Sunday, 24 August 2014

വിഷക്കനി................... 


അതിമനോഹരമായ പൂക്കളും, തളിരിലകളും, തുടുത്ത പഴങ്ങളും ലോലവള്ളികൾ പോലുള്ള താരും തണ്ടുമായി അവളൊരു മനോഹരിയായ ചെടിയാണെന്ന് അവളോടു പറഞ്ഞത്‌ ആ കിളികൾ തന്നെയാണ്‌. അവർക്കേറെയിഷ്ടമാണവളുടെ ചാഞ്ഞകൊമ്പിൽ ഊഞ്ഞലാടാൻ. പാട്ടുപാടാൻ. അവൾക്കുമിഷ്ടമാണവരെ. മടുപ്പിക്കുന്ന, വിരസമായ ജീവിതത്തിൽ അവർ നിറയ്ക്കുന്ന സംഗീതം അവൾക്കേറെ പ്രിയപ്പെട്ടതാണ്‌. സ്വയംമറന്നവൾ അവരുടെ പാട്ടിലും കൊഞ്ചലിലും മുഴുകിയങ്ങനെ നിൽക്കും. എന്നാൽ, അതിനിടയിലും അവളുടെ ഇടനെഞ്ചിൽ കൊള്ളിയാൻ മിന്നും. അതെന്താണെന്നോ? ചില കുഞ്ഞിക്കിളികൾ അവളുടെ പഴങ്ങൾ തിന്നാനടുക്കും. അവൾക്കല്ലേ അറിയൂ അവ വിഷക്കനികളാണെന്ന്. വേദനയോടെ ചില്ലകളാട്ടി അവളവരെ അകറ്റുമ്പോൾ അവരിൽ ചിലർ പിണങ്ങും, ചിലർ പരിഭവിക്കും, മറ്റു ചിലർ കണ്ണുരുട്ടും, മറ്റു ചിലരാകട്ടെ,എത്രയാട്ടിയാലും പോകാതെ ചുറ്റിപ്പറ്റിപ്പറക്കും, വാശിയോടെ, അവ ഭക്ഷിച്ചേയടങ്ങൂ എന്ന നിർബന്ധബുദ്ധിയോടെ.... അവരോടവൾ വേദനയോടെ പറയും, ആ വിഷപ്പഴം കഴിച്ചവർ പിടഞ്ഞുവീഴുന്നത്‌ കാണാൻ അവൾക്കു വയ്യാന്ന്, അതിനേക്കാൾ ഭേദം സ്വയം ഒടുങ്ങുന്നതാണെന്ന്. അവളുടെ കണ്ണീരോടെയുള്ള അപേക്ഷക്കൊടുവിൽ കുഞ്ഞിക്കിളികൾ വേദനയോടെ വിടപറയുമ്പോളവൾ വിചാരിക്കും. "നിങ്ങളെ എനിക്കെത്ര ഇഷ്ടമാണെന്നോ? നിങ്ങൾക്കാപത്ത്‌ വരുന്നത്‌ എനിക്കു ചിന്തിക്കാനേ വയ്യ. അതിനേക്കാൾ ഭേദം ഞാൻ വീണുമണ്ണടിയുന്നതാ...."  — 

No comments:

Post a Comment