Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, 24 August 2014

ജീവിതം


മഹാഗണിയുടെ വിത്തുപോലെയാണു ജീവിതം.

കാറ്റിലങ്ങോട്ട്‌.
വെള്ളത്തിലിങ്ങോട്ട്‌.
പാറിപ്പറന്ന്
നനഞ്ഞുകുതിർന്ന്
വെയിലേറ്റുകരിഞ്ഞ്‌,
പാഴായൊടുങ്ങി....
ചിലപ്പോൾ വീണ്ടും പറന്ന്...
തത്തി... തത്തി.....

അപ്പൂപ്പൻതാടി പോലെയാണ്‌ ജീവിതം
എന്നു പറയാമായിരുന്നു.
അത്ര ഭംഗി ഇജ്ജീവിതത്തിനില്ലാത്തതുകൊണ്ടാണ്‌
അതു വേണ്ടാന്നുവച്ചത്‌.
നീയറിയണം.....


നീയറിയണം,
എനിക്കൊരു മറുചിരി തരുമ്പോൾ
ഒരാജ്ജന്മകടപത്രം നീയൊപ്പിടേണ്ടതില്ലെന്ന്.
എന്റെ വാക്കുകളിലർത്ഥങ്ങൾ പരതുമ്പോൾ
നീ തേനുണ്ണുന്നൊരു വണ്ടായാൽ മതിയെന്ന്.
പൂ കരളുന്നൊരു പുഴുവാകരുതെന്ന്.

ചാരത്തിൽനിന്നുയിർത്തെഴുന്നേറ്റ ഫീനിക്സാണെങ്കിലും
തുളവീണചിറകിനി പറക്കില്ലയെങ്കിലും,

താണ്ടുവാനുണ്ടേറെ ദൂരം നടന്നെങ്കിലും...
കുറഞ്ഞപക്ഷം ഇഴഞ്ഞെങ്കിലും.

വഴിയിലെ ദിശാസൂചികകൾ നിന്റേതാകാം...
പക്ഷെ, യാത്രികൻ ഞാനാണ്‌.
ദിശ എന്റേതു മാത്രമാണ്‌.
ലക്ഷ്യവും എന്റേതുമാത്രം.

ഒപ്പം കൂടേണ്ടതില്ല,
ഇഴയുന്നവനൊപ്പം കുനിയാൻ പാടാണ്‌
വഴിയിലെ വളവിൽ കാണുമ്പോളൊരു ചിരി മാത്രം തരിക
കാരണം..
നീയോർക്കണം
എന്റെ ചിരിക്കൊരു മറുചിരി തരുമ്പോൾ
ഒരാജ്ജംന്മകടപത്രം നീയൊ-
പ്പിടേണ്ടതില്ലെന്ന്.
ഞരമ്പറ്റ ഓർമ്മകൾ!


ഹൃദയം പറിച്ചാ വരാന്തയിലെ-
റിഞ്ഞു നടക്കുമ്പോൾ 
ഓർമ്മഞ്ഞരമ്പറ്റിറ്റ നീലരക്തത്തിൽ 
കവിളുകൾ ചുട്ടുപൊള്ളി.


ചക്രവാളസീമയിൽ കപ്പൽപ്പൊട്ടായി 
പ്രതീക്ഷകൾ മായുമ്പോൾ
നിറംകെട്ട കണ്ണുകളിൽ
കാഴ്ചകൾ കുത്തുന്ന തീക്കൊള്ളിയായി.


തലയ്ക്കുള്ളിൽ പഴുതാരയിഴയുന്ന
കാൽപെരുമാറ്റത്തിൽ
ഓർമ്മച്ചിതലുകളടർന്നപ്പോൾ
ചിറകടർന്ന ഈയാമ്പാറ്റകളായി
നഷ്ടവസന്തമിഴഞ്ഞു നടന്നു.


ഓമനിക്കാനൊരോർമ്മ തേടി
ഇന്നലെയുടെ കരിയിലകൾ
കാലുകൊണ്ടിളക്കുമ്പോൾ
ഒന്നുരണ്ടുവളപ്പൊട്ടുകളിൽതട്ടി
ചെഞ്ചോര പൊടിഞ്ഞു കരളിനുള്ളിൽ.


കുപ്പിച്ചില്ലുകളേറെയുണ്ടെന്നാലും
അവതട്ടിയിപ്പോളെൻ
കരളങ്ങനെ മുറിയാറില്ല.
മുറിപറ്റിമുറിപറ്റി പരുക്കനായ മനതാരിൽ
അടുത്തിടെ കോറാനൊരു ചില്ലിനുമായിട്ടില്ല.


പൂമ്പാറ്റച്ചിറകടിപോലീ മനസ്സിനെ
തഴുകാനൊരു തളിരോർമ്മ ചികയുന്നു, ഉഷ്ണമാറ്റുവാനായി.
ഗതകാലസ്മരണകൾതൻ ശിശിരമാണിന്ന്,
മനമരമൊന്നിലകൊഴിഞ്ഞൊരു
പടുമരമായി, തണുത്തും വിറച്ചും,
മൂടാനൊരിലമറപോലുമില്ലാതെ
പാടാനൊരു പൈങ്കിളി പോലുമില്ലാതെ
ഒറ്റക്ക്‌..


കണ്ണടച്ചൊന്നോർക്കട്ടെ, ഒരു ചെറുചിരി
വിരിയിക്കാനൊരോർമ്മയെങ്ങാനും
കിട്ടിയാലതുകൊണ്ടൊരു വസന്തവും
പിന്നീടതുകൊണ്ടൊരു ജന്മവുമുണ്ടാക്കണം,
നിയോഗം കഴിക്കണം.


മരണം മരംകൊത്തിയായി ഉള്ളിലെ
പോടു തിരയുമ്പോൾ കാലുഷ്യമില്ലാതെ
നിന്നുകൊടുക്കണം.

ഓർമ്മചികഞ്ഞാലും പോയികിട്ടുമൊരു ജന്മം

വളപ്പൊട്ടുകൾ ചേർത്തൊരു കളിയുണ്ട്‌
നല്ല നിറചാർത്തുള്ള കളി, സമയം പോക്കാനൊരു കളി.
ആത്മാവിലേക്കൊരു മടക്കയാത്ര!


ആത്മാവിലേക്കൊരു കണ്ണാടി തിരിച്ചുവച്ചിരിക്കട്ടെ-
യിത്തിരി നേരമതിങ്ങനെ.
ഏറെപ്പറഞ്ഞുപോയ്‌, കുറഞ്ഞൊന്നിരിക്കണം
മൗനവാല്മീകത്തിൽ 
ഏകയായിത്തിരിനേരം. 
ഉണരുമ്പോളൊരു മുനിയായില്ലെങ്കിലും
മാനിഷാദ: പറയാനൊരു മനമുണ്ടാകണം
കത്തുന്നുണ്ടൊരു ചിതയാത്മാവിൽ
ചിന്തകൾ ചമതകളാക്കി, ചാരമാക്കി.
ഇത്തിരി വെള്ളം കൊണ്ടതിനെ-
ക്കെടുത്തുവാൻ
കണ്ണീരു തേവണം, തലച്ചോറു മാന്തണം.
പോകയാണിന്നൊരു ശാന്തിയാത്ര
ആത്മാവിലേക്കൊരു മടക്കയാത്ര!

ചരിത്രത്തിലാണെനിക്കു സ്ഥാനം,  ക്ലാസ്സിക്കായാണ്‌ ജീവിതം!


ചിലപ്പോൾ ഹോമറിന്റെയോമന, പെനിലോപ്പി.
ചിലപ്പോൾ ഷേക്സ്പിയറിന്നരുമ, ഡെസ്ഡെമോണ.
ചില നേരങ്ങളിൽ കാര്യമൊന്നുമില്ലാതെ
കലപിലപറയുന്ന
ഒരു പാവം ബിയാട്ട്രിസ്‌.
വല്ലപ്പോഴുമൊക്കെ ആരാലോ കാത്തിരിക്കപ്പെടുന്ന ഫെർമ്മിന ഡാസ.
സൗന്ദര്യം ശാപമായ സ്പാർട്ടായിലെ ഹെലെൻ.
ജീവിതം വെറുത്തുപോയ ക്ലിയോപാട്ര.

മക്കൾ നൂറെങ്കിലും ഒന്നുപോലും വിളങ്ങാത്ത ഗാന്ധാരി.
സമാധാനം തീണ്ടാത്ത കുന്തി.
ആത്മാവുനൊന്ത മണ്ഢോദരി.
ഉപേക്ഷിക്കപ്പെട്ട ഊർമ്മിള.
നിഷേധിക്കപ്പെട്ട ശൂർപ്പണഖ.
ധീരസൗമ്യയായ സുഭദ്ര.
ജീവിതാഗ്നിയിൽ വെന്തുപോയ സുഹറ.
ജീവിതസമരത്തിൽ പ്രണയത്തിനു വേതനം ചോദിക്കേണ്ടിവന്ന സാറാമ്മ.

ചിതറിക്കിടക്കുന്ന ആത്മാംശങ്ങൾ വാരിക്കൂട്ടി
ഹൃദയത്തോട്‌ ചേർത്തിരിക്കുമ്പോൾ
മനസ്സുപറയുന്നു.

"ഇവരൊക്കെയും ഞാനാണല്ലോ
എന്നിലൊക്കെയും ഇവരാണല്ലോ
അഹം ബ്രഹ്മാസ്മി!!!"
നിന്നെയളക്കാൻ.............  

നിന്നെയളക്കാനെനിക്കൊരു
പാത്രം വേണം. 
ചിലപ്പോൾ കവിഞ്ഞും ചിലപ്പോൾ ഒഴിഞ്ഞും
നീ പടരുമ്പോൾ
ഒരിക്കൽ മഞ്ഞായും പിന്നെ മഴയായും
നീ പെയ്യുമ്പോൾ
ഇളംകാറ്റായും കൊടുങ്കാറ്റായും
നീ വീശുമ്പോൾ
എന്നും, നിന്നെയളക്കാനെനിക്കൊരു
പാത്രം വേണം.
നിന്നെ പാടിമീട്ടാനൊരു ശ്രുതി, രാഗം, താളം
നിന്നെയൊപ്പിച്ചു ചൊല്ലാനൊരു വൃത്തം
നിന്നെ വർണ്ണിക്കാനൊരു പദം
നിന്നെ വരച്ചുതീർക്കാനൊരു ചായക്കൂട്ട്‌...
എല്ലാമെനിക്ക്‌ വേണം.

എല്ലാമെല്ലാമായി നീ വരുമ്പോൾ
നിന്നെ അളന്നുനിറയ്ക്കാ-
നൊരു മനസ്സ്‌ വേണം.
നിന്നെ കണ്ടുനിറയ്ക്കാനൊരു കണ്ണ്‌
നിന്നെ കേട്ടു നിറയാത്തൊരു കാത്‌
നിന്നോടുചൊല്ലിമടുക്കാത്തൊരു ചുണ്ട്‌

എന്റെ കണ്ണിൽ നീ കാണുന്നതെന്തെന്നോ?
മനംനിറഞ്ഞൊഴുകുന്ന സ്നേഹം.
അളക്കാനാവാതെ വാർന്നുപോകുന്ന
എന്റെ സ്നേഹം!

പകർന്നാട്ടങ്ങൾ!.........


ഈ മുറിയിലിരുന്ന് എനിക്കൊരു കടലുകാണാം.
കരിമുകിലുകൾ കാർവർണ്ണം നിറച്ച കരിംകടൽ.
പ്രളയം പോലെ ഹൂങ്കാരം നിറയുന്ന,
കൊടുങ്കാറ്റ്‌ വിത്തു വിതയ്ക്കുന്ന 
ഒരു അന്ധകാരനാഴി.
തിരകൾ കണ്ണിൽത്തട്ടി തകരുന്ന
വേലിയേറ്റം.


ഇവിടെയിരുന്നാലൊരു വരണ്ട 
മണലാരണ്യം കാണാം.
ജീവിതപ്പകലിന്റെ ചൂടേറ്റുപൊള്ളിയ
സ്വയമുള്ളിൽ നീരുറവ തേടുന്ന
മഴകൊതിക്കുന്നൊരു മണൽപ്പുറം.

എനിക്കിവിടെയിരുന്നൊരു കാടുകാണാം.
ഇടതൂർന്ന വനത്തിന്റെയിരുട്ടുകാണാം.
ഇരുളും വെളിച്ചവും
നൃത്തം ചവിട്ടുന്ന അഗാധതയിലൊരു നിഴൽക്കൂത്തുകാണാം.

തുള്ളുന്ന തെയ്യത്തിന്റെ കണ്ണിൽപൊടിയുന്ന
കനലുരുകുന്ന ലാവ കാണാം.
തെയ്യക്കോലത്തിന്റെയുള്ളുകാണാം
ശീൽക്കാരത്തിൽ നുറുങ്ങുന്ന നെഞ്ചുകാണാം.

രാത്രിമഴ തല്ലിക്കൊഴിച്ച,
പുലരാൻ വെമ്പിനിന്ന
പനിനീർ പൂവെ കാണാം
ഇറ്റുവീഴും നീർത്തുള്ളികളില-
ലിഞ്ഞിറ്റുവീഴുമശ്രുബിന്ദുകാണാം.

നോവരുതെന്നു ഹൃദയത്തോടു കൽപ്പിച്ചിരുന്നു.
വേഷം പലതുടുക്കുന്നു,
കാഴ്ചകളുണ്ടാക്കുന്നു,
പലതും പകർന്നാടുന്നു.
ദർപ്പണമുടയുവോളം
നിഴൽ നോക്കിചിരിക്കുന്നു.

ഇരുട്ടുമ്പോൾ, തനിച്ചാകുമ്പോൾ,
കണ്ണാടിയുടയുമ്പോൾ
കണ്ണിലെ തിരയെണ്ണി, പൊള്ളുന്ന മണലിലുരുണ്ട്‌........

ജീവിതം സുന്ദരമാണ്‌.
എന്നാലെപ്പോഴും,
ഒരകലത്തിൽ നിർത്തുക.
കലമാനാണെങ്കിലും കൊമ്പു കൂർത്തതാണ്‌.