കാത്തിരിപ്പ്..............
വഴിയിലേക്കു കണ്ണും നട്ടു നീയാരെയാണ് കാത്തിരിക്കുന്നത്?
പാഴിരുട്ടടഞ്ഞുകിടന്ന എന്റെ ഉമ്മറക്കോലായിൽ ഒരു നറുതിരി തെളിച്ചു വച്ചിട്ട് 'ദാ വരുന്നൂ'ന്നു പറഞ്ഞിറങ്ങി പോയൊരാളെ......
ചാരം മൂടിക്കിടന്ന കിനാവിന്റെ കനലുകളെ ഊതിത്തെളിയിച്ചു പോയൊരാളെ........
വാടിക്കിടന്ന മോഹവല്ലരികളിൽ വെള്ളം തളിച്ച് പുതുനാമ്പുകൾ വിരിയിച്ചിട്ട് പോയിരിക്കുന്നൊരാളെ.....
നിന്നോടൊപ്പമാകാശവും ഭൂമിയും കാറ്റും വെളിച്ചവും തണുപ്പും ചൂടും മഴയും വെയിലും രാവും പകലുമെല്ലാം അനുഭവിച്ചു തീർക്കണമെന്നുറപ്പിച്ചിരുന്നു ഞാൻ.
തണുത്ത വെളുപ്പാംകാലങ്ങളിൽ ഒരു പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുമ്പോൾ കാതിലെന്താണു കിന്നരിക്കേണ്ടതെന്നുവരെ ഞാൻ ഓർത്തു വച്ചിരുന്നു. സവാരികൾക്കു പോകുമ്പോൾ മലമടക്കുകളെ നോക്കി നിന്നെ ഞാൻ അത്രയധികം സ്നേഹിക്കുന്നു എന്നു വിളിച്ചുപറഞ്ഞ് ആ പ്രതിദ്ധ്വനികളിൽ കുളിച്ചു ആ സ്നേഹത്തിൽ കുതിർന്നു നിൽക്കുമ്പോൾ എന്തു മൂളിപ്പാട്ടാണ് പാടേണ്ടതെന്നും ഞാൻ ഓർത്തുവച്ചിരുന്നു.
വൈകുന്നേരങ്ങളിൽ നനുത്ത തെന്നലുമേറ്റ് കൈക്കുള്ളിൽ കൈ കവർന്ന് ചായ കുടിച്ചിരിക്കുമ്പോൾ എന്തൊക്കെയാണ് ചർച്ച ചെയ്യേണ്ടതെന്നും ഞാൻ ഓർത്തുവച്ചിരുന്നു. പ്രഭാതത്തിൽ കുളിച്ച് പുത്തനുടുപ്പിട്ട് വീട്ടുജോലികളിൽ മുഴുകുമ്പോഴും അത്താഴമുണ്ടാക്കുമ്പോഴും നിന്റെ പ്രണയത്തെയനുസ്മരിപ്പിക്കുന്ന ഏതൊക്കെ പാട്ടുകൾ കേൾക്കണമെന്നുവരെ ഞാൻ നിശ്ചയിച്ചിരുന്നു.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ കഥകൾ ബാക്കിവച്ചാണ് നീ പോയിരിക്കുന്നത്. ഒന്നിച്ചു പാടുവാനെത്രയേറെ പാട്ടുകൾ. ചുവടുവയ്ക്കാനെത്രയേറെ താളങ്ങൾ.
പനിനീർദ്ദലമിട്ട തണുത്ത ജലത്തിൽ മുങ്ങി നിവർന്ന് ജലകണമിറ്റുവീഴുന്ന മുടിയൊതുക്കി വന്ന് മെഴുകുതിരിവെളിച്ചത്തിൽ ആ നനുത്ത സംഗീതത്തിനൊപ്പം നമുക്കു നൃത്തം വയ്ക്കണ്ടേ? തണുത്ത രാത്രികളിൽ അടുപ്പത്തു കൈകാഞ്ഞുകൊണ്ട് സ്വന്തം കൈകൊണ്ടുണ്ടാക്കിയ റൊട്ടി തേനിൽ മുക്കി എനിക്കു നീട്ടുമെന്ന് വാഗ്ദാനം ചെയ്തതു നീ മറന്നുപോയോ?
വൈകുന്നേരങ്ങളിൽ എന്റെ മടിയിൽ തല ചായ്ക്കാൻ നീ ഓടിയെത്തുമെന്നു ഞാൻ വെറുതേ മോഹിക്കട്ടേയോ? ജീവിതയാത്രയിൽ കൈകോർത്തു കൂട്ടുവരാൻ, എന്റെ തണുത്ത കൈവെള്ളകളെ കൂട്ടിയുരുമ്മി ചൂടുപിടിപ്പിക്കാൻ നീയുണ്ടാവില്ലേ? ജീവിതം ഇടിമിന്നലിന്റെ ചന്ദ്രഹാസമിളക്കി എന്നെ വിറപ്പിക്കുമ്പോൾ ഒന്നു ചേർത്തുപിടിക്കാൻ നീയുണ്ടാവില്ലേ? ഉമ്മറപ്പടിവാതിലടയ്ക്കാതെ ചാരിവച്ചിരിക്കുന്നത് നീ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.
നീ കത്തിച്ചുവച്ച ഈ ചിരാതിന്റെ വെളിച്ചത്തിലാണിന്നു ഞാനീ ലോകത്തെ കണ്ടുകൊണ്ടേയിരിക്കുന്നത്. നിന്നിലൂടെ ലോകം കാണണമെന്നാഗ്രഹിച്ചു, ഇന്നീ വെളിച്ചത്തിലൂടെയതു ഞാൻ കാണുന്നു. ഒരിക്കലുമണയാതെ ഞാനിതു കാക്കും. ചെറുതെങ്കിലും ഇതേയുള്ളല്ലോ എനിക്കു കൈത്തിരിയായി.