Showing posts with label ഞാനും എന്റേതും.......... :). Show all posts
Showing posts with label ഞാനും എന്റേതും.......... :). Show all posts

Sunday, 24 August 2014

ദത്തുപുത്രി


"മാമിക്കെന്താ വാവയില്ലാത്തത്‌ അമ്മാ?"

"അത്‌.…… അത്‌.…… അത്‌ മാമി ശരിക്കും ആഹാരം കഴിക്കാത്തതു കൊണ്ടാണ്‌. കണ്ടിട്ടില്ലേ, മാമി ചോറുണ്ണുകയേയില്ല. മക്കളു നിറച്ചു ചോറുണ്ണണം കേട്ടോ. എന്നാലേ മക്കളുണ്ടാവൂ" 

പിറ്റേ ദിവസം മുതൽ നാലുവയസ്സുകാരി മാതു കൂടുതൽ ചോറുണ്ടു. മാമിയെ ഉപദേശിച്ചു, "മാമീ, നിറയെ ആഹാരം കയിച്ചാലേ വാവയുണ്ടാവൂ കേട്ടോ "

"ആണോ മോളേ? എന്റെ മാതൂന്‌ എല്ലാം അറിയാല്ലോ" മാമി മാതുവിനെ കെട്ടിപ്പിടിച്ചു. മാതുവിന്‌ മാമിയോട്‌ വല്ലാത്ത സ്നേഹം തോന്നി. മാതു മാമിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
"ഊം? എന്താണൊരു കള്ളച്ചിരി?"

"മാമീ,.. ഞാനൊരു ഐഡിയ പറയട്ടെ?"

"പറഞ്ഞോ"

"മാമി എന്നെ മോളായി അങ്ങെടുത്തോ.... ഞാനിനി അമ്മാന്നു വിളിച്ചോളാം"
പെട്ടെന്നുള്ള ഒരാന്തലിൽ പിടച്ചുപോയ ഹൃദയത്തെ അടക്കിനിർത്താൻ പാടുപ്പെട്ടുകൊണ്ട്‌ മാമി ചോദിച്ചു.
"അപ്പോ മാതൂന്റെ അമ്മ പാവമല്ലേ? മോളെക്കാണാതെ അമ്മയ്ക്ക്‌ സങ്കടം വരില്ലേ?

"ഓ...... അമ്മയ്ക്കു വേണോങ്കിൽ വേറേ പ്രസവിക്കാല്ലോ. അമ്മ നിറച്ച്‌ ചോറ്‌ കഴിക്കുമല്ലോ.." ഒന്നു നിർത്തി അവൾ തുടർന്നു.. " അല്ലെങ്കിൽ അമ്മേം അച്ഛനും കൂടി ഒരു വാവേ ദത്തെടുക്കട്ടേ.."

"അപ്പോൾ മാതൂന്റെ അച്ഛന്റെ നെഞ്ചിൽ ആ വാവ കിടന്നുറങ്ങില്ലേ? രാത്രി മാതു മാമീടെ അടുത്തു കിടക്കുമ്പോൾ ആ വാവ അമ്മേടേം അച്ഛന്റേം നടുക്കു കിടന്നുറങ്ങും, അല്ലേ?"

മാതു കുറച്ചു സമയം മാമിയുടെ കണ്ണിൽത്തന്നെ നോക്കി ആലോചനയിലാണ്ടുനിന്നു.

"എന്താ ആലോചിക്കണേ മാതൂസേ?"

"മാമീ, ഞാൻ വീട്ടിലൊന്നു പോയിട്ടു വരട്ടേ? അച്ഛനും അമ്മയും എന്തു ചെയ്യുണൂന്നു നോക്കീട്ടു വന്നാലോ? അവരിനി എന്നെ കളഞ്ഞിട്ടു പോയിക്കാണുമോ?"

പോകണ്ടാന്നു പറഞ്ഞാലും അവൾ പോകും. അതുകൊണ്ടു ഉം എന്നു പറഞ്ഞു. " ഞാൻ വരാം കേട്ടോ ..." പടിയിറങ്ങിയോടുമ്പോൾ അവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പാറുവതി.............  




ഇന്നെഴുതാൻ പോകുന്നത്‌ ഒരു സ്മരണയെപറ്റിയാണ്‌. "സ്മരണ വേണം, സ്മരണ" എന്നു ഏതോ മഹാൻ പറഞ്ഞത്‌ ഞാൻ മറക്കാതെ സ്മരിക്കുന്നുണ്ട്‌. 

ഇന്നത്തെ സ്മരണ പാർവ്വതിയെ പറ്റിയാണ്‌. പാർവ്വതിയെന്നാൽ പാറുവതി. പണ്ടത്തെ ഒരു ശൈലിയിൽ പറഞ്ഞാൽ "ചങ്കരന്റെ തള്ള പാറുവതി".

പാറുവതിയെന്നാൽ എന്റെ ചിന്തയിൽ അനാദിയായ കാലം മുതൽ എന്റെ അച്ഛന്റെ തറവാട്ടിലെ മുറ്റമടിക്കാരി. ഞാൻ കാണുമ്പോൾ പാറുവതി കുനിഞ്ഞുകിടന്നു മുറ്റമടിക്കുകയാണ്‌. എന്നും രാവിലെ. പാറുവതി മുറ്റമടിച്ചാൽ ഒരു കൊല്ലം കൊണ്ട്‌ മുറ്റം ഒരടി താഴും. മുറ്റത്തെ ചപ്പും ചവറും മാത്രമല്ല, മണ്ണും ചരലുമെല്ലാം പാറുവതീടെ ചൂലിൽ നീങ്ങും. മുറ്റം മൊസയ്ക്കിട്ടതുപോലെ തിളങ്ങിവിളങ്ങും. ഒരു കൊല്ലം കഴിയുമ്പോൾ പാറുവതി ചവറടിച്ചു കൂട്ടിയയിടത്ത്‌ ഒരു കുന്നും കൂടിയുണ്ടാകും. മുറ്റത്തു നിന്നും തൂത്തുകൂട്ടിയ മണ്ണിന്റെ ഒരു കുന്ന്.

ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ആണെങ്കിലെന്ത്‌? പാറുവതി സുന്ദരിയായിരുന്നു. നല്ല നിറവും പുഞ്ചിരിയും. ഞാൻ കാണുമ്പോഴേക്കും ഒരുവിധം വയസ്സായിരുന്നു. അപ്പോഴും നേരിയ കസവുകരയുള്ള നേര്യതും ചുറ്റി വരുന്ന പാറുവതിക്ക്‌ എന്തൊരു ഭംഗി!

പാറുവതിയെ പഴമക്കാർ "ഉരുപ്പടി" എന്നാണ്‌ വിളിച്ചിരുന്നത്‌. ഛേ.. നിങ്ങൾ വിചാരിച്ച ഉരുപ്പടി അല്ലാ ഈ ഉരുപ്പടി. വെറും പാവപ്പെട്ട കുടുംബത്തിലെ പെണ്ണായ പാർവ്വതിയെ ചങ്കരന്റെ അപ്പൻ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ കാതിലും കഴുത്തിലും പൊന്നൊന്നും കാണാത്തതുകൊണ്ട്‌ നാട്ടുകാരാരോ ചോദിച്ചു, "ഉരുപ്പടിയൊന്നുമില്ലേ?"

നാട്ടുകാരെയും പാറുവതിയെയും ഞെട്ടിച്ചുകൊണ്ട്‌ റൊമാന്റിക്‌ ഹീറോയുടെ മറുപടി, "അവങ്ക താൻ ഒരു ഉരുപ്പടി! ഇനിയെതുക്ക്‌ വേറേ ഉരുപ്പടി?" അങ്ങനെ പാറുവതി പത്തരമാറ്റ്‌ ഉരുപ്പടിയായി. മരിക്കുവോളം.

ഇന്നും അർത്ഥമറിയാത്ത ഒരു പദം കൊണ്ടാണ്‌ പാറുവതി അമ്മയെയും കുടുംബത്തിലെ മറ്റു സ്ത്രീകളെയും സംബോധന ചെയ്തിരുന്നത്‌. "അമ്മീങ്കരേ"ന്ന്. അമ്മൂമ്മയെ വല്യമ്മീങ്കരേന്നും. കണ്ണുതെറ്റിയാൽ പറമ്പിലെ തൈതെങ്ങുകളിൽ നിന്നും ഓലത്തുമ്പുകളറുത്തു വീട്ടിലെ ആടുകൾക്ക്‌ ആഹാരമുണ്ടാക്കുന്ന പാറുവതിയും അതിനെതിരെ "ഇതുകുറേ അന്യായം തന്നേ പാറുവതീ" എന്ന് ദേഷ്യപ്പെടുന്ന അമ്മയും ചെറുപ്പത്തിലെ നിത്യകാഴ്ചയായിരുന്നു. "എന്നാ അമ്മീങ്കരേ" എന്നൊരു ചോദ്യവുമെറിഞ്ഞ്‌ പാറുവതി കൂളായി നടന്നങ്ങുപോകും.

മൂത്ത മകനും ഭർത്താവും മരിച്ചുപോയ പാറുവതിയോട്‌ എനിക്കെന്തോ കുഞ്ഞുനാളിലേ വലിയ സഹതാപമായിരുന്നു. എന്നാലും മോഷണമൊക്കെ കാണുമ്പോൾ ദേഷ്യവും തോന്നിയിരുന്നു. എന്നാലും പാവം. ദാരിദ്ര്യത്തിന്റെ ഭാരത്തിൽ നട്ടെല്ലൊടിഞ്ഞു കുനിഞ്ഞുപോയ പാറുവതിയോട്‌ അമ്മ കാണിക്കുന്ന അലിവിൽ എനിക്കും എന്തൊക്കെയോ മനസ്സിലാവുകയും ഞാനും അലിവ്‌ കാണിക്കുകയും ചെയ്തുപോന്നു.

പണ്ട്‌, വൈകീട്ടായിരുന്നു ചന്തയിൽ നിന്നും മീൻ വാങ്ങുക. ഉച്ചക്ക്‌ മുക്കുവത്തി കൊണ്ടുവരും. ഞങ്ങളുടെ അടുത്ത കടപ്പുറം കൊല്ലംകോട്‌ ആണ്‌. അവിടെ നിന്നും കാൽനടയായി വരുന്ന മുക്കുവത്തികൾ നല്ല "പച്ചമീൻ" കൊണ്ടുവന്നിരുന്നു. വൈകുന്നേരം പാറുവത്‌ ചന്തയിൽ നിന്നും മീൻ വാങ്ങി വരും. അമ്മ കൊടുക്കുന്ന ചില്ലറയാണ്‌ പ്രതിഫലം. പിന്നെ കഴിക്കാനെന്തെങ്കിലും കൊടുക്കും.

അന്ന് പാറുവതീടെ അടുത്തുപോയി ആ ചെറിയ പനയോലപ്പെട്ടിയിൽ എത്തിനോക്കുക എന്റെ ഇഷ്ടവിനോദമായിരുന്നു. അതിൽ കുറച്ചു മീൻ, രണ്ടു മൂന്നു വെറ്റില, രണ്ടോ മൂന്നോ കഷണം പാക്ക്‌, പുകയില, ഒരു വെറ്റിലയിൽ തേച്ചു പിടിപ്പിച്ച സ്വൽപ്പം ചുണ്ണാമ്പ്‌, പിന്നെ എന്തെങ്കിലും അൽപം പച്ചക്കറികൾ, ഒക്കെ കാണും. എന്നും എവിടെ നിന്നാണ്‌ പാറുവതി സന്ധ്യക്ക്‌ വരുന്നതെന്ന് അറിയാമെങ്കിലും വീടിന്റെ മുൻവശത്തു വച്ചാണ്‌ പാറുവതിയെ കാണുന്നതെങ്കിൽ ഞാൻ ചോദിക്കും, "എവിടെ പോയി പാറോതീ?"

"അന്തിക്കടയ്ക്ക്‌ പോയീറ്റു വരണേ" ന്നു പാറുവതീടെ സ്ഥിരം മറുപടി. കുറച്ചു വളർന്നപ്പോൾ ചോദ്യം ഞാനൊന്നു മാറ്റിപിടിച്ചു, "മീനുണ്ടോ പാറുവതീ?" "ഓ, ഉണ്ട്‌, "ഒന്നുമില്ലിയേ" ഇങ്ങനെയെന്തെങ്കിലും ഒരു മറുപടി. തൃപ്തിയാകും.

മകൻ ചങ്കരൻ (ചങ്കരനായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ കൗബോയ്‌!!!) കള്ളും കുടിച്ച്‌ തലയടിച്ചുവീണു മരിച്ചപ്പോൾ പാറുവതീടെ വയസ്സുകാലം ഒന്നുകൂടെ ദുരിതപൂർണ്ണമായി. പാറുവതി ഒന്നുകൂടെ ചെറുതാകുകയും മുഖം വല്ലാതെ വാടുകയും ചെയ്തു.

തീരെ വയ്യാതാകുന്നതുവരെ മുറ്റമടിക്കാനെത്തി പാറുവതി. ഒരു പത്തുകൊല്ലം മുൻപ്‌ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പാറുവതി മരിച്ചപ്പോൾ നഷ്ടപ്പെട്ടത്‌ അമ്മയ്ക്കായിരുന്നു. പത്തുമുപ്പതു വർഷങ്ങളായി അമ്മയുടെ അടുക്കളപ്പുറത്തെ ആളനക്കം, മുറ്റത്തിന്റെ കണ്ണാടിമിനുസ്സം, അമ്മീങ്കരേന്നുള്ള മൃദുവായ ആ വിളി.. അതൊക്കെ ഒരു ഗൃഹാതുരസ്മരണകളാണ്‌.

എന്തിനാണിന്നു ഞാൻ പാറുവതിയെ സ്മരിച്ചതെന്നറിയില്ല. മിക്കവാറും ഓർക്കാറുണ്ട്‌ എന്നും വെളുപ്പിന്‌ ഞങ്ങളുടെ മുറ്റത്തുണ്ടായിരുന്ന ആ ഐശ്വരുമുള്ള ഉരുപ്പടിയെ. ഇന്നെന്തോ നിങ്ങളോടു പറയാൻ തോന്നി. സ്മരണ വേണമല്ലോ സ്മരണ. 

പഞ്ചസാര...........  


പണ്ട് പണ്ട്.......

എന്നു വച്ചാൽ ഞാൻ രണ്ടിലും എന്റെ അനിയൻ ഒന്നിലും പഠിക്കുന്ന കാലം.

അന്നൊക്കെ വീട്ടില് പഞ്ചസാര, അരി ഒക്കെ തീർന്നാൽ അമ്മ ഞങ്ങളിൽ ഒരാളെ കുറച്ചപ്പുറത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് ഗ്ളാസും തന്നു റോഡരികത്തുകൂടി പറഞ്ഞയയ്ക്കും. എന്നിട്ടമ്മ ഗേറ്റിൽ തന്നെ നിൽക്കും. വലിയമ്മ ഗ്ളാസ് നിറയെ പഞ്ചസാരയോ അരിയോ എന്താന്നുവച്ചാൽ തരും. അതുംകൊണ്ട് കളയാതെ "തുള്ളിത്തുളുമ്പി" നിൽക്കുന്ന ഗ്ളാസും പിടിച്ച് ഒരു വരവുണ്ട്. ഹോ! അന്നൊക്കെ ഒരു ഗ്ളാസ് പഞ്ചസാരയൊക്കെ ചുമന്നു വീടെത്തിക്കാൻ പെട്ടിരുന്ന പാടേയ് ! വല്ല വണ്ടിയും വന്നാൽപ്പിന്നെ അമ്മയുടെ ടെൻഷൻ കാണണം!

തിരികെയും ഉണ്ട് ഈ പരിപാടി. അവിടുന്നിങ്ങോട്ടും വരാറുണ്ട് ഒഴിഞ്ഞ ഗ്ളാസ് . തിരികെ കൊടുക്കുമ്പോൾ അളവ് തെറ്റാതിരിക്കാനാണ് ഈ സമ്പ്രദായം. അങ്ങനെ എന്ത് കൊടുത്താലും വാങ്ങിയാലും ഗ്ളാസിലേ പാടുള്ളൂ എന്നൊരു നിയമം ഞങ്ങളുടെ ഉള്ളിൽ കയറിക്കൂടി.

ഒരു ദിവസം ഞങ്ങളെ രണ്ടുപേരെയും വീട്ടിൽ തനിച്ചാക്കി അമ്മയും അച്ഛനും സ്കൂട്ടറിൽ കയറി എങ്ങോ പോയി. ഒരു കാരണവശാലും കതകുതുറന്നു പുറത്തുപോകരുതെന്നു പറഞ്ഞിരുന്നു. കണ്ണു തെറ്റിയാൽ മുറ്റത്തോ പറമ്പിലോ ആണല്ലോ രണ്ടും സദാസമയവും.

ഞാനന്ന് കസേരയിട്ട് കയറിനിന്നാണ് മുൻവശത്തെ കതകിന്റെ ഓടാമ്പലിട്ടത്.

അന്ന് സ്കൂളില്ലാത്ത ദിവസം ആയിരുന്നു. പഠിത്തമില്ലാത്ത ദിവസങ്ങളിൽ സ്വയംതൊഴിൽ കണ്ടെത്താൻ വീട്ടിൽ വരാറുള്ള രണ്ടു മൂന്നു പിള്ളാരുണ്ട് . ഞങ്ങളുടെ "പബ്ളിക് റിലേഷൻസ് ഓഫീസർ" കോവാലൻറെ ചേട്ടന്റെ രണ്ടു ചെറുമക്കൾ .

"അമ്മച്ചീ, ഈ പുല്ലു ഞങ്ങളു പറിക്കട്ടേ?"

"അമ്മച്ചീ, കോഴിയെ കൊല്ലണോ?"

"അമ്മച്ചീ, കടയിൽ പോണോ?"

ഇങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കും ... അവൻറെ പേരാണ് സുനു.

അമ്മ ചോദിക്കും, "നീയൊന്നു മിണ്ടാതിരിക്കാൻ നിനക്ക് എന്തു തരണം?"

എന്നാലും അമ്മക്കിഷ്ടമാണ് സുനുവിനെ. ഈ പറയുന്ന സുനുവിനു ഒരു പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാവൂ. എന്നാലും അധ്വാനിയാണ്

അന്ന് അമ്മ സുനുവിനും കൂട്ടുകാർക്കും പുല്ലു പറിക്കുന്ന പണി കൊടുത്തു. എന്നിട്ട് ഞങ്ങളെ നല്ല വിശ്വാസം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് കാവലായി അവരെയും പറഞ്ഞേൽപ്പിച്ചു, ഞങ്ങൾ പുറത്തിറങ്ങാതെ നോക്കണമെന്ന്.

"അത് നമ്മളേറ്റമ്മച്ചീ..... " സുനു വെളുക്കെ ചിരിച്ചു.

ഞങ്ങൾ രണ്ടുപേരും സുനുവും കൂട്ടരും പുല്ലു പറിക്കുന്ന മുറ്റത്തേക്കുള്ള ജനാലയിൽ പിടിച്ചു നിൽപ്പായി . അവർ എന്തൊക്കെയോ വലിയ കാര്യങ്ങൾ ഒക്കെയാണ് ചർച്ച. ഞങ്ങൾക്കൊന്നും മനസ്സിലായില്ല എങ്കിലും പുറത്തു പുല്ലു പറിക്കുന്നത്‌ ചില്ലറക്കാരല്ല, പുലികളാണെന്ന് മനസ്സിലായി.

ഇടക്ക് ഞങ്ങൾ അങ്ങോട്ടൊരു ഓഫർ വച്ചു, പുറത്തിറങ്ങട്ടേന്ന്. 'അമ്മയും അച്ഛനും വരുംമുൻപ് തിരികെ കയറിക്കൊള്ളാം. അതുവരെ ഞങ്ങൾ നിങ്ങൾ പുല്ലു പറിക്കുന്നത്‌ നോക്കിയിരുന്നുകൊള്ളാം.'

സുനു സമ്മതിച്ചില്ല.

അവരും ചെറിയ കുട്ടികൾ ആണെന്ന ബോധം ഞങ്ങളുടെ രണ്ടുപേരുടെയും ഉള്ളിലുണ്ടായിരുന്നു.ഞങ്ങൾ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ അവർ വെയിലത്ത് പണിയെടുക്കുന്നത് കാണുമ്പോൾ ഉള്ള ഒരു കുറ്റബോധം.

അങ്ങനെ കുറ്റബോധത്തിൽ വെന്തുനീറി ഇരിക്കുമ്പോഴാണ് സുനു പതിയെ വരുന്നു, ജനലിന്റെ അരികിലേക്ക്.

"മണിക്കുട്ടാ, നമുക്ക് കുറച്ച് പഞ്ചസാര തരുമോ തിന്നാൻ? കുറച്ച് മതി"

ഞങ്ങളുടെ ആഹ്ളാദം തിരതല്ലി. വെയിലത്ത് പണിയെടുക്കുന്ന അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമുള്ള അസുലഭാവസരം.

ഞങൾ അടുക്കളയിലേക്കോടി. ഒരു ഗ്ളാസ്‌ എടുത്തു, കസേരയെടുത്തിട്ട് കയറി നിന്ന് അലമാര തുറന്ന് പഞ്ചസാരടിൻ എടുത്തു ഒരു ഗ്ളാസ് നിറയെ പഞ്ചസാരയെടുത്തു. തിരികെ ജനലിന്റെ അരികിലെത്തി. ചെരിച്ചാൽ പഞ്ചസാര കളയും. ജനലഴിയുടെ ഇടയിലൂടെ അത് കളയാതെ അപ്പുറം എത്തിക്കാൻ കുറെ പാടുപെട്ടു.

സുനുവിന്റെയും കൂട്ടരുടെയും മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നു. അത്ഭുതം! അതിശയം!

അവർ ഒരു തണലിലിരുന്ന് പഞ്ചസാര ചെളിപിടിച്ച കൈയിൽതന്നെ തട്ടി തിന്നാൻ തുടങ്ങി. ആ ചെളി നക്കുന്നത് ഞങ്ങൾക്ക് അത്രയ്ക്ക് ബോധിച്ചില്ല. ഒരു ചെറിയ നിരാശ! പിന്നെ, മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ എന്തോ ഒരു പന്തികേടും!. എന്തെങ്കിലും കുഴപ്പമുണ്ടോ? ഇവരെന്തിനാണിങ്ങനെ നോക്കുന്നതും ചിരിക്കുന്നതും? അവർ പഞ്ചസാര തിന്നിട്ടു ഗ്ളാസ്‌ തിരികെത്തന്നു. അമ്മച്ചിയോട്‌ പറയണ്ടാ എന്നൊരു അപേക്ഷയും.

കുറേ കഴിഞ്ഞ് അമ്മയും അച്ഛനും മടങ്ങിയെത്തി. വൈകുന്നേരം ചായ ഉണ്ടാക്കുമ്പോൾ പഞ്ചസാരടിൻ എടുത്ത അമ്മ അതിശയിച്ചു.
ഇതിലിരുന്ന പഞ്ചസാരയോക്കെ എവിടെപ്പോയി?

അമ്മ ചോദിച്ചപ്പോൾ ഞങ്ങൾ സുനു പഞ്ചസാര ചോദിച്ചതും ഞങ്ങൾ കൊടുത്തതും ഒക്കെ വിവരിച്ചു. ഇതു കുറേ കടന്നകൈയായിപോയെന്നു അമ്മ നെടുവീർപ്പിട്ടു.

പിന്നീട് സുനുവിനെ കണ്ടപ്പോൾ അമ്മ ചോദിച്ചു, "ആ ഒരു ഗ്ളാസ്‌ പഞ്ചസാരയും നിങ്ങൾ തിന്നോടാ?"

"അതുപിന്നെ അവര് തന്നു, നമ്മളുതിന്നു"

"അവർ കൊച്ചല്ലേ? അവർക്കറിയാമോ അതൊക്കെ? " അമ്മയുടെ വാക്കുകളിൽ സുനു ക്ഷീണിച്ചുപോയി.

പിന്നീട് സ്വകാര്യത്തിൽ കണ്ടപ്പോൾ സുനു ഞങ്ങളോടു പറഞ്ഞു, "ഇത് ഒരുമാതിരി ഏർപ്പാടായിപ്പോയി . ഒരിത്തിരി പഞ്ചസാര ചോദിച്ചപ്പോൾ നിങ്ങളാണ് അത്രേം തന്നത്. എന്നിട്ട് അമ്മച്ചീടെ മുൻപിൽ ഞാൻ കള്ളൻ!"

അന്നുണ്ടായ ക്ഷീണം ഇന്നും മാറിയിട്ടില്ലാന്നു വേണം പറയാൻ.
അവസ്ഥാന്തരങ്ങൾ....



"ഈ ലോകത്തിലെ ഏറ്റവും വലിയ മൂന്നു മോശംവാക്കുകൾ പറയൂ."

"എന്നെക്കൊണ്ടു തെറി പറയിപ്പിക്കാനാണോ രാവിലെ ഭാവം?"

"തെറികൾ മോശമാകുന്നത്‌ അതിന്റെ രൂപം കൊണ്ടാണ്‌. ഞാൻ പറയുന്നത്‌ പ്രകൃതം കൊണ്ടും അനുഭവം കൊണ്ടും നമ്മെ മോശമാക്കുന്ന വാക്കുകളെപ്പറ്റിയാണ്‌."

"തെറിയും അങ്ങനെയല്ലേ?"

"അല്ലാ. തെറി വിളിക്കുകയും,പറയുകയും ചെയ്യുന്നവന്റെ ആത്മപ്രകാശനം മാത്രം. അതു കൊള്ളുന്നവന്‌ ഒരു തീപ്പൊരി കൊണ്ടു പൊള്ളുംപോലെ നൈമിഷികമായി ഒന്നു നീറും. പിന്നെയതു മാറും, മാറണം. അല്ലെങ്കിൽ കെട്ടവെള്ളം തെറിച്ചതുപോലെ ഒരുമാത്ര ദുർഗ്ഗന്ധമുണ്ടാകും, പിന്നെയതു മാറും, മാറണം. യഥാർത്ഥത്തിൽ പൊള്ളുന്നതും ദുർഗ്ഗന്ധം വമിക്കുന്നതും ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നതും ഇതൊന്നുമല്ല."

"പിന്നെന്താണ്‌?"

"അവ മൂന്നു വാക്കുകളാണ്‌. നിവൃത്തികേട്‌, നിസ്സഹായത, പിന്നെ അവഗണന."

"എന്താ അങ്ങനെ?"

"ഈ ലോകത്തെ എല്ലാ വേദനകളും ഇവയിൽ നിന്നും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടായവയാണ്‌. അവ അനുഭവിച്ചുകൊണ്ടിരിക്കുന്നവന്റെ ചുട്ടുനീറൽ, അതുണ്ടാക്കുന്ന വ്രണത്തിന്റെ ആഴവും പരപ്പും, അതിലടിയുന്ന പഴുപ്പും പുഴുക്കുത്തുകളും, കാലമേറെക്കഴിഞ്ഞാലും മായാതെ കരുവാളിച്ചുകിടക്കുന്ന മുറിപ്പാടുകൾ... "

"ഒരുപക്ഷേ, നീ വേദാന്തം പറയാൻ പഠിച്ചതും ആ പുഴുക്കുത്തലുകളിൽ നിന്നാണോ?"

"അതെ, ചേറിലല്ലേ താമര വിരിയുക? ജെ.കെ.വിയുടെ ഹംസഗാനം വായിച്ചിട്ടുണ്ടോ?"

"ഇല്ല. എന്തേ?"

"എന്താന്നറിയില്ല, പെട്ടെന്നോർമ്മവന്നു. പണ്ടെങ്ങോ വായിച്ചതാണ്‌. റഷ്യയിലെ ഒരു പ്രണയവിപ്ലവകഥ. അതിലാണ്‌ ആദ്യമായി വോഡ്കയെപറ്റി കേട്ടത്‌, പ്രണയത്തെ അറിഞ്ഞത്‌. അതിലിങ്ങനെയൊക്കെ ഉണ്ടോ എന്നതിശയിച്ചത്‌. ആ നഷ്ടത്തിൽ നെഞ്ചുനൊന്തത്‌. വായിക്കണം കേട്ടോ."

"ഉം, വായിക്കാം. എന്തേ ഒരു ദീർഘനിശ്വാസം?"

"അതൊരു കെമിക്കൽ പ്രോസ്സസാണ്‌. ചുറ്റും പറന്നു നടക്കുന്ന ദു:ഖവിചാരങ്ങളെ ഒരു ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്ത്‌ ശ്വാസകോശത്തിനുള്ളിലേക്കു കൊണ്ടുപോയി ഹൃദയത്തിലെ ചില രാസവസ്തുക്കളൊക്കെ ചേർത്തു രൂപമാറ്റം നടത്തി ഭാരം കുറച്ച്‌ ഒരു ദീർഘനിശ്വാസത്തിലൂടെ പുറത്തേക്കുവിടും. നിസ്സംഗതയായി. ഉള്ളിലേക്കെടുത്ത ദു:ഖങ്ങൾ കാർബൺ ഡയോക്സൈഡാണെങ്കിൽ ഹൃദയത്തിലെത്തി വികാരവിചാരങ്ങളുമായി റിയാക്റ്റ്‌ ചെയ്ത്‌ പുറത്തുപോകുന്നത്‌ ഹൈഡ്രജനായിരിക്കും. അതു ഭാരം കുറഞ്ഞ വാതകമായതിനാൽ എന്റെ നിശ്വാസത്തിൽ ദൂരേക്കു തെറിച്ചുപോകും. ഓക്സിജനെ ഞാൻ തന്നെയെടുക്കും, ജീവിക്കാനായി. പക്ഷേ ഒരു കാര്യം."

"എന്താത്‌?"

"ആ ഖരാവസ്ഥയിലായ കാർബൺ കരിപോലെ ഹൃദയത്തിനു ചുറ്റും കട്ടപിടിക്കും. പിന്നീടതു കണ്ണിനു ചുറ്റും പടരും. അതാണീ ഡാർക്ക്‌ സർക്കിൾസ്‌. തെരിയുമാ? ഹഹഹ"

"പോടീ......."

"എന്താ ആലോചിക്കുന്നത്‌?"

"ഹേയ്‌, നിന്റെ ഹൃദയത്തിനു ചുറ്റുമുള്ള കരി മാറ്റാൻ ഒരു മരുന്ന് എന്റെ കൈയിലുണ്ട്‌."

"എന്താദ്‌?"

"സീപീആർ"

"അതെന്താ സംഭവം?"

"ഈ ഫിലോസഫി മുഴുവൻ പറയുന്ന നിനക്ക്‌ അതറിയില്ലേ? ഞാൻ പറഞ്ഞു തരില്ല. വേണോങ്കിൽ പോയി മെഡിക്കൽ ഡിക്ഷ്ണറി എടുത്തുനോക്ക്‌."

"കണ്ടോ കണ്ടോ, ഇതിന്റെ പേരാണ്‌ അവഗണന, ഇപ്പോ എന്റെ അവസ്ഥയാണ്‌ നിസ്സഹായത, ഇനി ഡിക്ഷ്ണറി നോക്കിപ്പോകേണ്ട എന്റെ അവസ്ഥയാണു നിവൃത്തികേട്‌. ഇങ്ങനെ ബ്ലാക്ക്‌ മെയിൽ ചെയ്യാതെ പറയൂ, എന്താണു സീപീആർ?"

"പറയില്ല, വേണോങ്കിൽ............"
കിന്റർ ഗാർട്ടൻ ! 


എൽ.കെ.ജിയും യൂ.കെ.ജിയും പഠിച്ചത്‌ പത്തുപന്ത്രണ്ടു കിലോമീറ്റർ ദൂരെയുള്ള വിദ്യാധിരാജ ഹൈ സ്കൂളിലായിരുന്നു. നാലുവയസ്സുകാരി നാൽപ്പതുവയസ്സായി ദിവസവും വീട്ടിലെത്തുന്ന ദുരവസ്ഥ! രാവിലെ ഏഴര മണിക്കുമുൻപേ വരും സ്കൂൾബസ്‌. അമ്മ എന്തെങ്കിലും വായിൽ കുത്തിത്തിരുകി ഒരു ഗ്ലാസ്‌ പാലും അകത്തേക്കൊഴിച്ചു വായടയ്ക്കാൻ നോക്കും. പാലിന്റെ മണംപോലും ഇഷ്ടമാകാത്ത ഞാൻ തൊണ്ടയിൽ വിരലിട്ടു അതാ ഊണുമേശക്കുതാഴെതന്നെ ഛർദ്ദിച്ചുവയ്ക്കും. അമ്മ അതു തുടച്ചോ കഴുകിയോ എന്നൊന്നും ഞാൻ അന്വേഷിച്ചിട്ടേയില്ല. അതൊന്നും നമ്മുടെ ജോലിയല്ലല്ലോ. ഇഷ്ടമല്ലാത്തതു തന്നാൽ ഛർദ്ദിക്കും. അത്രതന്നെ!

സ്കൂൾബസിന്റെ ഡ്രൈവർ അമ്മയുടെ ക്ലാസ്‌മേറ്റാത്രേ! രാമചന്ദ്രൻ! അയാൾ എന്നും അമ്മയോടുപറയും, ഞാനിവളെ ഒരു ദിവസം എന്റെ വീട്ടിൽ കൊണ്ടുപോകും കേട്ടോ. തീർന്നില്ലേ സമാധാനം? എന്നും പുറത്തു പറയാത്ത ആകുലതയായിരുന്നു. അമ്മയോടു പറഞ്ഞോ എന്നു ഓർമ്മയില്ല. അയാളെന്നെ അയാളുടെ വീട്ടിലെങ്ങാനും കൊണ്ടുപോയാലെന്തു ചെയ്യും ഞാൻ? അമ്മേം അച്ഛനേം അനിയനേം കാണാതെ എനിക്കു രാത്രി ഉറങ്ങാനേയാവില്ലല്ലോ.

ലോകം മുഴുവൻ ചുറ്റിയാണ്‌ ബസ്‌ സ്കൂളിലെത്തുന്നത്‌. ബസ്‌ എന്റെ അമ്മയുടെ വീടിനടുത്തുള്ള ഒരു സ്ഥലത്തുകൂടിയും കടന്നുപോകും. അവിടെ മാമന്മാർ ഉണ്ടാകും. അമ്മയുടെ അനിയന്മാർ. കൈയിൽ മുട്ടായീം കാണും. ഡ്രൈവർ ആ നാട്ടുകാരനാണല്ലോ. മാമന്മാരെ കണ്ടാൽ വണ്ടി നിർത്തും. കുട്ടികളെ കയറ്റാനും ഇറക്കാനും ബാഗും കുടയും വാട്ടർബോട്ടിലും എടുത്തുകൊടുക്കാനും രാജു എന്നയാളും ആയയുമുണ്ട്‌ വണ്ടിയിൽ. രാജു എന്നെ എടുത്തു മാമന്മാർക്കു എറിഞ്ഞു കൊടുക്കും. പിന്നെ ആകെയൊരു ബഹളമാണ്‌. മാമന്മാരും വഴിയിൽകാണുന്ന മറ്റുള്ള മാമന്മാരും എല്ലാം എന്നെ തൂക്കിയെടുത്ത്‌ ആകാശത്തേക്കെറിയും. കുറെ എറിഞ്ഞുപിടിയൊക്കെക്കഴിഞ്ഞ്‌ മുട്ടായീം ഒക്കെ തന്ന് വണ്ടിയിൽ കയറ്റും.

വണ്ടിയിൽ സമയം പോക്കാൻ ഒന്നുകിലിരുന്ന് കളിക്കും. കളിയെന്താണെന്നോ? വാട്ടർബോട്ടിലിന്റെ അടപ്പിന്റെ മുകളിൽ കടുകുമണികളോടും. അവയെ നടുക്കെത്തിക്കുന്ന കളി. ഓടുന്ന വണ്ടിയിലെ റിസ്കിടാസ്ക്‌!! അല്ലെങ്കിൽ ആരുപറഞ്ഞാലും കേൾക്കാതെ കൈ പുറത്തിട്ട്‌ കർച്ചീഫിൽ കാറ്റുപിടിക്കുക! കൂവിവിളിച്ചു പാടുക! ഇതൊക്കെയാണു നേരമ്പോക്കുകൾ!

നെയ്യാറ്റിൻകര പോലീസ്‌ സ്റ്റേഷന്റെ മുന്നിൽക്കൂടി പോകുമ്പോൾ കാണാം വലിയൊരു തോക്കും പിടിച്ച്‌ പണ്ടത്തെ ഹാറ്റും വച്ച്‌ പാറാവ്‌ നിൽക്കുന്ന നിക്കർപ്പോലീസിനെ! ഒരു ദിവസം ഏതോ വലിയ കുട്ടി പോലീസുകാരെ കാണുമ്പോൾ പാടേണ്ട പാട്ട്‌ ഞങ്ങൾക്കൊക്കെ പറഞ്ഞുതന്നു. പിന്നീട്‌ പോലീസ്‌ സ്റ്റേഷൻ എത്താറാകുമ്പോൾ എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ ആയയെ ഞെട്ടിപ്പിച്ചികൊണ്ട്‌ ഞങ്ങൾ പാടും
"പോലീസേ, പോലീസേ.. പോലീസിന്റെ തൊപ്പി
വോട്ടെടുത്തു തട്ടി
ഞാനും കൂടെ തട്ടി....."

അർത്ഥമൊന്നും ചോദിക്കരുത്‌. മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്ന ശീലമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അർത്ഥങ്ങൾ അന്വേഷിക്കാറില്ലായിരുന്നു. രാജു പേടിപ്പെടുത്തും, "ഒരു ദിവസം പോലീസുകാര്‌ വണ്ടിതടഞ്ഞ്‌ എല്ലാറ്റിനെയും പിടിച്ചോണ്ടുപോകും." പക്ഷേ, വികൃതികളായ ചേട്ടന്മാരുടെ പിൻബലത്തിൽ ഞങ്ങൾ ഉറക്കെയുറക്കെ പോലീസുകാരെ അധിക്ഷേപിച്ചുപോന്നു!

അന്നും ദിവാസ്വപ്നത്തിൽ മുഴുകുക എന്റെ ബലഹീനതയായിരുന്നു. വായും തുറന്നിരുന്ന് ഓരോന്നാലോചിക്കും. അന്നും എന്തൊക്കെയോ ചിന്തകൾ എന്നെ അലട്ടിയിരുന്നു. ഒരു സ്വസ്ഥത കിട്ടുമായിരുന്നില്ല. ആ അസ്വസ്ഥതകൾ കൂട്ടാനെന്നോണം കുറേ കച്ചേരിക്കാരുണ്ട്‌ വണ്ടിയിൽ. വണ്ടിയിൽ കയറുന്നതേ വലിയവായിൽ നിലവിളിച്ചുകൊണ്ടായിരിക്കും. പിന്നെയീ ഉലകം ചുറ്റും സമയമെല്ലാം ഏ ഏ ഏ ഏ ഏ ഏ എന്ന ആലാപനം തന്നെ! ഇടയ്ക്കു മടുക്കുമ്പോൾ കുറച്ചുനേരം നിർത്തിവയ്ക്കുകയും പിന്നീട്‌ പൂർവ്വാധികം ശക്തിയിൽ പുന:പ്രക്ഷേപണം തുടരുകയും ചെയ്യും. എന്റെ ദിവാസ്വപ്നങ്ങൾക്കു തടസ്സമാകുന്ന ഗജപോക്കിരികളെ ഉറ്റുനോക്കിയിരുന്നും ചിലപ്പോൾ കാലക്ഷേപം നടത്തും. അപ്പോഴൊക്കെ നിരീക്ഷണോൽസുക്യത്തിൽ എന്റെ വായ തുറന്നുപോയിരിക്കും. കുറേ നാൾ കഴിഞ്ഞപ്പോൾ, ഇത്രയും നാളായിട്ടും കരച്ചിൽ നിർത്താത്ത താന്തോന്നികളെ നോക്കി "ഷെയിം ഷെയിം പപ്പി ഷെയിം" പാടാനുള്ള ചുമതലയും ക്ലാസ്സ്‌ ടീച്ചർ എന്നെപ്പോലുള്ള കരയാത്ത മിടുക്കരെ ഏൽപ്പിച്ചു. അതും സമയം കൊല്ലാനുള്ള അതിമനോഹരമായ ആചാരമായി ഞങ്ങൾ മര്യാദക്കാർ ആചരിച്ചുപോന്നു.

ആയിടയ്ക്കാണ്‌ ഒരു ഭയങ്കര കണ്ടുപിടിത്തം ഞാൻ നടത്തിയത്‌. ഹാർഡീസ്‌ ഡിസ്കവറി ഓഫ്‌ രാമനുജൻ പോലെ ലക്ഷ്മീസ്‌ ഡിസ്കവറി ഓഫ്‌ രാമചന്ദ്രൻ! വണ്ടിയിലെ ഡ്രൈവറുടെ പേരു രാമചന്ദ്രനും സഹായി രാജുവുമാണല്ലോ. എന്റെ വലിയച്ഛന്റെ പേര്‌ രാമചന്ദ്രനും ആ വീട്ടിലെ പട്ടിയുടെ പേര്‌ രാജുവുമായിരുന്നു. അങ്ങനെ എവിടെ രാമചന്ദ്രനുണ്ടോ അവിടെ ഒരു രാജു ഏതെങ്കിലും രൂപത്തിൽ ഉണ്ടാവണം എന്നൊരു കണ്ടുപിടിത്തം നടത്തിക്കളയുകയും ഇതു പ്രൂവുചെയ്യാനായി മൂന്നാമതൊരു രാമചന്ദ്രനെ തിരഞ്ഞു കുറേക്കാലം നടക്കുകയും ചെയ്തു. ഈ തിയറം പലരുടെയും മുന്നിൽ അവതരിപ്പിക്കുകയും അവർ വിവരമുള്ളവരായതുകൊണ്ട്‌ ഈ വിവരമില്ലാത്തവളോട്‌ ക്ഷമിക്കുകയും ചെയ്തു.

അങ്ങനെ തെണ്ടിത്തിരിഞ്ഞ്‌ വൈകുന്നേരം വീട്ടിലെത്തുമ്പോൾ ആറുമണിയെങ്കിലുമാവും. തളർന്നവശയായി വീട്ടിലെത്തുമ്പോൾ നഴ്സറിയിൽപോലും പോകാത്ത കൊച്ചുകാരണവർ കുറേ ബാലരമകളിലെ പടവുംനോക്കി അച്ഛന്റെ ചാരുകസേരക്കുള്ളിൽ കാണും. വയസ്സു രണ്ടര ആണെങ്കിലും എന്നെ ഭരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു വയസ്സു എഴുപത്തിരണ്ടാണല്ലോ!

അങ്ങനെ രണ്ടുകൊല്ലത്തെ ഉന്നതവിദ്യാഭ്യാസത്തിനുശേഷം അച്ഛൻ മോളെ നാട്ടിൽ തന്നെയുള്ള മലയാളം മീഡിയം സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർക്കുകയും അനന്തരം ഞാനൊരു സോഷ്യലിസ്റ്റാകുകയും ചെയ്തു.
ഒളിച്ചുകളി............ 


കുഞ്ഞുനാളിലേ എനിക്കു വലിയ ഇഷ്ടമൊന്നുമില്ല ഒളിച്ചുകളിക്കാൻ. കൂടെ കളിക്കുന്നവരെ പറ്റിക്കുംപോലെ, സ്വയം പറ്റിക്കപ്പെടുന്നപോലെ ഒക്കെ ഒരു തോന്നൽ. ഇരുട്ടത്തും മറയത്തും പതുങ്ങി നിൽക്കുന്നവരുടെ മനസ്സിലെന്തായിരിക്കും എന്ന ചിന്ത എപ്പോഴും അലട്ടും. ഇരുട്ടിൽ നിന്നും അവർ ചാടിവീണ്‌ "ഠോ" എന്നു പേടിപ്പിച്ചാലോ എന്ന ഭയം. അങ്ങനെ പേടിപ്പിക്കുന്നവരോട്‌ ഉള്ളിലെവിടെയോ ഒരകൽച്ച. ഒളിക്കുന്നവരെയും മനസ്സിലെങ്കിലും എന്തെങ്കിലും ഒളിപ്പിക്കുന്നവരെയും എന്നും പേടിയോടെ കാണാനേ കഴിഞ്ഞിട്ടുള്ളൂ.

എന്തുകൊണ്ടാണെന്നറിയില്ല. എനിക്കറിയാം. അവരൊക്കെ നല്ലവരാണ്‌. കളിക്കാൻ, സാഹസികത കാണിക്കാൻ ഇഷ്ടപ്പെടുന്നവരാണ്‌. എന്റെ അരക്ഷിതാവസ്ഥ അവർക്ക്‌ വെല്ലുവിളികളാണ്‌. അവരുടെയൊക്കെ ഉള്ളിൽ കളികളുടെ ത്രിൽ മാത്രമാണ്‌. ഒരു ചെറിയ ഠോ കേൾക്കുമ്പോൾതന്നെ വാരിയെല്ലുകളും തകർത്ത്‌ എന്റെ ഹൃദയം കിതയ്ക്കുമ്പോൾ അവരൊക്കെ ആർത്തു ചിരിക്കുന്നത്‌, എനിക്കറിയാം, അവരാരും ദുഷ്ടരായിട്ടല്ല, അവരുടെ കുട്ടിത്തങ്ങളുടെ കുസൃതികളാണവ.

പോട്ടേ, സാരമില്ലാന്ന് സമാധാനിപ്പിച്ച്‌ ത്രസിക്കുന്ന ധമനികളെ അടക്കാൻ പാടുപെടുമ്പോൾ ഞാനോർക്കും, എല്ലാരും എന്താണിങ്ങനെ? ഞാനുമെന്താണിങ്ങനെ? എന്റെ ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന ആ പേടിത്തൊണ്ടിക്കുട്ടി കാൽമുട്ടുകളിൽ മുഖമൊളിപ്പിച്ച്‌ ചുരുണ്ടിരിക്കുന്നത്‌ ആരോടും സ്നേഹമില്ലാത്തതുകൊണ്ടല്ല. അവരുടെ മുഖത്തെ ചെറിയൊരു മാറ്റം പോലും എന്നെ അത്രയേറെ തളർത്തുന്നതുകൊണ്ടാണ്‌.

എന്നോടൊളിച്ചു കളിക്കരുതേ ആരും. ഇനിയൊരു ഠോ കേൾക്കാൻ ഈ ഹൃദയം ബാക്കിയുണ്ടാവില്ല.
ഇനി വേറൊരു സ്വപ്നത്തിന്റെ കഥ പറയട്ടെ....


ഒരു നാല് വയസ്സുകാരി എന്നും ഒരു അതിഭീകരസ്വപ്നം കാണും. അവളെ സംബന്ധിച്ചിടത്തോളം അത്യതിഭീകരം. അത് കാരണം അവൾക്കു രാത്രി ഉറങ്ങാൻ പോകാൻ കൂടി ഇഷ്ടമല്ല. സ്വപ്നം എന്താണെന്നോ? സ്വപ്നത്തിൽ അവളൊരു വലിയ കാട്ടിൽ ഒരു വൻവൃക്ഷത്തിന്റെ കീഴിലാണ്. അപ്പോൾ ആ വൃക്ഷത്തിൽ നിന്നും ഒരു കാട്ടാളൻ ഇറങ്ങി വരും അവളുടെ അടുത്തേക്ക്. എന്നിട്ട് പറയും, എത്രയും വേഗം ഈ മരത്തിലെ ഇലകളുടെ എണ്ണം പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു കൊണ്ട് പോകും. അവൾ പകച്ചു നിൽക്കും. പിന്നെ കരഞ്ഞു കൊണ്ടോടും. ആ ഓട്ടത്തിലും വെപ്രാളത്തിലും അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. തന്റെ നിസ്സഹായാവസ്ഥയിൽ വല്ലാതെ സങ്കടപ്പെട്ടു ഉറങ്ങാതെ കിടക്കും.

നാലഞ്ചു ദിവസം ആയപ്പോൾ ഒരു ദിവസം ഭയം കാരണം അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല. അവൾ പതിയെ എണീറ്റ്‌ അച്ഛനും അമ്മയും ഉറങ്ങുന്ന കട്ടിലിന്റെ അടുത്തു പോയി അച്ഛന്റെ കാലിനടുത്തായി മിണ്ടാതെ നിന്നു. എത്രയോ നേരത്തിനു ശേഷം എങ്ങനെയോ ഉണർന്നുപോയ അച്ഛൻ ഇരുട്ടിൽ അനങ്ങാതെ നിൽക്കുന്ന ആ ചെറിയ രൂപത്തെ കണ്ടു ഒന്ന് ഞെട്ടി. പിന്നെ പതിയെ വിളിച്ചു,
"ലക്ഷ്മീ".
അവൾ പതിയെ അതിഭയങ്കരമായ സങ്കടത്തോടെ മൂളി. "ഊം......... "

അച്ഛൻ അടുത്തേക്ക് വിളിച്ചു കാര്യം തിരക്കി. അമ്മ എണീറ്റ്‌ ലൈറ്റിട്ടു. വെള്ളമൊക്കെ തന്നു. അവൾ അച്ഛനോട് സ്വപ്നത്തിന്റെ കാര്യം പറഞ്ഞു. അച്ഛൻ അവൾക്കൊരു ഉപായം പറഞ്ഞുകൊടുത്തു. "ഈ കാട്ടാളന്മാരൊന്നും ലക്ഷ്മിയെപ്പോലെ സ്കൂളിലൊന്നും പോകാറില്ല. അത് കൊണ്ട് അവർക്ക് എണ്ണാനും അറിയില്ല. ഇനി രാക്ഷസൻ ചോദിക്കുമ്പോൾ ആ മരത്തിൽ കാക്കത്തൊള്ളായിരം ഇലകൾ ഉണ്ടെന്നു പറയണം. എണ്ണിനോക്കാനും പറയണം. അപ്പോൾ രാക്ഷസൻ പേടിച്ചുഓടിക്കൊള്ളും."

അവൾ ഉറങ്ങാൻ പോയി. അന്നും വന്നു രാക്ഷസൻ. അവൾ അച്ഛൻ പറഞ്ഞത് പോലെ പറഞ്ഞു. എണ്ണാനറിയാത്ത രാക്ഷസൻ പേടിച്ചു ഓടിക്കളഞ്ഞു.

പിന്നെ ഇന്നേവരെ ഒരു രാക്ഷസനേം ഞാൻ സ്വപ്നത്തിൽ കണ്ടിട്ടില്ല.
പിന്നെ കുറെ കാലം ആനകളായിരുന്നു. അവറ്റകളുടെ കൊമ്പിൽ കോർക്കാതെ ഓടിയോടി ഒരു പരുവമായി.
പിന്നെ പാമ്പുകൾ. അതും കരിമൂർഖന്മാർ. അവർ പിന്നെ ഉപദ്രവിക്കാനൊന്നും വരില്ല. എല്ലാം എന്റെ ചങ്ങാതിമാരാ. എന്നാലും ഒരായിരം കരിമൂർഖന്മാരെ ഒന്നിച്ചു കാണുമ്പോഴുള്ള ആ ഒരു ഭീതിയുള്ള ഉൾപ്പുളകം ഇന്നുമെനിക്കു സ്വന്തം.

ഇപ്പോ പിന്നെ ....... ആ പാട്ടൊന്നു മാറ്റി പാടുന്നു .....

"സ്വപ്നങ്ങൾക്കിന്നു ഞാനവധി കൊടുത്തു...."
ഫെയ്ക്കവതാരങ്ങൾ!

ഇന്നത്തെ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ ഫെയ്ക്കുകൾ! ആരായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഫെയ്ക്ക്‌? അറിയില്ലാ? അതേയ്‌, പുള്ളിക്കാരനാ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി ആ തിരോന്തരത്തങ്ങനെ മലർന്നു കിടക്കുന്നത്‌!

ഉള്ള മഴയും വെയിലുമൊക്കെക്കൊണ്ടു ആയിരവും രണ്ടായിരവും കൊല്ലമൊക്കെ തപസ്സു ചെയ്തുകളയും ചില രാക്ഷസന്മാർ. ഇങ്ങനെ ഘോരതപസ്സു ചെയ്യുന്നവർക്കു വരം കൊടുക്കാതിരിക്കാനും പറ്റില്ല ദേവന്മാർക്ക്‌. കാരണം, ഏതോ വിവരദോഷി ദൈവങ്ങളുടെ പേരിന്റെ പര്യായമായി ആശ്രിതവൽസലനെന്നും വരദായകനെന്നുമൊക്കെ എഴുതിവച്ചു. ഇനിയിപ്പോ പേരുകിട്ടിയ സ്ഥിതിക്കു വരം കൊടുക്കാതെ ഒള്ള പേരുകളയാൻ എന്റെ പട്ടിവരും, ഹും!! ചോദിക്കുന്ന വരം കേട്ടാൽ കൊടുക്കുന്ന ദൈവത്തിനുപോലും ബോധക്കേട്‌ വരും. ചോദിക്കുന്നതും കൊണ്ടേ പോകത്തും ഉള്ളൂ. ഇവനൊക്കെ ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാൽ അതുംകൊണ്ടേ തിരികെ വീട്ടിൽ പോകൂ.
അങ്ങനെ ഗതിയില്ലാതെ ഉടൻകൊല്ലി വരവും കൊടുത്തിട്ടൊറ്റ ഓട്ടമാണ്‌ വൈകുണ്ഠത്തിലേക്ക്‌. കൂടെക്കൂടെ തിരിഞ്ഞു നോക്കിനോക്കിയാണോട്ടം. ചിലപ്പോൾ കിട്ടിയവരവും കൊണ്ട്‌ അവൻ നമ്മുടെ പിന്നാലെതന്നെയുണ്ടാവും, കിട്ടിയതിന്റെ ഗുണം പരീക്ഷിക്കാൻ.

അങ്ങനെ വൈകുണ്ഠത്തിന്റെ മുന്നിലൊരാൾക്കൂട്ടം. ഇപ്പോക്കണ്ടാൽ തിരുവനന്തപുരത്തെ ഇന്ദിരാഭവന്റെ മുൻവശംപോലെ. തലയും ചൊറിഞ്ഞു കുറെ കുട്ടിദൈവങ്ങൾ! കൂടിയാലോചനായോഗങ്ങൾ! അതിനിടക്ക്‌ ഇപ്പ ശരിയാക്കിത്തരാം എന്നുപറഞ്ഞു കുറച്ചു സീനിയേഴ്സ്‌ അകത്തേക്ക്‌. അതിനേക്കാൾ വേഗത്തിൽ കുറച്ചെണ്ണം പുറത്തേക്ക്‌. ആകെ ജകപൊക!

ഇതൊക്കെ കണ്ടുംകേട്ടും പതിദേവിന്റെ കാലും തടവിയിരുന്ന ലക്ഷ്മിക്കുട്ടി തലതരിച്ചിട്ടെഴുന്നേറ്റു അടുക്കളയിലേക്കുപോയി. "ചായക്കു വെള്ളം വയ്ക്കാം".
"ആയിക്കോട്ടെ, " ഉച്ചത്തിലൊരു കോറസ്സ്‌ പിന്നാലെ. "കടിയുമാവാം" ഒരു ആത്മഗതം ഉച്ചത്തിലായിപ്പോയി.
"കാലുതടവിത്തടവി മരംപോലെയായ കൈയാ ഇത്‌. ഒന്നങ്ങോട്ടിട്ടുതന്നാലുണ്ടല്ലോ" ദേവി കോപാക്രാന്തയായി.
"ഓരോന്നുണ്ടാക്കി വച്ചിട്ടിങ്ങുപോന്നോളും, നമ്മുടെ സ്വൈര്യം കെടുത്താൻ" മഹാവിഷ്ണു ഒന്നെണീറ്റിരുന്നു, "എത്രകാലമെന്നുവച്ചാ ഇങ്ങനെ കിടക്കുന്നേ! ഹൊ! എന്നെ സമ്മതിക്കണം"
താടിക്കുകൈകൊടുത്തും മൂക്കിനു വിരൽ വച്ചും തലചൊറിഞ്ഞാൽ ഭാവന ഉണരുമെന്നു വച്ചു കിരീടമൂരിവച്ചു തല ചൊറിഞ്ഞുമൊക്കെ ആലോചനയോടാലോചന!
"കാര്യം നോം കുരുട്ടുബുദ്ധിയുടെ ആശാനാണെങ്കിലും ചിലപ്പോ തലക്കകത്തു ഒന്നും കത്താറില്ല". അദ്ദേഹം പ്രതീക്ഷയോടെ അടുക്കളവാതിലിലേക്കു നോക്കി.
"ദേ, ഒന്നിങ്ങുവന്നേ," അടുക്കളയുടെ കർട്ടൻ ഒന്നിളകി.
"പാലില്ലാന്നു പറയാനാകും, കട്ടനായാലും മതി" കുട്ടിദൈവങ്ങളിലൊന്ന് മൊഴിഞ്ഞു.
"മിണ്ടാണ്ടിരിക്ക്‌, ഇവിടെ ദേവലോകം എപ്പഴാ കൈവിടുകാന്ന് ആധിപിടിച്ചിരിക്കുമ്പഴാവന്റെയൊരു കട്ടൻ" ദേവേന്ദ്രൻ കലിതുള്ളി. വരം കൊടുത്ത ശിവനെ തുറിച്ചൊരുനോട്ടവും നോക്കി. തിരികെ വീട്ടിൽ ചെല്ലുമ്പോൾ പാർവ്വതിയുടെ നോട്ടത്തിന്റെ കാര്യം ആലോചിച്ചു ബേജാറായിരുന്ന ശിവന്‌ ഈ നോട്ടത്തിലൊന്നും തോന്നിയില്ല.
അടുക്കളേൽ ലക്ഷ്മിക്കുട്ടി വിഷ്ണൂന്റെ തലയിൽ ലഡ്ഡു പൊട്ടിച്ചു.
"വൈ കാണ്ട്‌ വീ ക്രിയേറ്റ്‌ എ ഫെയ്ക്ക്‌ ഡിയർ?"
"അനദർ വൺ? യൂ സേ എ ന്യൂ വൺ?" വിഷ്ണു വണ്ടറടിച്ചു. "ഒത്തിരി കോൺസിക്വെൻസീസ്‌ ഉണ്ടാവും ഡിയർ. നിനക്കും ചിലപ്പോൾ ഒരു ഫെയ്ക്ക്‌ ആവേണ്ടിവരും എന്നെ സപ്പോർട്ട്‌ ചെയ്യാൻ. ആർ യൂ റെഡി ഫോർ അ ഗെയിം?"
"യെസ്‌, ഐ ആം. ചിലർക്കൊക്കെ പണികൊടുക്കാനും നമുക്കിതൊരു ചാൻസാ ഡാർലിംഗ്‌. നമുക്കിതൊരു മൾട്ടിടാസ്ക്കാക്കിയാലോ. അടുത്തറിയുന്നവർക്കല്ലേ അറിയൂ നമ്മുടെ ഫെയ്ക്കവതാരലക്ഷ്യം. മറ്റുള്ളവരറിഞ്ഞു വരുമ്പോഴേക്കും നമുക്കിതു ഡീയാക്റ്റിവേറ്റ്‌ ചെയ്തേക്കാം, ഹൗസാറ്റ്‌?"
"ഹൂ, യൂ ആർ സച്ച്‌ എ വണ്ടർഫുൾ വൈഫ്‌", ഭാര്യയെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോഴേക്കും ആരോ ചാടിക്കേറി അടുക്കളയിലേക്ക്‌.
"ഹാ ആരായിത്‌, എം. ഐ. ഷാനവാസോ?, ഛേയ്‌, നാരദരോ, ന്യൂസ്‌ ടൈം കാണാൻ തുടങ്ങിയതിനുശേഷം പേരൊക്കെ മാറിപ്പോകുന്നു" ഭഗവാൻ ഇച്ഛാഭംഗം പല്ലുകടിച്ചുതീർത്തു.
തെകിട്ടിവന്ന കലി നാരദർ നാരായണ പറഞ്ഞൊതുക്കി, അയാൾടെ ഒരു ഉപമ!
"തീരുമാനം വല്ലതും..........." നാരദൻ തലചൊറിഞ്ഞു. വിഷ്ണു വാമഭാഗത്തിന്റെ ഐഡിയ അവതരിപ്പിച്ചു, നാരദർ ഉഷാറായ്‌.
"കലക്കി ദേവീ, കലക്കി".
"കലക്കിയില്ല, പഞ്ചസാര ഇട്ടതേയുള്ളൂ", ലക്ഷ്മിക്കുട്ടി നിഷ്കളങ്കിയായി.
"അതല്ല, ഈ ഐഡിയ. ഹൊ! കുറെ കാലമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നാലു പറഞ്ഞിട്ട്‌. ഭഗവാൻ, എത്രയും പെട്ടെന്ന് അവിടുന്ന് ഫെയ്ക്കായാലും." നാരദർ പറഞ്ഞു. " ഭഗവാൻ, എങ്ങനെയാണ്‌ സ്ക്രിപ്റ്റ്‌? സിനിമ പോലെ മുഴുവൻ എഴുതിവച്ചിട്ട്‌ പെർഫോർമൻസ്‌ തുടങ്ങണോ? അതോ സീരിയൽ പോലെ അന്നന്നു കിട്ടുന്നവരെ വച്ചു അപ്പപ്പോ എഴുതി മുന്നോട്ടുപോണോ?"
"നാരദരേ, പണ്ടത്തെപ്പോലെ ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല. എന്തായാലും നമുക്കൊരു ലക്ഷ്യമുണ്ട്‌ ഈ അവതാരത്തിലൂടെ. ആരെയൊക്കെ വെട്ടി മലർത്തണമെന്ന ലക്ഷ്യബോധവുമുണ്ട്‌. പിന്നെ, വഴിയിൽ സൗകര്യംപോലെ കിട്ടുന്നവർക്കൊക്കെ പണികൊടുക്കാമെന്നേ"
"നാരായണ നാരായണ", നാരദർ ലക്ഷ്മീദേവി ഉണ്ടാക്കിവച്ച ചായയും തണുത്തുപോയ ബിസ്കിറ്റുമായി പുറത്തേക്കുപോയി.
അങ്ങനെയാണ്‌ ആ പത്തു ഫെയ്ക്കും ഉണ്ടായത്‌. പത്താമത്തെ ഫെയ്ക്കായപ്പോഴേക്കും പുള്ളിക്കാരൻ ഒരു കാര്യം തിരിച്ചറിഞ്ഞു. തന്നെക്കാൾ വലിയ ഫെയ്ക്കുകൾ ഈ ലോകത്തിഷ്ടംപോലെ ഉണ്ട്‌. അടുത്ത അവതാരം ചിലപ്പോൾ നല്ല ഷേയ്പ്പിൽ തിരിച്ചു വൈകുണ്ഠത്തിലേക്കു പോയെന്നു വരില്ല. അതോടെ നിർത്തി അവതാരമെടുപ്പ്‌! ഓഫ്‌ലൈനായിരുന്നു മാത്രം കളി തുടങ്ങി. ഇന്നും കക്ഷി ഓഫ്‌ലൈനാ. എന്നെങ്കിലും പച്ച ലൈറ്റ്‌ കത്തിയാൽ ഞാനും പറയും ഒരു ഹായ്‌
!
ചെറിയ ചെറിയ ദൈവങ്ങൾ!


വല്ലാതെ പനിച്ചുവിറച്ചാണ്‌ ഒരു വെള്ളിയാഴ്ച വൈകുന്നേരം ജനശതാബ്ധിയിൽ കയറിയത്‌. ഏറ്റവും ഒടുവിലത്തെ സീറ്റ്‌.106. വിൻഡോ സീറ്റാണെന്നറിഞ്ഞപ്പോൾ വല്ലാതെ ആശ്വാസം തോന്നി. തലചായ്ച്ചിരിക്കാമല്ലോ. അടുത്തൊരു സീറ്റുംകൂടിയേ ഉള്ളൂ. അവിടെ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. കൈയിലുള്ള ബാഗ്‌ മുകളിൽ വയ്ക്കാൻ പോലും ഒന്നെണീക്കാൻ എനിക്കു പറ്റുന്നില്ല. അയാൾ അതുവാങ്ങി മുകളിൽവച്ചു.എന്നിട്ടയാൾ ഫോൺ ചെയ്യുകയാണ്‌, ഭാര്യയെ: "മോളെ ഉറക്കല്ലേ, ഞാൻ വന്നിട്ടേ ഉറക്കാവൂ"

പാവം, വളരെ ചെറിയ ഒരു പയ്യൻ. അപ്പോൾ മകളും തീരെ കുഞ്ഞാവും. ആ കുഞ്ഞിനെ വാരിയെടുക്കാൻ ഓടിയെത്താൻ വെമ്പുന്ന ഒരച്ഛനാണല്ലോ. എന്റെ അടുത്തിരുന്ന് ഈ പനി ആ കുട്ടിക്ക്‌ വരരുതേ എന്നോർത്തുകൊണ്ടു ഞാനാ ഭാഗത്തേക്കേ തലതിരിയ്ക്കാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. തലവേദനയും നടുവേദനയും ക്ഷീണവും തീപോലുള്ള പനിയും കൊണ്ട്‌ ഞാനാകെ അവശയായി. എന്തു ചെയ്യണമെന്നറിയില്ല. തിരുവനന്തപുരത്തുനിന്നും ബസ്സിലൊരു മണിക്കൂറിലധികം യാത്രയുണ്ട്‌ വീട്ടിലേക്ക്‌. അത്രയും നേരം എങ്ങനെ കഴിച്ചുകൂട്ടുമെന്നറിയില്ല. ആകെ പരവേശം. പറഞ്ഞറിയിക്കാൻ വയ്യ.എങ്ങനെയൊക്കെയോ കൊല്ലത്തെത്തി. 

ആകാംക്ഷ സഹിക്കാതെ പയ്യൻ ആരാഞ്ഞു,"സുഖമില്ലേ?"

"ഹാ, പനിയാ"

അവൻ വടയും കട്‌ലറ്റുമായൊക്കെപ്പോകുന്ന പാൻട്രിക്കാരോട്‌ ചായയും കോഫിയുമൊന്നുമില്ലേ എന്നന്വേഷിക്കുന്നുണ്ടായിരുന്നു. ഞാനോർത്തു, പാവം ദാഹിക്കുന്നുണ്ടാകും. ഞാനെന്റെ വെള്ളം എടുത്തുകൊടുത്തു, വേണ്ടാന്നൊക്കെ പറഞ്ഞെങ്കിലും കുടിച്ചു. പിന്നെ പരിചയപ്പെട്ടു. 
അവൻ പറഞ്ഞു, "ഒട്ടും വയ്യ അല്ലേ, ഞാനൊരു എഞ്ചിന്റെ അടുത്തിരിക്കുന്ന ചൂടാണ്‌ വരുന്നത്‌. കണ്ടുകൊണ്ടിരിക്കാൻ വയ്യാത്ത ബുദ്ധിമുട്ടായിരുന്നല്ലോ ചേച്ചിക്ക്‌. ചേച്ചിക്കൊരു ചായ വാങ്ങിത്തരാനാ ഞാനിത്രയും നേരം പൈസയുമെടുത്തിരുന്നത്‌. പക്ഷേ, ഇന്നു ഒരു ചായയോ കോഫിയോ വന്നില്ല". 

അവനത്‌ ശ്രദ്ധിച്ചെന്നുപോലും ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ അതിശയിച്ചു. 
പിന്നെ കുറേ സംസാരിച്ചു, ഇരുപത്താറു വയസ്സുള്ള ഒരു സാധു പയ്യൻ. ഞാൻ പറഞ്ഞു, എന്നെ ബഹുമാനിക്കണം കേട്ടോ. എനിക്കു പത്തുനാൽപ്പതു വയസ്സായി. അവൻ ചിരിച്ചു, ഓ ശരി.

എനിക്കു വല്ലാതെ തല കറങ്ങുന്നുണ്ടായിരുന്നു. ഞാൻ അവനോടു ചോദിച്ചു, "എന്നെയൊന്നു ബസ്സ്‌ വരെ കൊണ്ടാക്കാമോ?"


"പിന്നെ, തീർച്ചയായും. ഇത്രയും വയ്യാത്ത ആളിനെ ഞാൻ എങ്ങനെയാ വഴിയിൽ നിർത്തിയിട്ടു പോകുന്നത്‌?"

എവിടെയെങ്കിലും വീണുപോകുമോന്നു സംശയിച്ചിരുന്ന എന്നെ ബസ്സിൽ കയറ്റിരുത്തി ആ കുട്ടി കൈവീശി നടന്നകന്നു.

എന്റെയൊരു സുഹൃത്ത്‌ പറഞ്ഞു, ഈശ്വരനാകും ആ കുട്ടിയെ അവിടെയെത്തിച്ചതെന്ന്. ഞാൻ പറഞ്ഞു, നന്മയുള്ള ഒരു മനുഷ്യനായതുകൊണ്ടാണെന്നെ സഹായിച്ചതെന്ന്. 

അപ്പോൾ സുഹൃത്ത്‌ പറഞ്ഞു, "ലക്ഷ്മീ, ഈശ്വരന്റെ സഹായം ആ പയ്യനിലൂടെ ലക്ഷ്മിക്കരികിലെത്തി എന്നു കരുതൂ."
അപ്പോൾ ഞാൻ പറഞ്ഞു, "അങ്ങനെയാണെങ്കിൽ എല്ലാരെയും സഹായിക്കാൻ എന്തു കൊണ്ടു ദൈവം വരുന്നില്ല? പ്രത്യേകിച്ച്‌, ഒന്നു പ്രാർത്ഥിക്കുകപോലും ചെയ്യാത്ത എന്നെ സഹായിക്കാൻ വരുമ്പോൾ"

പിന്നീടാലോചിച്ചപ്പോൾ എനിക്കൊന്നു തോന്നി. ഇതുപോലെ ആപത്തിൽ സഹായിക്കാൻ വരുന്ന നന്മയുള്ള മനുഷ്യരിൽ ഉള്ള ആ പ്രഭാവത്തെയാണ്‌ ഈശ്വരൻ എന്നു വിളിക്കേണ്ടത്‌. എനിക്കു ദാഹിക്കുന്നുവെന്നു കരുതി ചായക്കു പൈസയെടുത്തു കാത്തിരുന്ന അവനല്ലേ ഈശ്വരൻ? വഴിയിൽ വീണുപോയേക്കാമായിരുന്ന എന്നെ കൈപിടിച്ച്‌ റോഡ്‌ മുറിച്ചു കടത്തി ബസ്സിൽ കയറ്റിവിട്ട അവനല്ലേ ഈശ്വരൻ? 
ഇതുപോലെ അനേകം കൊച്ചുകൊച്ചീശ്വരന്മാർ ചുറ്റുമുള്ളതു കാണാതെയല്ലേ നമ്മളിങ്ങനെ അമ്പലത്തിലും പള്ളിയിലുമൊക്കെ കയറിയിറങ്ങുന്നത്‌, വലിയ ഈശ്വരന്മാരെ കാണാൻ? കാണിക്ക അങ്ങോട്ടു സ്വീകരിക്കുന്ന, ഒരു ചായ പോലും വാങ്ങിത്തരാത്ത ഈശ്വരനെക്കാണാൻ?
മസ്കിറ്റോമിൻടൺ!!................. 


ഈ കൊച്ചിക്കാരെന്തിനാന്നേ തടി കുറയ്ക്കാൻ ജിമ്മിൽ പോകുന്നേ? 

ഓരോ കൊതുകിനെ കൊല്ലുന്ന ബാറ്റ്‌ വാങ്ങിയാൽപ്പോരേ? ഞാനിപ്പോൾ വൈകുന്നേരം ആറര മുതൽ രാത്രി പന്ത്രണ്ടുവരെ "മസ്കിറ്റോ മിന്റൻ" കളിയാ. 

ഈ പോക്കു പോയാൽ അടുത്ത പ്രാവശ്യം വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്നോട്‌ ആരാന്ന് ചോദിക്കും. മെലിഞ്ഞ ഒരു സുന്ദരിയെ കണ്ടിട്ടേ. 
ആറു മണിക്കൂറല്ലിയോ പ്രാക്ടീസ്‌? എന്നാ സ്മാഷാന്നേ? രണ്ടുദിവസമായി കൈമുട്ടിനു നല്ല വേദന. ടെന്നീസ്‌ എൽബോ ആണോന്നൊരു സംശേം! 

പിന്നെ, എന്നുമൊരു ഉത്സവപ്രതീതിയും! വിഷൂനും ദീപാവലിക്കും മാത്രമുള്ള പടക്കമിപ്പോൾ എന്നും പൊട്ടിക്കാല്ലോ! എന്തായാലും കൊച്ചീലെ കൊഴുത്ത ഓടയിലെ കൊഴുത്ത കൊതുകുകൾ എന്നെ സ്ലിം ബ്യൂട്ടിയാക്കും, തീർച്ച!  

മൂന്നു മണിക്കൂർ പ്രാക്റ്റീസ്‌ കഴിഞ്ഞു, കുറച്ചു ബൂസ്റ്റ്‌ കുടിച്ചിട്ടു വരാമെ. പണ്ട്‌ ദീപിക പദുക്കോൺ ബൂസ്റ്റാ കുടിച്ചിരുന്നേത്രേ!!!..........
ചമ്പകപുഷ്പസുവാസിതയാമം.........……………… 


അന്നും ഓഫീസുണ്ടായിരുന്നു. വൈകുന്നേരം ആറു പത്തിനാണ്‌ ഇറങ്ങിയത്‌. നോക്കുമ്പോൾ തല്ലുകൊണ്ട കുട്ടിയുടെ മുഖം കറുക്കുന്നതുപോലെ ഇരുട്ടു വലിച്ചു കേറ്റുന്നു മാനം. അയ്യോ മഴയാണോ! ആലോചിച്ചുതുടങ്ങുമ്പോഴെക്കും ചുറ്റിയടിച്ചു ഒരുഗ്രൻ കാറ്റ്‌. റോഡരുകിലെ വെള്ളപ്പൂമരത്തിലെ പൂക്കൾ മുഴുവൻ എന്റെ തലയിൽ പുഷ്പവൃഷ്ടി നടത്തി. തണുത്തകാറ്റും പുഷ്പാലങ്കാരവുമൊക്കെയായി ഞാനങ്ങു കോരിത്തരിച്ചുപോയി. എന്തു രസം!!!!.

അപ്പോഴേക്കും തുടങ്ങി മഴ. മഴയെന്നു പറഞ്ഞാൽ ഒരു മര്യാദേമില്ലാത്ത്‌ മഴ. നാലു ദിക്കിൽ നിന്നും കാറ്റും മഴയും. പെട്ടെന്നുള്ള.കാട്ടിൽ റോഡങ്ങു വിജനമായി. ഞാൻ കുടയും പിടിച്ചു പതിയെ നടന്നു. നല്ല രസോണ്ട്‌. ചെരുപ്പൊരു സുഖോല്ല. തെന്നിപ്പോണു. എന്നാലും കൊള്ളാം. അടുത്തെങ്ങും ആരുമില്ല. അവസരം മുതലാക്കി മൂളിപ്പാട്ടും പാടിയായി നടപ്പ്‌.....

"ചമ്പകപുഷ്പ സുവാസിതയാമം........ ചന്ദ്രികയുണരും യാമം....."

ആഹാ....... നല്ല സംഗതിയൊക്കെ ഉണ്ടല്ലോ.....
കുറച്ചൂടെ സംഗതികളൊക്കെ ഇട്ടു വിസ്തരിച്ചു വീണ്ടും പാടിനോക്കി. അടിപൊളി!
കൂടെക്കൂടെ കുടയെ ചുഴറ്റികൊണ്ടുപോകുന്ന കാറ്റിനെതിരെ യുദ്ധവും ചെയ്യണം, പാടണം..

"പ്രിയതരമായൊരു സ്വപ്നമുറങ്ങി, ഇനിയുണരാതെയുറങ്ങീ...."

എത്രനല്ല വരികൾ! ശങ്കരാഭരണം സ്റ്റൈയിലിൽ ഒരു ആഹാ പറഞ്ഞുപോയി.

"ഇവിടെയിവിടെ വെറുതെയിരുന്നെൻ 

ഓർമ്മകളിന്നും പാടുന്നു, ഓരോ കഥകൾ പറയുന്നു...."

റോഡരുകിലെ വെള്ളക്കുഴികൾ ചാടിക്കടക്കുമ്പോഴും പാട്ടു നിർത്തിയില്ല.


"മൃദുപദനൂപുരനാദമുറങ്ങി.....
വിധുകിരണങ്ങൾ മയങ്ങീ...."

ദൂരെ നിന്നൊരു വെള്ളക്കാർ ഡിം ലൈറ്റൊക്കെ ഇട്ടു വരുന്നതു കാണുന്നുണ്ടായിരുന്നു. അടുത്തെത്തിയതും പെട്ടെന്ന് ഒരു വെള്ളക്കുഴിയിലേക്കു വണ്ടിയെ തെന്നിച്ചു. എന്റെ ഉടുപ്പിലൊക്കെ ചെളിവെള്ളം. എന്റെ മുഖം പെട്ടെന്നു  ഇങ്ങനെ ആയെങ്കിലും പെട്ടെന്നു ഞാൻ മോന്തായത്തെ പൂർവ്വസ്ഥിതിയിലേക്കു കൊണ്ടുവന്നു. പിന്നെ കലണ്ടറിലെ ദൈവങ്ങളുടെ മുഖത്തു കാണൂലേ, ഒരു പുഞ്ചിരി, അതുപോലെ പുഞ്ചിരിച്ചുകൊണ്ടു മനസ്സിൽ പറഞ്ഞു, "പോടാ മങ്കീ, ഞാൻ വീട്ടിൽച്ചെന്ന ഉടനേ ഉടുപ്പൊക്കെ അലക്കി കുളിക്കുമല്ലോ. നീയിനി എത്ര കുളിച്ചാലാ നിന്റെയാ ചീത്തമനസ്സിലെ അഴുക്ക്‌ കളയുക? ഹും! " എന്നോടാ കളി! അയ്യോ.... വീടെത്താറായി. ഇനിയിതുപോലൊരു മഴ പാട്ടുംപാടിനടക്കാൻ കിട്ടിയില്ലെങ്കിലോ?


"ഇതിലേയിതിലേയൊരുനാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു....
ഓർമ്മകൾ കണ്ൺഈർ വാർക്കുന്നൂ....
ചമ്പകപുഷ്പസുവാസിതയാമം........."

ഗേറ്റ്‌ എത്തി. ഇനി പാടിയാൽ ആരെങ്കിലും കേൾക്കും. ആകെ കുതിർന്ന് ഒരു മിണ്ടാപ്രാണിയായി അകത്തേക്ക്‌....... 
പെരുമഴക്കാലം!...............


അവളൊരു മഴ നനയുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അവൾക്കു വിയർക്കുന്നുണ്ടായിരുന്നു. 
മഴനീരിൽ ഉപ്പുരസം കലർന്നിരുന്നു... 


നനഞ്ഞൊട്ടിയപാവാട പിടിച്ചൊതുക്കി ഒരിലച്ചാർത്തിന്റെ മറപോലുമില്ലാതെ അവളാമഴ കൊണ്ടു വിറച്ചു. ഒന്നോടാതെയും നടക്കാതെയോപോലും അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. മഴചാർത്തിലൂടെ ദൂരെക്കാണുന്ന അവ്യക്തനിഴലുകളിൽ അവൾ പരിചയമുഖങ്ങൾ തിരഞ്ഞു. പരിചയം തോന്നുന്നവ ദൂരേക്കുമാറുന്നതെന്തേ എന്നവൾ അതിശയത്തോടെ അങ്കലാപ്പിലുഴറി. 

വരാനിരിക്കുന്ന ഒരു ഇടിമിന്നലിനായി അവൾ ഭയപ്പാടോടെ ആകാശത്തേക്കുനോക്കി. കണ്ണുതെറ്റിവരാവുന്ന ഒരു മിന്നലിന്റെ വെളിച്ചത്തിനായി കണ്ണുചിമ്മാതെ കാത്തുനിന്നു. ചെവിയടച്ചു പൊട്ടാവുന്ന ഒരു ഇടിമുഴക്കത്തിന്റെ പ്രകമ്പനം നെറ്റിയിലെ ഞരമ്പുകളെ ത്രസിപ്പിച്ചു. 
എന്തിനുവേണ്ടിയെന്നറിയാത്ത ഒരാന്തലിൽ നെഞ്ചുനൊന്തപ്പോൾ, ഒരു ദീർഘനിശ്വാസത്തിന്റെ പിരിമുറുക്കത്തിൽ ഒന്നു കാലിടറിയപ്പോൾ പിടഞ്ഞെണീറ്റപ്പോൾ തിരിച്ചറിഞ്ഞു, പെയ്ത മഴയിൽ നനഞ്ഞൊട്ടിയ തലയിണയിൽ അമർന്ന മുഖമാകെ ഉപ്പുരസം. ഓരോ അണുവിലും കല്ലേറുകൊണ്ടെന്നപോലെ വേദന.
എണീറ്റിരിക്കുമ്പോൾ മുറിയാകെപ്പരന്ന ഇരുട്ടിൽ മഴയത്തിരുട്ടത്തുകണ്ട രൂപങ്ങൾ നിഴൽ നൃത്തങ്ങളാടി. ആരെന്നറിയാത്തൊരാ നിഴലുകൾനോക്കി വീണ്ടും കിടക്കയിലേക്കുചാഞ്ഞു, പിന്നെ തലയിണയുടെ നനയാത്തൊരറ്റത്തു തലചായ്ച്ചുറങ്ങി.
ആരും കാണാതെ...................

എന്നും സ്വപ്നത്തിൽ അവൾ അവളുടെ തന്നെ വേഗത്തിൽ നടന്നുപോകുന്ന കാലടികൾ കാണും. സ്വന്തം കാലടികളിൽതന്നെ ഉറ്റുനോക്കി താനെങ്ങോട്ടാണു പോകുന്നതെന്ന് അവൾക്കു നല്ല നിശ്ചയമാണെന്നു തോന്നുന്നു. പക്ഷേ, അവളെയെപ്പോഴും അതിശയിപ്പിച്ചത്‌ തന്റെ പാദങ്ങളിൽ കാണുന്ന ആ സോക്സാണ്‌. യാത്രയാകുന്നതിനുമുൻപുള്ള ഒരുക്കങ്ങളിലൊരിടത്തും ആ സോക്സണിഞ്ഞ ഓർമ്മയില്ല. എത്ര ഓർത്തിട്ടും എപ്പോഴണവ അണിഞ്ഞതെന്ന് ഓർത്തെടുക്കാൻ ആവുന്നില്ല. എന്തിനാണവ ഷൂവിനോടൊപ്പം അല്ലാതെ സാധാരണ ചെരുപ്പിനൊപ്പം ഇട്ടതെന്നും ഒരിത്തിരി അതിശയത്തോടെ ചിന്തിച്ചുകൊണ്ടവൾ ആ കാലടികളെത്തന്നെനോക്കി കുനിഞ്ഞു നടന്നു. താനൊരിക്കലും തെരെഞ്ഞെടുക്കില്ലായിരുന്ന ഒരു തരം പീച്ച്‌ നിറവും അതിലാകെ ചെറുതായി കരിപുരണ്ടമാതിരി അഴുക്കും.

ഇതെങ്ങനെ തന്റെ കാലിൽ കയറി? ഉറക്കത്തിൽ ആരെങ്കിലും തനിക്ക്‌ ഇതണിഞ്ഞുതന്നതാണോ? എന്തിനുവേണ്ടി? ഈ സമസ്യക്കിടയിലും മനസ്സിലെവിടെയോ ഒരു സന്തോഷം. വെയിലടിച്ചിട്ടീ കാൽപ്പാദങ്ങൾ കരുവാളിക്കില്ലല്ലോ. അൽപ്പം കരുവാളിച്ചുതുടങ്ങിയിരുന്ന പാദങ്ങളിനി വെളുത്തുതുടുക്കുമല്ലോ. സോക്സിത്തിരി മോശമാണെങ്കിലും കിട്ടാൻപോകുന്ന ആ നന്മകളോർത്തപ്പോൾ ആരിട്ടതായാലും, എങ്ങനെയിട്ടതായാലും അവറ്റ കാണാനിത്തിരി മോശമാണേലും കുറച്ചു സന്തോഷവും സമാധാനവും തോന്നി.

അങ്ങനെ നിരന്തരയാത്രകളിൽ ഓരോരാത്രിയും കടന്നുപോയി. കരിപുരണ്ടമാതിരി പീച്ച്‌ നിറമുള്ള സോക്സിനുള്ളിൽ ചന്തംവച്ചുവരുന്ന തന്റെ കാലടികൾ കാണാനായിട്ടവളൊരു സ്വപ്നത്തിൽ അവയെ വലിച്ചൂരി. വിണ്ടുകീറി ചലവും ചോരയുമൊലിക്കുന്ന തന്റെ ദ്രവിച്ച പാദങ്ങളെയാണിത്രയും കാലം അവ മറച്ചുവച്ചിരുന്നതെന്നറിഞ്ഞവൾ ഞെട്ടാത്തതെന്തേ? പെട്ടെന്നവൾ തന്റെ മുഖത്തു വിരലോടിച്ചു, അതും വിണ്ടുകീറിയതാണോ എന്നറിയാൻ, അതിലും ഒരു മുഖപടമുണ്ടോ എന്നറിയാൻ. അതില്ലാന്നു കണ്ടവൾ സമാധാനത്തോടെ സോക്സിനെ ദൂരെയെറിഞ്ഞു. പിന്നെയാണവൾ സുഖമായൊന്നുറങ്ങിയത്‌.
വിഷക്കനി................... 


അതിമനോഹരമായ പൂക്കളും, തളിരിലകളും, തുടുത്ത പഴങ്ങളും ലോലവള്ളികൾ പോലുള്ള താരും തണ്ടുമായി അവളൊരു മനോഹരിയായ ചെടിയാണെന്ന് അവളോടു പറഞ്ഞത്‌ ആ കിളികൾ തന്നെയാണ്‌. അവർക്കേറെയിഷ്ടമാണവളുടെ ചാഞ്ഞകൊമ്പിൽ ഊഞ്ഞലാടാൻ. പാട്ടുപാടാൻ. അവൾക്കുമിഷ്ടമാണവരെ. മടുപ്പിക്കുന്ന, വിരസമായ ജീവിതത്തിൽ അവർ നിറയ്ക്കുന്ന സംഗീതം അവൾക്കേറെ പ്രിയപ്പെട്ടതാണ്‌. സ്വയംമറന്നവൾ അവരുടെ പാട്ടിലും കൊഞ്ചലിലും മുഴുകിയങ്ങനെ നിൽക്കും. എന്നാൽ, അതിനിടയിലും അവളുടെ ഇടനെഞ്ചിൽ കൊള്ളിയാൻ മിന്നും. അതെന്താണെന്നോ? ചില കുഞ്ഞിക്കിളികൾ അവളുടെ പഴങ്ങൾ തിന്നാനടുക്കും. അവൾക്കല്ലേ അറിയൂ അവ വിഷക്കനികളാണെന്ന്. വേദനയോടെ ചില്ലകളാട്ടി അവളവരെ അകറ്റുമ്പോൾ അവരിൽ ചിലർ പിണങ്ങും, ചിലർ പരിഭവിക്കും, മറ്റു ചിലർ കണ്ണുരുട്ടും, മറ്റു ചിലരാകട്ടെ,എത്രയാട്ടിയാലും പോകാതെ ചുറ്റിപ്പറ്റിപ്പറക്കും, വാശിയോടെ, അവ ഭക്ഷിച്ചേയടങ്ങൂ എന്ന നിർബന്ധബുദ്ധിയോടെ.... അവരോടവൾ വേദനയോടെ പറയും, ആ വിഷപ്പഴം കഴിച്ചവർ പിടഞ്ഞുവീഴുന്നത്‌ കാണാൻ അവൾക്കു വയ്യാന്ന്, അതിനേക്കാൾ ഭേദം സ്വയം ഒടുങ്ങുന്നതാണെന്ന്. അവളുടെ കണ്ണീരോടെയുള്ള അപേക്ഷക്കൊടുവിൽ കുഞ്ഞിക്കിളികൾ വേദനയോടെ വിടപറയുമ്പോളവൾ വിചാരിക്കും. "നിങ്ങളെ എനിക്കെത്ര ഇഷ്ടമാണെന്നോ? നിങ്ങൾക്കാപത്ത്‌ വരുന്നത്‌ എനിക്കു ചിന്തിക്കാനേ വയ്യ. അതിനേക്കാൾ ഭേദം ഞാൻ വീണുമണ്ണടിയുന്നതാ...."  — 
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ.........


ഇന്നു ഒന്നാം തീയതി. ചിങ്ങം ഒന്ന്‌. പണ്ടൊക്കെ ഒന്നാം തീയതി എന്നു പറഞ്ഞാൽ രാവിലെ കുളിച്ച്‌, പൂകൊണ്ടലങ്കരിച്ച, തിളങ്ങുന്ന വെങ്കല നിലവിളക്കിൽ നിറയെ എണ്ണയൊഴിച്ച്‌ അഞ്ചുതിരിയിട്ടുകത്തിച്ച്‌, കൈകൂപ്പി അറിയാവുന്ന മന്ത്രങ്ങളൊക്കെപ്പറഞ്ഞു പ്രാർത്ഥിച്ച്‌, പിന്നീടാ കിനിഞ്ഞുകത്തുന്ന വിളക്കിന്റെ ഭംഗി ആസ്വദിക്കുന്ന ഒരു നറുമണമുള്ള സുപ്രഭാതമാണ്‌. ഇന്നുപക്ഷെ, എന്നുമുള്ള കുളിപോലും ഉണ്ടായില്ല.

അമ്മ രാവിലെ ഒരു കല്യാണത്തിനുപോയതിനാൽ രാവിലെ ചപ്രതലയിൽ ഒരു ക്ലിപ്പും കേറ്റി അടുക്കളയിൽ കയറി. അച്ഛനോടു ചോദിച്ചു, "ചിക്കൻ കറി ഉണ്ടാക്കട്ടെ?" "അതെന്താ അങ്ങനൊരു ചോദ്യം" എന്നച്ഛൻ. അല്ലാ, ഒന്നാം തീയതിയല്ലേ എന്നു ഞാൻ. ഒന്നാം തീയതിയല്ലേ ചിക്കൻകറി കഴിക്കേണ്ടത്‌ എന്നായി അച്ഛൻ. എന്നാലോക്കേ എന്നു ഞാൻ.

ഓണമെന്നാൽ എനിക്കെന്നും ഊഞ്ഞാലാട്ടം മാത്രമായിരുന്നു. പൂക്കളവും സദ്യയുമൊന്നും ഒരിക്കലും അജണ്ടയിലില്ലായിരുന്നു. പോക്കറ്റുള്ള വീട്ടുടുപ്പുകൾ അന്നും ഇന്നും എനിക്കിഷ്ടമാണ്‌. അതിന്റെ പോക്കറ്റിൽ നിറയെ ചിപ്സും ബൂന്ദിയും മിക്സ്ചറും ശർക്കരവരട്ടിയുമായി ഒരു കൈയിൽ ബാലരമയുമായി ഊഞ്ഞാലാടുന്നതാണെന്നും ഏറ്റവും മനോഹരമായ ബാല്യകാലസ്മരണ. പിന്നെ, ഇടക്കിടക്ക്‌, മെയ്‌വഴക്കം പരീക്ഷിച്ചുള്ള നടുവിടിച്ചുള്ള വീഴ്ചകളും!

പണ്ടൊന്നും ഓണക്കോടിയോ പിറന്നാൾക്കോടിയോ വീട്ടിൽ ശീലമായിരുന്നില്ല. ഒരിക്കലും വേണമെന്നു തോന്നിയിരുന്നുമില്ല. ഇടക്കെപ്പോഴോ അതും വന്നു. സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ലാത്തവർ അതൊരു കവറിലാക്കി ഓണക്കോടിയാക്കുന്നതാണോ? സ്നേഹത്തിന്റെ രൂപമേതെന്നറിയാതെ ഉഴറുമ്പോൾ കിട്ടിയ കോടിയിലതുതിരയുകയും അതിനെ നെഞ്ചിലേക്കുചേർത്ത്‌, അലമാരയിൽ ഭദ്രമാക്കുകയും ചെയ്യുന്നു.

എല്ലാം ഉള്ളവന്‌ ഓണമെന്നാൽ കോടി, സദ്യ, ഷോപ്പിംഗ്‌, ഓണാഘോഷം, കറക്കം...... ഒന്നുമില്ലാത്തവനു ഒരു നിറകൺചിരി. സ്നേഹവും കരുതലും നിറഞ്ഞൊഴുകുന്ന ഒരു പുഞ്ചിരി. രാവിലെ കത്തിച്ചുവച്ച അഞ്ചുതിരിയിട്ട വിളക്കുപോലെ ശോഭയാർന്ന ഒരു ചിരി. ആകാശത്തോളമുയർന്നുപറക്കുന്ന, വയറ്റിൽ ചിത്രശലഭങ്ങൾ ചിറകുവെട്ടിച്ചുപറപ്പിക്കുന്ന ഒരു സ്നേഹപ്പൊന്നൂഞ്ഞാൽ, ആകാശത്തോളമുയർന്നു തിരികെവരുമ്പോൾ പിടിക്കാൻ കൈനീട്ടിനിൽക്കുന്ന ഒരു കരുതൽ.... 

ആ കരുതലിനു പകരം........ പോക്കറ്റിലെ ശർക്കരവരട്ടിയും ബൂന്ദിയും...... പിന്നെ ഒത്തിരിയൊത്തിരി കഥകളും, പിന്നെ കുറേ കഥയില്ലാത്ത തമാശകളും..... മഞ്ചലേറിപ്പോകുന്ന സ്വപ്നങ്ങളും............ ഇതിനൊക്കെ ഓണം വരണോ? ഒന്നാം തീയതി വരണോ? 

ഫ്രീസറിൽ നിന്നെടുത്തുവച്ച ചിക്കൻ തണുപ്പുമാറിക്കാണും. ഒന്നാംതീയതിയായി രാവിലെ തന്നെ ഒരു മഹാപാപം ചെയ്തിട്ടുവരാം. ചുമ്മാതല്ല ഗതിപിടിക്കാത്തത്‌!!! 

എൻ.ബി.: സവാളയില്ലാതെ ചിക്കൻ കറി വയ്ക്കാൻ പറ്റ്വോ?
ഊഞ്ഞാലോണം............


ഓണം എന്ന് വച്ചാല്‍ എനിക്ക് ഊഞ്ഞാലാണ്....... എന്തോന്ന് സദ്യ? എന്തോന്ന് ഓണക്കോടി? എന്തോന്ന് അത്തപ്പൂവ്? ഞാന്‍ ഇന്നേവരെ പൂക്കളവുമിട്ടിട്ടില്ലാ .... അച്ഛന്‍ അങ്ങനെ സ്ഥിരം ഓണക്കോടി തരലുമില്ലാ.....അങ്ങനെ ഉള്ള ആര്‍ഭാടം ഒന്നും കാണിക്കാന്‍ പാടില്ലാന്നു പറഞ്ഞു. പിന്നെ അമ്മയുടെ സമാധാനത്തിനാണ്‌ സദ്യ.... അമ്മ പറയും, നല്ലോരോണമായിട്ട് ഒന്നും ഉണ്ടാക്കാതെ എങ്ങനെ.... അതൊക്കെയല്ലേ ഒരു ഐശ്വര്യം.....

എനിക്കിഷ്ടം ഊഞ്ഞാലാണ്...... മുറ്റത്തു പ്ലാവും മാവും ശാഖകള്‍ വളരുമ്പോള്‍ എന്റെ നോട്ടം ഊഞ്ഞാല്‍ കെട്ടാന്‍ പാകത്തില്‍ വളര്‍ന്നാല്‍ മതി എന്ന് മാത്രമാണ്... 


പണ്ട് ഞങ്ങള്‍ക്കൊരു കോവാലന്‍ ഉണ്ടായിരുന്നു.. കോവാലന്‍ 'ഗൃഹസ്ഥാശ്രമത്തില്‍' ഒരു പനകയറി ആയിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ മുഴുവന്‍ പനകള്‍ ആയിരുന്നു.. അങ്ങനെയല്ലേ ഐവീ ശശിയുടെ കരിമ്പന എന്ന സിനിമ ഈ നാട്ടില്‍ വച്ചെടുത്തത്. പിന്നീട് കോവാലന്‍ ഞങ്ങളുടെ വീട്ടിലെ ഒരു കാര്യസ്ഥന്‍ പോലെ എന്തോ ആയി.....കടയില്‍ പോക്ക്.... പിന്നെ, അമ്മയും അച്ഛനും എവിടെയെങ്കിലും പോകുമ്പോള്‍ ഞങ്ങള്‍ രണ്ടിനും കാവല്‍, പിന്നെ പശൂനെ വാങ്ങിയപ്പോള്‍ അവയെ നോക്കുക... ഇതൊക്കെയാണ് പണി... ടെക്നിക്കുകളുടെ ഉസ്താദാണ് ... കുട്ട, പായ ഇതൊക്കെ ഉണ്ടാക്കാനൊക്കെ എക്സ്പെര്‍ട്ട്...

പിന്നൊരു കാര്യം ഊഞ്ഞാല്‍ ഉണ്ടാക്കാന്‍ അറിയാം.... ഞങ്ങളോടൊക്കെ ഒരു ദയവും ഇല്ലാ.. എന്നാലും, ഓണം അടുക്കുമ്പോള്‍ ഞാന്‍ പിറകെ നടക്കും..... വല്യ പോസ് കാണിക്കും ആദ്യം.... പിന്നീട്, പരിപാടികള്‍ തുടങ്ങും... രണ്ടു മൂന്ന് ഓലകള്‍ വെട്ടി, വെയിലത്ത് വാട്ടി, കയറു പിരിക്കുംപോലെ തെറുത്തു വടം പോലെ ഉണ്ടാക്കും... അത്രേം നേരം മുഖത്തെ ഭാവമോക്കെ കാണേണ്ടത് തന്നെ.... റോക്കറ്റ് സയന്‍സ് ആണെന്ന് തോന്നും, പയറ്റുന്നത്... എന്നിട്ട് പ്ലാവിന്റെയോ, കശുമാവിന്റെയോ മോളില്‍ വലിഞ്ഞു കേറി കണ്ണ് കൊണ്ടും കൈകൊണ്ടും കുറെ കണക്കുകൂട്ടലുകള്‍ ഒക്കെ നടത്തി ആ ചടങ്ങങ്ങു കഴിക്കും... അതൊക്കെ നോക്കി അക്ഷമരായി ഞങ്ങള്‍ കുട്ടിമങ്കികളെ പോലെ താഴെ നില്‍ക്കുകയായിരിക്കും ..

 അന്നേരം "പിടിച്ചാല്‍കിട്ടാത്ത കോവാലന്‍" ഭയങ്കര ജാടയില്‍ താഴെയിറങ്ങും....ഒരു പലകയോ, ഉലക്കയോ, ഓലമടലോ വടത്തിന്റെ താഴെ കെട്ടി ഊഞ്ഞാല്‍ റെഡി ആക്കും. ആര്‍ത്തിപിടിച്ചു നിക്കണ എന്നെ മൈന്‍ഡ് ചെയ്യാതെ അനിയനെ വിളിക്കും "മക്കുട്ടാ വാ...." അവന്റെ പേര് മണിക്കുട്ടനെന്നാ..... മക്കുട്ടന് പിന്നെ കോവാലനെക്കാള്‍ ജാഡ..... അവനെ കയറ്റിയിരുത്തി ആട്ടി വിടും...... പിന്നെ അവന്റെ കൈയും കാലും പിടിക്കണം, ഒന്ന് നിലത്തിറക്കണമെങ്കില്‍.

ഹൂ............ അങ്ങനെ ഊഞ്ഞാലാട്ടം തുടങ്ങും..... പിന്നെ തീറ്റയും കുടിയും എല്ലാം അവിടെ തന്നെ........ മരുന്ന് പോലെ മൂന്നു നേരം ഊഞ്ഞാലാടിയില്ലെങ്കില്‍ ആകെ ഒരു ക്ഷീണം..... സ്കൂളില്‍ പോകുന്നതിനു മുന്‍പും പോയിവന്നും എല്ലാം അഭ്യാസം തന്നെ... വായന വരെ ഊഞ്ഞാലാടിക്കൊണ്ടാണ്.. ഒറ്റകൈയില്‍ പുസ്തകം പിടിച്ചു ഊഞ്ഞാലാടാന്‍ ഒക്കെ നല്ല മിടുക്കാണ് .. പക്ഷെ, ഉയരത്തില്‍ ഊഞ്ഞാലാടി വയറ്റില്‍ ചിത്രശലഭം പറക്കാനൊന്നും എനിക്കിഷ്ടമല്ല... എനിക്ക് പേടിയാ ഇന്നും അതൊക്കെ....... ഒരു വെപ്രാളം അങ്ങനെ പൊങ്ങിവരും , അടിവയറ്റില്‍ നിന്നും,,.... അമ്മേ........

 നമുക്ക് പോക്കറ്റിലെ ഉപ്പേരിയൊക്കെ പതിയെ ഓരോന്നായി തിന്നു തിന്നു അങ്ങനെ പാട്ടൊക്കെ പാടി..... അങ്ങനെ ആടണം..... പണ്ട് സ്ഥിരം പാട്ട് "മാവേലി നാട് വാണീടും കാലം" ആയിരുന്നു.... ഒരു പ്രാവശ്യം പാടിതീരുന്നത് വരെ ഒരാള്‍ ആടും.... പിന്നീട് മറ്റെയാള്‍... ചിലപ്പോള്‍ വല്യച്ഛന്റെ മക്കളും കാണും......
ഇപ്പൊ എന്തോണം? 


 അടുത്ത വര്ഷം ഞാന്‍ ഒരൂഞ്ഞാല് കെട്ടും....... മാവിന്റെ കൊമ്പില്‍....... എന്നിട്ട് പതിയെ ആടും...... എന്നിട്ട് ഇഷ്ടമുള്ള പാട്ടൊക്കെ പതിയെ പാടും.......

 "ജല്‍തെ ഹെഇന്‍ ജിസ്കെ ലിയെ...... 
തേരി അന്ഖോന്‍ കെ ദിയെ ......... 
ടൂന്ദ് ലായാ ഹൂം വഹി....... 
ഗീത് മേം തേരെ ലിയെ......."
ബ്രൂച്ച്‌.......... 



"ചേട്ടോയ്‌....."

"എന്താടീ....."

"എനിക്കേ..... ഒരു സാധനം വാങ്ങണമായിരുന്നു. ഒരു കുഞ്ഞി സാധനം"

"ന്താദ്‌? പറഞ്ഞോ"

"ഒരു കുഞ്ഞി ബ്രൂച്ച്‌"

"ബ്രൂച്ചോ? അതെന്തു കുന്തം?"

"കുന്തോന്നുമല്ല, അതേയ്‌, ഈ സ്വർണ്ണനിറത്തിൽ നല്ല ചന്തത്തിൽ ഉണ്ടാക്കിയ പിന്നാ അത്‌. ഈ പണ്ടത്തെ അമ്മച്ചിമാരൊക്കെ പള്ളീൽ പോകാൻ നേരം ചട്ടേം മുണ്ടും ഉടുക്കുമ്പോൾ തോളത്തു കുത്തുന്ന ഒരു പിന്ന്‌ കണ്ടിട്ടില്ലേ?"

"അപ്പോ അമ്മച്ചി ചട്ടേം മുണ്ടും ഉടുക്കാൻ തീരുമാനിച്ചോ?"

"ഇല്ലാന്നേ, ഞാൻ സാരീടെ മോളിൽ കുത്തും. നല്ല ശേലായിരിക്കും, ല്ലേ?"

"അത്ര ആർഭാടമൊക്കെ വേണോ?"

"എന്താർഭാടം? അതു സ്വർണ്ണമൊന്നും അല്ല മനുഷ്യനേ. മുപ്പതോ നാൽപതോ രൂപയ്ക്ക്‌ ഫാൻസീ സ്റ്റോറിൽ കിട്ടുന്ന സാധനമാ"

"എന്നാൽപ്പിന്നെ ഒരു രണ്ടാർഭാടമായിക്കോ. അല്ലാ എവിടുന്നു കിട്ടി ഈ ഐഡിയ?"

"അതേയ്‌, കളിയാക്കില്ലല്ലോ"

"ഇല്ലാന്നേയ്‌, ചിണുങ്ങാതെ പറ പെണ്ണേ"

"ടീവീല്‌ ചന്ദ്രിക കുമാരതെംഗെയെ കാണിച്ചപ്പോൾ അവരുടെ സാരീലൊരു ബ്രൂച്ച്‌. അതുകണ്ടപ്പോ ഒരു മോഹം"

"അമ്പടീ കുമാരതുംഗീ... എഡേയ്‌, ഇന്നാളൊരു ദിവസം ഒബാമേടെ ഭാര്യേ കാണിച്ചപ്പോ അവരുടെ ടോപ്പിലും കണ്ടല്ലോ ഒരു സാധനം?"

"ഉവ്വോ? അന്നേരം ചേട്ടായി മിണ്ടീലല്ലോ. ശോ! ഇനി കാണുമ്പോ പറേണം, കേട്ടോ നമുക്കു മേടിക്കാം. അല്ലാ.. ഞാനിത്തിരി ഉടുത്തൊരുങ്ങിയൊക്കെ നടന്നാൽ ആർക്കാ അതിന്റെ ഗമ? അല്ലാ.. ആർക്കാ? ഏത്‌?"

"ഉവ്വ ഉവ്വ"
പ്രേമലേഖനം!............... 



"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?"

"വേറെ വിശേഷങ്ങൾ ഒന്നുമില്ലല്ലോ"

"എന്റെ ഹൃദയത്തിൽ പെണ്ണേ, നിനക്കായി വലിയ ഒരു ഒഴിവുണ്ട്‌. ഇതിനു ശുപാർശയും കൈക്കൂലിയും ഒന്നും ആവശ്യമില്ലല്ലോ"

ലോകത്തിലെ സ്ത്രീപുരുഷന്മാർ ഓരോരുത്തരും ഓരോ ബ്ലഡീഫൂളാണ്‌!

കാഠിന്യത്തിന്റെ പര്യായമാകുന്നു സ്ത്രീ! തനി ഡുക്കുഡു! ഡുക്കുഡു ആകുന്നു സ്ത്രീ!!!

"വിനോദം ജീവിതത്തിന്റെ എന്താണെന്നറിയാമോ?"

"അറിയാം! എന്റെ പ്രിയപ്പെട്ട എടിയുടെ ചുണ്ടുകൾക്കും മറ്റും ഉള്ളത്‌"

"സൗരഭ്യമേ, തേനേ, തങ്കം!"

"എന്താ ആകാശമിഠായിയുടെ അച്ഛോ? പ്രിയ മധുര സുരഭില സുന്ദര നിലാവെളിച്ചമേ!"

"ഇടിച്ചു ഞാൻ പള്ള ഞെരിക്കും"

"ഞാനീ ത്യാഗമൊക്കെ ചെയ്തിട്ട്‌ എന്നോടിങ്ങനെ ആണല്ലോ പെരുമാറുന്നത്‌"

"ത്യാഗമയീ, എടീ ആകാശമിഠായിയുടെ തള്ളേ!"

"എന്തോ!"

"ഇന്നു നമ്മൾ രെജിസ്റ്റർ വിവാഹം ചെയ്തു പരസ്യമായി ഫഷ്ക്ലാസ്‌ ഭാര്യയും ഭർത്താവുമായിത്തീരും. സമ്മതമാണോ?"

"ആകാശമിഠായിയുടെ അച്ഛോ!"

"എന്താടീ പെണ്ണേ?"

"കണ്ടേ? ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു - പ്രേമലേഖനം!"

"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തിൽ - പറഞ്ഞില്ലേ, നമ്മൾ തന്നെയാകുന്നു പ്രേമലേഖനം!"

"ഗാഢമായി ചിന്തിച്ച്‌ മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട്‌................." 
"എന്തരോ മഹാനുഭാവലൂ......"



കുറച്ചു നാളുകൾക്കു മുൻപ്‌ പല്ലുവേദനയെ തുടർന്ന് ഒരു പല്ലെടുക്കുകയുണ്ടായി. മറ്റൊരു പല്ല് പകുതിയിലധികം പൊട്ടുകയും ചെയ്തു. പൊട്ടിയ പല്ല് എടുക്കാനുള്ള ഉദ്യമത്തിനിടയിൽ അതു വീണ്ടും പൊട്ടുകയും ഞാൻ അൽപം ആരോഗ്യപരമായി വീക്ക്‌ ആണെന്നു കണ്ടതിനാൽ ഡോക്ടർ ആ പല്ലെടുക്കാതെ റൂട്ട്‌ കനാൽ ട്രീറ്റ്‌മന്റ്‌ ചെയ്തു ആ പല്ലിനെ നില നിർത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അന്നുമുതൽ കവിളിലെ മസിൽസ്‌ വല്ലാതെ വലിഞ്ഞ്‌ (മസിൽ സ്പാസം) വായതുറക്കാൻ വല്ലാതെ ബുദ്ധിമുട്ട്‌ നേരിട്ടു.

കുറെ മരുന്നിനും വ്യായാമങ്ങൾക്കും ശേഷവും വലിയ വ്യത്യാസമൊന്നും കാണാത്തതുകൊണ്ടാണ്‌ എന്റെ ഡോക്ടർ ഒരു സർജ്ജനെ ഒന്നു കാണാൻ പറഞ്ഞത്‌. അദ്ദേഹം നിർദ്ദേശിച്ച സർജ്ജനെത്തന്നെ കണ്ടു. എക്സ്‌-റേ എടുത്തു, കാര്യമൊക്കെ തിരക്കി. ഞാൻ വിശദമായി എല്ലാം പറഞ്ഞുകൊടുത്തു. അദ്ദേഹം കുറച്ചുനേരം എക്സ്‌-റേയിൽ നോക്കിയിരുന്നതിനുശേഷം പറഞ്ഞു, "ആ മൂന്നു പല്ലുകളും ഒരാവശ്യവുമില്ലാതെയാണ്‌ അവിടെ ഇരിക്കുന്നത്‌. അല്ലെങ്കിലും അങ്ങേയറ്റത്തെ പല്ലുകൾ കൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ല. വെറുതെ ബ്രഷ്‌ ചെയ്യാനൊക്കെ ബുദ്ധിമുട്ടാണുതാനും."
അന്തംവിട്ട ഞാൻ പക്ഷെ എല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു. ഇടക്ക്‌ പറഞ്ഞു, "ഇതൊന്നുമല്ല എന്റെ പ്രശ്നം. ആ പല്ലുകൾ കൊണ്ടൊന്നും ഇപ്പോ എനിക്കൊരു പ്രശ്നവുമില്ല. എനിക്കു വായ തുറക്കാനാവുന്നില്ല"
അദ്ദേഹമത്‌ പരിഗണിച്ചേയില്ല. അദ്ദേഹം തുടർന്നു, " ആ എടുത്ത പല്ലിന്റെ താഴത്തെ പല്ല്. അതിനി ഒരു പ്രയോജനവുമില്ല. വെറുതെ മുകളിലെ മോണയിൽ ഇടിച്ച്‌ ക്ഷതമുണ്ടാക്കാമെന്നല്ലാതെ. പിന്നെ, ഇപ്പോ ആർ സീ റ്റി ചെയ്തുകൊണ്ടിരിക്കുന്നത്‌! അതിനെയും വച്ചേക്കേണ്ട കാര്യമില്ല. അപ്പോപ്പിന്നെ അതിന്റെ മുകളിലുള്ളത്‌. അതും വേസ്റ്റാണ്‌. പിന്നെ ബ്രഷുകൊണ്ട്‌ ക്ലീൻ ചെയ്യാനും പ്രയാസമുള്ള സ്ഥലമാണ്‌ നമുക്ക്‌ സിമ്പിളായി എടുത്തുകളയാം. ഒരു ദിവസം ഹാഫ്‌ ഡേ ലീവെടുത്ത്‌ ഇങ്ങുപോരേ"

ആ കണ്ണുകളിൽ കാണുന്നത്‌ എന്തിന്റെ തിളക്കമാണെന്നാലോചിച്ചുകൊണ്ട്‌ ഞാൻ വീണ്ടും പറഞ്ഞു, " ഞാൻ വന്നത്‌ എന്റെ ഈ പ്രശ്നം പരിഹരിക്കാനാണ്‌. എനിക്കു വായതുറക്കാനാവുന്നില്ല. വേദന സഹിക്കാനാവുന്നില്ല."
അപ്പോഴാണാദ്യമായി അദ്ദേഹം ആ പ്രശ്നത്തെ അറ്റെന്റ്‌ ചെയ്തതുതന്നെ. ഏതൊക്കെ മരുന്നുകൾ കഴിച്ചു ഇതിനുവേണ്ടി എന്നന്വേഷിച്ചിട്ടു അതിലൊരു മരുന്നു രാത്രി കഴിച്ചുകൊള്ളാൻ പറഞ്ഞു. ശസ്ത്രക്രിയാപദ്ധതിക്കു തുടക്കമിടും മുൻപ്‌ വീട്ടുകാരുമായിട്ടൊന്നു ആലോചിക്കട്ടെ എന്നു പറഞ്ഞ്‌ പുറത്തിറങ്ങി. ഇറങ്ങും മുൻപുതന്നെ തീരുമാനിച്ചിരുന്നു, ഇനിയിങ്ങോട്ടില്ലാന്ന്.

ദോഷം പറയരുതല്ലോ, സംഭവം നടന്നു പിറ്റേന്നുമുതൽ എനിക്ക് വായ ചെറുതായി തുറക്കാൻ പറ്റി. അല്പദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാവുകയും ചെയ്തു. ഇപോ എനിക്കൊരു തോന്നൽ. ഞാനാ മനുഷ്യനെ വെറുതേ തെറ്റിദ്ധരിച്ചോ എന്ന്. അദ്ദേഹം നടത്തിയത്‌ ഒരു പക്ഷേ ഒരു സൈക്കോ-ദെന്റൽ അപ്രോച്ച്‌ ആവാനാണ്‌ സാദ്ധ്യത. അദ്ദേഹം പറയുന്നതൊക്കെ കേട്ട്‌ ഞാൻ അന്തംവിട്ട്‌ കുന്തം വിഴുങ്ങി വായ പൊളിക്കുമെന്നും അങ്ങനെ മസിൽ സ്പാസം മൂലം തുറക്കാതെയായ വായ തുറക്കുമെന്നും ഉള്ള സൈക്കോളജി എനിക്കറിയാതെപോയത്‌ അദ്ദേഹത്തിന്റെ തെറ്റാണോ? ആ പറഞ്ഞതുകേട്ടു വായപൊളിച്ചിട്ടാണോ ആവോ, പിറ്റേന്നുമുതൽ എന്തായാലും ഞാൻ വായ തുറന്നു വല്ലതും കഴിച്ചു.

എന്തരോ മഹാനുഭാവലൂ......
എന്തൂട്ട്‌ ദൈവം?



അമ്പലത്തിനുള്ളിൽവച്ച്‌ ഒരുണ്ണി ചൂച്ചൂ വച്ചാൽ അപ്പോൾ പിടിക്കും ദൈവത്തിന്‌ ഉവ്വാവൂ......

സ്ത്രീകൾ ചിലപ്പോഴൊക്കെ അമ്പലത്തിനുള്ളിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിന്‌ ഉവ്വാവൂ......

ആരെങ്കിലും കുളിക്കാതെയോ പല്ലുതേക്കാതെയോ മുഷിഞ്ഞ വേഷത്തിലോ അമ്പലത്തിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ...

ആരെലും മീനോ മുട്ടയോ ഇറച്ചിയോ കഴിച്ചിട്ടു കുളിക്കാതെ അമ്പലത്തിൽ കയറിയാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ....

ഈ ദൈവമെന്താ തീരേ പ്രതിരോധശേഷിയില്ലാത്ത കുഞ്ഞുവാവയാണോ ഇങ്ങനെ ഉവ്വാവൂ പിടിക്കാൻ? അങ്ങനെന്തെങ്കിലും പറ്റിയാൽ ഉടനേ തുടങ്ങുകയായീ പ്രതിരോധനടപടികൾ! ശുദ്ധികലശം, അടിച്ചുതളി! അതിനു കുറെ പൈസേം കൊടുക്കണം! ഈ തീരെ ആരോഗ്യമില്ലാത്ത ആളുകളാണോ ഈ ലോകത്തെ എല്ലാരേം നോക്കിരക്ഷിക്കുന്നത്‌?

അല്ലാ!! അതിനിപ്പം ആരാ ആരെയാ രക്ഷിച്ചേ?