത്തെ ആളനക്കം, മുറ്റത്തിന്റെ കണ്ണാടിമിനുസ്സം, അമ്മീങ്കരേന്നുള്ള മൃദുവായ ആ വിളി.. അതൊക്കെ ഒരു ഗൃഹാതുരസ്മരണകളാണ്.
എന്തിനാണിന്നു ഞാൻ പാറുവതിയെ സ്മരിച്ചതെന്നറിയില്ല. മിക്കവാറും ഓർക്കാറുണ്ട് എന്നും വെളുപ്പിന് ഞങ്ങളുടെ മുറ്റത്തുണ്ടായിരുന്ന ആ ഐശ്വരുമുള്ള ഉരുപ്പടിയെ. ഇന്നെന്തോ നിങ്ങളോടു പറയാൻ തോന്നി. സ്മരണ വേണമല്ലോ സ്മരണ.

No comments:
Post a Comment