കത്തുപാട്ട്............
"എത്രയും പ്രിയപ്പെട്ട" ആരെങ്കിലുമുണ്ടെങ്കിൽ, അവരൊക്കെ അറിയാൻ,
ഇപ്പോ പറന്നിറങ്ങിയത് അനിയത്തിയുടെ കൂട്ടിലേയ്ക്കാണ്. ഒരു അപാർട്ട്‌മെന്റിന്റെ പതിനഞ്ചാം നിലയിൽ. ഈ വിഹഗവീക്ഷണം കുറച്ചു ദിവസത്തേക്കുകൊള്ളാം. പിന്നെ, പരുന്തിനെയും പ്രാവിനെയുമൊക്കെ കണ്ടുമടുക്കുമ്പോൾ ഒരു കാക്കയെ കണ്ടാലൊക്കെ കൊള്ളാമെന്നു തോന്നും. ഇവിടെ കാക്ക ഇല്ലാന്നു തോന്നുന്നു.
ബാൽക്കണിയിൽ നിന്നാൽ തലങ്ങും വിലങ്ങും കിടക്കുന്ന റോഡുകൾ കാണാം. അതിൽ കൂടി സൈറണടിച്ചു പാഞ്ഞുപോകുന്ന പോലീസ് ബൊലേറോ ജീപ്പുകളെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ നോക്കി ഫോളോ ചെയ്യലാണിപ്പോളെന്റെ ഒരു ടൈംപാസ്. കുറേനേരമെടുക്കും അതൊന്നു പോയി കിട്ടാൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് കിടക്കുകയല്ലേ? സൈറൺ നോക്കി ഫോളോ ചെയ്താൽ മതിയല്ലോ.
അല്ലാ... ഇവരെന്തിനാ സൈറണടിച്ചു പോണേ?
"കള്ളാ, ഓടിക്കോ, ഞങ്ങള് വരുന്നുണ്ടേ..." ന്നാണോ? ആ ... ആർക്കറിയാം? :/
നല്ല തണുപ്പാണിപ്പോൾ. തിരുവനന്തപുരത്തെ 35ഡിഗ്രിയിലും ബ്ലാങ്കെറ്റ് പുതച്ച് നാലുടുപ്പും ഇട്ടുറങ്ങുന്ന എന്റൊരവസ്ഥ!!!!
ഹോ! അങ്ങനെ വിട്ടാൽ പറ്റുമോ? ജീവിതമെന്നാൽ അതിജീവനമാണെന്നേതോ മഹാൻ പറഞ്ഞിട്ടില്ലേ? ഉം... ഓർമ്മ വന്നു. ലക്ഷ്മി പൗർണ്ണമി എന്ന മഹതിയാണത് പറഞ്ഞത്.
അതുകൊണ്ട് ഞങ്ങളെന്തു ചെയ്യുമെന്നോ? ഓരോ കോട്ടും എടുത്തിട്ട് ഇറങ്ങും രാത്രി ഒരു പന്ത്രണ്ടു മണിയാകുമ്പോൾ. ആരും ചോദിക്കാനും പറയാനുമില്ലാത്തതിന്റെ അഹങ്കാരം! പെണ്ണായാൽ അടക്കവും ഒതുക്കവും വേണമെന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓർമ്മിപ്പിക്കാറൊക്കെയുണ്ട്. ഗുഡ് ഗേൾസ് അങ്ങനെയാണ്. എല്ലാം ഓർമ്മ കാണും!
ഞാൻ വിറച്ചും മീനു വിറയ്ക്കാതെയും നടക്കും. ഇപ്പം ഞാൻ നന്നായീന്നാ മീനു പറയുന്നേ. വിറ കുറ!
അപാർട്ട്‌മെന്റിന്റെ ചുറ്റും ഇടയിലുമൊക്കെ ഉള്ള റോഡുകളിലൂടെയാണ് നടത്തം. ധാരാളം പൂക്കളുള്ള വൃക്ഷങ്ങൾ ഇരുവശത്തുമുണ്ട്. അങ്ങനെ നടക്കുമ്പോൾ ഒരു സ്ഥലത്ത് തണൽ വൃക്ഷമായി നടുന്ന, വെള്ള കുഞ്ഞിപ്പൂക്കളും ചെറിയ നെല്ലിക്കപോലുള്ള കായയുമുള്ള ഒരു മരം നിൽപ്പുണ്ട്. നമ്മുടെ റോഡ് സൈഡിലൊക്കെ കാണുന്ന ലത് തന്നെ.
അതിൽ നിന്നും പഴുത്ത പഴങ്ങളെ ഞങ്ങൾ "ആർത്തി"യോടെ ഞങ്ങൾ പറിച്ചു തിന്നും.
ഈ ആർത്തി ഞങ്ങളുടെ ഒരടവാണ്. ഞങ്ങളെന്താണീ സമയത്ത് ചെയ്യുന്നതെന്ന് ആരെങ്കിലും അവരുടെ ഫ്ലാറ്റിൽ നിന്നു നോക്കുകയാണെങ്കിൽ അവരുടെ ആകാംക്ഷ വർദ്ധിപ്പിക്കാൻ. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് ഇര തേടിയിറങ്ങുന്ന രണ്ടാത്മാക്കൾ!!!!
ഡണ്‍ ഡണ്‍ ഡ ഡാങ്ങ് ........... :D:D :D
ആകാംക്ഷ കൂടിക്കൂടി ആരെങ്കിലും വന്നാൽ ഈ മരത്തിന്റെ പഴം കഴിച്ചാണ് ഇരുന്നൂറുകിലോ ഉണ്ടായിരുന്ന ഞാനിങ്ങനെ "അതിസുന്ദരി" ആയതെന്നു പറയണമെന്നും പ്ലാൻ ചെയ്തു. പിന്നെ കാണാം പൂരം. സൂസൂം തൊപ്പീം കോട്ടും കളസോമൊക്കെ ഇട്ടു നടക്കാനിറങ്ങുന്ന ചേത്തന്മാരും ചേച്ചിമാരുമെല്ലാം മരം കുലുക്കാനിറങ്ങും
"കുലുക്കിത്താത്താ തീ....... കുലുക്കിത്താതാതീ......"
ഹോ! അതാലോചിച്ചു തന്നെ അവിടെ കിടന്ന് അട്ടഹസിച്ചു ചിരിച്ചു മരിച്ചു.
മരിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ പുണ്യാത്മക്കളായി അവിടെയും ഇവിടെയുമൊക്കെ മണ്ടി നടന്നിട്ട് ഒരു മണിയാകുമ്പോൾ വീട്ടീക്കേറും. മൂന്നുമണിക്കുറങ്ങും.
അതിരാവിലെ എട്ടരക്ക് (ഒരു മണിക്കൂർ ഞാൻ തന്നെ കുറച്ചതാണ്! ഡേ റ്റൈം സേവിംഗ്!!! തണുപ്പായോണ്ടേ.. :D
അതു വിന്ററിലൊക്കെ അമേരിക്കയിലൊക്കെ ഉള്ളതാ. ഇങ്ങക്കറിയാൻ പാടില്ലാഞ്ഞിട്ടാ!!) ഉറക്കമുണർന്ന് "കോട്ടൂരാൻ വരട്ടെ" എന്ന് ആജ്ഞാപിച്ചുകൊണ്ട് ബാൽക്കണിയിൽ നിന്നു ദൂരേക്കു നോക്കുമ്പോഴാണൊരു കാര്യം ശ്രദ്ധിച്ചത്. കണ്ടതിനെയൊക്കെ ഒരറ്റത്തുനിന്ന് എണ്ണിനോക്കി. തൊണ്ണൂറ്റേഴെണ്ണം! എന്താന്നറിയോ? മൊബൈൽ ടവറുകൾ!. മൂടൽ മഞ്ഞില്ലായെങ്കിൽ കുറേം കൂടി കാണാമായിരുന്നു. എന്നിട്ടും റെയ്ഞ്ചില്ല! ആരു കൊണ്ടുപോകുന്നോ ആവോ?
'അയ്യോ.. അണുപ്രസരണം, അണുവികിരണം...' എന്നൊക്കെ ആർത്തുവിളിച്ചു ഓടിപ്പോയി വീണ്ടും കിടന്നു. ബ്ലാങ്കെറ്റെടുത്തു തലയും മൂടി! അണുപ്രസരണം കിട്ടിയാലോ?
കണ്ടോ? കോട്ടൂരാത്തതെത്ര നന്നായി.
തറ തുടയ്ക്കാൻ മോപ്പുമായി വന്ന ചേച്ചി ഇതുതന്നെ തക്കം എന്നുകരുതി മിണ്ടാതെ തിരികെ പോകുന്നത് ഞാൻ കണ്ടില്ലാന്നാണ് വിചാരം. പിന്നെ,
"പാന്ഥർ പെരുവഴിയമ്പലം തന്നിലേ-
താന്ഥരായ് കൂടി വിയോഗം വരും പോലെ.."
വന്നു ചേർന്നിരിക്കുന്ന ഞാൻ വല്ലതും പറഞ്ഞിട്ടുവേണം ചേച്ചി പിണങ്ങിപ്പോകാനും പിള്ളേരെന്നെ തട്ടിക്കളയാനും.
അടുത്ത മുറിയിൽ യൂപ്പീക്കാരിയാ. നല്ലകുട്ടിയാ. എന്നെ "ആണ്ടീ.. ആണ്ടീ.." ന്ന് വിളിച്ച് 'ഹെന്റെ' ഹൃദയം തകർത്തു കളയുമെന്ന ഒറ്റ കുഴപ്പമേ ഉള്ളൂ. വയസ്സു പത്തു നൽപ്പതായീന്ന് കണ്ടാലൊട്ടും തോന്നില്ലാന്നേ. എനിക്ക് സ്വയം തീരെ തോന്നുന്നില്ല. ഹെന്താ ചെയ്ക? അപ്പളാണവൾടെ ഒരു ആണ്ടി!! ഹും! വച്ചിട്ടുണ്ട് ഞാൻ! :/
ഒരീസം മീനൂന്റെ കമ്പനിയുടെ ഫാമിലിഡേ ആയിരുന്നു.
ഒരു ഒന്നൊന്നര ഫാമിലിയാകാൻ ഞാനോരുത്തി പോരേ? ഫാമിലിയായി ഞാനും പോയി. ഷാന്റെ മ്യൂസികൽ പ്രോഗ്രാമുണ്ടായിരുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള 'ഫനാ'യിലെയും 'സാവരിയാ'യിലേയും പാട്ടൊക്കെ പാടി. അറിയാവുന്ന ഡാൻസൊക്കെ ഞാനും ചെയ്തു.
അല്ലപിന്നെ! എന്താ ഈ ഷാനിന്റെ ഒക്കെ വിചാരം? ഇങ്ങനൊക്കെ പാടിയാൽ പിന്നെ കളിച്ചുപോകില്ലേ? ഹിഹി ........
വേറെന്താ? വേറൊന്നുമില്ല. വല്ലതുമുണ്ടായാൽ അറിയിക്കാം. എന്നെ കാണാതിരുന്നപ്പോൾ മെസ്സേജിട്ടും പത്രത്തിൽ കൊടുത്തും ഒക്കെ അന്വേഷിച്ചു കുറേപേർ. സത്യമായിട്ടും സങ്കടം വന്നു. അപ്പോ സ്നേഹമുണ്ട്...ഊം..... നിച്ചും ഉണ്ട് ട്ടോ... ഈ ലോകത്തോടു മുയുബനും നിച്ചു സ്നേഹാ.......
No comments:
Post a Comment