ഏണിയും പാമ്പും!
ജീവിതം മിക്കപ്പോഴും ഒരു ഏണിയും പാമ്പും കളി പോലെയാണ്. വിധി പകിടയെറിയുമ്പോൾ അതുചെന്നുവീഴുന്ന കളങ്ങളിൽ ചിലതിൽ പാമ്പും മറ്റു ചിലതിൽ ഏണിയും പിന്നെ കുറേയധികം കളങ്ങളിൽ തടസ്സങ്ങളോ നേട്ടങ്ങളോ ഇല്ലാതെയും മുന്നോട്ടു നീങ്ങുന്ന ഏണിയും പാമ്പും കളി.
ചിലർക്ക് പാമ്പിന്റെ വായിൽ ചാടേണ്ടി വന്നിട്ടേയുണ്ടാവില്ല. എന്നും ഏണികൾ വഴിയുള്ള കുറുക്കുവഴിക്കയറ്റങ്ങൾ മാത്രം. അല്ലെങ്കിൽ ഒന്നിനും തടസ്സമില്ലാതെ പകിടയുരുണ്ടുരുണ്ട് മുന്നോട്ട്.
മറ്റു ചിലർക്ക് പാമ്പിന്റെ വായിൽ ചാടാനേ നേരമുണ്ടാകൂ. എങ്ങനെയൊക്കെ കുലുക്കിയെറിഞ്ഞാലും പകിട ചെന്നുവീഴുന്നതൊക്കെ പാമ്പ് വായും തുറന്നിരിക്കുന്ന കളങ്ങളിൽ. നേരേ താഴേക്ക്. ചിലപ്പോൾ ചെറിയ പാമ്പുകൾ. മറ്റു ചിലപ്പോഴാകട്ടേ, പൊരുതി പൊരുതി, തളർന്നും കിതച്ചും ജയിക്കാനൊരു കളം മാത്രം ബാക്കിയുള്ളപ്പോഴാകും ഏറ്റവും നീളമുള്ളൊരു പാമ്പിന്റെ തൊണ്ടയിൽ കുരുങ്ങി താഴേക്കിറങ്ങുന്നത്, ഏറ്റവും താഴേക്ക്. ഒരു നിലവിളിയോടെ താഴേക്ക്.
ഇനിയൊന്നുമില്ല പ്രതീക്ഷിക്കാൻ എന്ന അവസ്ഥയിൽ നിരാലംബരും നിരാശ്രയരുമായി പകിടയൊന്നെറിഞ്ഞു നോക്കും നമ്മൾ. ചിലപ്പോഴെങ്കിലും, നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് നമ്മുടെ പകിട വീഴുന്നത് തൊട്ടടുത്ത ഏണിക്കളത്തിലായിരിക്കും. നിരാശയുടെ മൂക്കുക്കുത്തലിൽ നിന്നും പ്രതീക്ഷയുടെ ഊളിയിടൽ! അതിൽ പിടിച്ച് മുകളിലേക്ക്. ഒന്നുകൂടി പൊരുതി നോക്കാനുള്ള ഊർജ്ജവുമായി.
ജീവിതത്തിൽ പലപ്പോഴും ഇത്തരം ഏണികൾ നമ്മുടെ പ്രതിസന്ധികളിൽ പ്രതീക്ഷയുടെ നറുവെളിച്ചമേന്തിയെത്താറുണ്ട്. ചെറുതും വലുതുമായ ഏണികൾ!
ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നോർത്ത് ഉഴറുമ്പോഴാകും അവർ വരിക. വാക്കുകളിൽ, പ്രവൃത്തികളിൽ ഒക്കെ ഊർജ്ജവും പ്രതീക്ഷയും നിറച്ച് അവർ നമ്മുടെ കൈപിടിച്ച് മുകളിലേക്കുകയറ്റും. പുതിയ ദിശകൾ കാണിച്ചുതരും. ക്ഷമയോടെയും സഹനത്തോടെയും സ്നേഹത്തോടെയും പ്രതീക്ഷയോടെയും മുന്നേറാൻ അവർ നമുക്കു വഴികാട്ടിയാകും.
എന്റെ ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. ഇനിയൊന്നുമില്ല പ്രതീക്ഷിക്കാനെന്നോർത്തിട്ടുണ്ട്. അപ്പോഴൊക്കെ ചെറുതും വലുതുമായ ഏണികൾ കടന്നുവരികതന്നെ ചെയ്തു. അടിവച്ചടിവച്ച് അവയിൽ പിടിച്ച് ഞാൻ മുകളിലേക്ക്.
ഞാനും പലർക്കും ഏണിയാകാറുണ്ട്. അതൊരു നിയോഗം പോലെയാണ്. ഒരാളേറ്റവും ദുഃഖിക്കുന്ന അവസരത്തിൽ, വിധിവൈപരീത്യമാകുന്ന പാമ്പ് വിഴുങ്ങി താഴേക്കിറങ്ങി കിതച്ചു നിൽക്കുമ്പോൾ ഒരടിയെങ്കിലും മുകളിലേക്കേറാനുതകുന്ന ഒരേണിയായാൽ, അതുപോലൊരു പുണ്യമില്ലെന്നു തോന്നുന്നു.
എനിക്കുതകിയ എത്രയോ ഏണികൾ! അവരെ ഞാൻ എത്രയും സ്നേഹത്തോടെ, നന്ദിയോടെ സ്മരിക്കട്ടെ. നിങ്ങൾക്കറിയില്ല, ഒരുപക്ഷേ, നിങ്ങളുടെ വില.
No comments:
Post a Comment