Sunday, 24 August 2014

ഊഞ്ഞാലോണം............


ഓണം എന്ന് വച്ചാല്‍ എനിക്ക് ഊഞ്ഞാലാണ്....... എന്തോന്ന് സദ്യ? എന്തോന്ന് ഓണക്കോടി? എന്തോന്ന് അത്തപ്പൂവ്? ഞാന്‍ ഇന്നേവരെ പൂക്കളവുമിട്ടിട്ടില്ലാ .... അച്ഛന്‍ അങ്ങനെ സ്ഥിരം ഓണക്കോടി തരലുമില്ലാ.....അങ്ങനെ ഉള്ള ആര്‍ഭാടം ഒന്നും കാണിക്കാന്‍ പാടില്ലാന്നു പറഞ്ഞു. പിന്നെ അമ്മയുടെ സമാധാനത്തിനാണ്‌ സദ്യ.... അമ്മ പറയും, നല്ലോരോണമായിട്ട് ഒന്നും ഉണ്ടാക്കാതെ എങ്ങനെ.... അതൊക്കെയല്ലേ ഒരു ഐശ്വര്യം.....

എനിക്കിഷ്ടം ഊഞ്ഞാലാണ്...... മുറ്റത്തു പ്ലാവും മാവും ശാഖകള്‍ വളരുമ്പോള്‍ എന്റെ നോട്ടം ഊഞ്ഞാല്‍ കെട്ടാന്‍ പാകത്തില്‍ വളര്‍ന്നാല്‍ മതി എന്ന് മാത്രമാണ്... 


പണ്ട് ഞങ്ങള്‍ക്കൊരു കോവാലന്‍ ഉണ്ടായിരുന്നു.. കോവാലന്‍ 'ഗൃഹസ്ഥാശ്രമത്തില്‍' ഒരു പനകയറി ആയിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ മുഴുവന്‍ പനകള്‍ ആയിരുന്നു.. അങ്ങനെയല്ലേ ഐവീ ശശിയുടെ കരിമ്പന എന്ന സിനിമ ഈ നാട്ടില്‍ വച്ചെടുത്തത്. പിന്നീട് കോവാലന്‍ ഞങ്ങളുടെ വീട്ടിലെ ഒരു കാര്യസ്ഥന്‍ പോലെ എന്തോ ആയി.....കടയില്‍ പോക്ക്.... പിന്നെ, അമ്മയും അച്ഛനും എവിടെയെങ്കിലും പോകുമ്പോള്‍ ഞങ്ങള്‍ രണ്ടിനും കാവല്‍, പിന്നെ പശൂനെ വാങ്ങിയപ്പോള്‍ അവയെ നോക്കുക... ഇതൊക്കെയാണ് പണി... ടെക്നിക്കുകളുടെ ഉസ്താദാണ് ... കുട്ട, പായ ഇതൊക്കെ ഉണ്ടാക്കാനൊക്കെ എക്സ്പെര്‍ട്ട്...

പിന്നൊരു കാര്യം ഊഞ്ഞാല്‍ ഉണ്ടാക്കാന്‍ അറിയാം.... ഞങ്ങളോടൊക്കെ ഒരു ദയവും ഇല്ലാ.. എന്നാലും, ഓണം അടുക്കുമ്പോള്‍ ഞാന്‍ പിറകെ നടക്കും..... വല്യ പോസ് കാണിക്കും ആദ്യം.... പിന്നീട്, പരിപാടികള്‍ തുടങ്ങും... രണ്ടു മൂന്ന് ഓലകള്‍ വെട്ടി, വെയിലത്ത് വാട്ടി, കയറു പിരിക്കുംപോലെ തെറുത്തു വടം പോലെ ഉണ്ടാക്കും... അത്രേം നേരം മുഖത്തെ ഭാവമോക്കെ കാണേണ്ടത് തന്നെ.... റോക്കറ്റ് സയന്‍സ് ആണെന്ന് തോന്നും, പയറ്റുന്നത്... എന്നിട്ട് പ്ലാവിന്റെയോ, കശുമാവിന്റെയോ മോളില്‍ വലിഞ്ഞു കേറി കണ്ണ് കൊണ്ടും കൈകൊണ്ടും കുറെ കണക്കുകൂട്ടലുകള്‍ ഒക്കെ നടത്തി ആ ചടങ്ങങ്ങു കഴിക്കും... അതൊക്കെ നോക്കി അക്ഷമരായി ഞങ്ങള്‍ കുട്ടിമങ്കികളെ പോലെ താഴെ നില്‍ക്കുകയായിരിക്കും ..

 അന്നേരം "പിടിച്ചാല്‍കിട്ടാത്ത കോവാലന്‍" ഭയങ്കര ജാടയില്‍ താഴെയിറങ്ങും....ഒരു പലകയോ, ഉലക്കയോ, ഓലമടലോ വടത്തിന്റെ താഴെ കെട്ടി ഊഞ്ഞാല്‍ റെഡി ആക്കും. ആര്‍ത്തിപിടിച്ചു നിക്കണ എന്നെ മൈന്‍ഡ് ചെയ്യാതെ അനിയനെ വിളിക്കും "മക്കുട്ടാ വാ...." അവന്റെ പേര് മണിക്കുട്ടനെന്നാ..... മക്കുട്ടന് പിന്നെ കോവാലനെക്കാള്‍ ജാഡ..... അവനെ കയറ്റിയിരുത്തി ആട്ടി വിടും...... പിന്നെ അവന്റെ കൈയും കാലും പിടിക്കണം, ഒന്ന് നിലത്തിറക്കണമെങ്കില്‍.

ഹൂ............ അങ്ങനെ ഊഞ്ഞാലാട്ടം തുടങ്ങും..... പിന്നെ തീറ്റയും കുടിയും എല്ലാം അവിടെ തന്നെ........ മരുന്ന് പോലെ മൂന്നു നേരം ഊഞ്ഞാലാടിയില്ലെങ്കില്‍ ആകെ ഒരു ക്ഷീണം..... സ്കൂളില്‍ പോകുന്നതിനു മുന്‍പും പോയിവന്നും എല്ലാം അഭ്യാസം തന്നെ... വായന വരെ ഊഞ്ഞാലാടിക്കൊണ്ടാണ്.. ഒറ്റകൈയില്‍ പുസ്തകം പിടിച്ചു ഊഞ്ഞാലാടാന്‍ ഒക്കെ നല്ല മിടുക്കാണ് .. പക്ഷെ, ഉയരത്തില്‍ ഊഞ്ഞാലാടി വയറ്റില്‍ ചിത്രശലഭം പറക്കാനൊന്നും എനിക്കിഷ്ടമല്ല... എനിക്ക് പേടിയാ ഇന്നും അതൊക്കെ....... ഒരു വെപ്രാളം അങ്ങനെ പൊങ്ങിവരും , അടിവയറ്റില്‍ നിന്നും,,.... അമ്മേ........

 നമുക്ക് പോക്കറ്റിലെ ഉപ്പേരിയൊക്കെ പതിയെ ഓരോന്നായി തിന്നു തിന്നു അങ്ങനെ പാട്ടൊക്കെ പാടി..... അങ്ങനെ ആടണം..... പണ്ട് സ്ഥിരം പാട്ട് "മാവേലി നാട് വാണീടും കാലം" ആയിരുന്നു.... ഒരു പ്രാവശ്യം പാടിതീരുന്നത് വരെ ഒരാള്‍ ആടും.... പിന്നീട് മറ്റെയാള്‍... ചിലപ്പോള്‍ വല്യച്ഛന്റെ മക്കളും കാണും......
ഇപ്പൊ എന്തോണം? 


 അടുത്ത വര്ഷം ഞാന്‍ ഒരൂഞ്ഞാല് കെട്ടും....... മാവിന്റെ കൊമ്പില്‍....... എന്നിട്ട് പതിയെ ആടും...... എന്നിട്ട് ഇഷ്ടമുള്ള പാട്ടൊക്കെ പതിയെ പാടും.......

 "ജല്‍തെ ഹെഇന്‍ ജിസ്കെ ലിയെ...... 
തേരി അന്ഖോന്‍ കെ ദിയെ ......... 
ടൂന്ദ് ലായാ ഹൂം വഹി....... 
ഗീത് മേം തേരെ ലിയെ......."
ബ്രൂച്ച്‌.......... 



"ചേട്ടോയ്‌....."

"എന്താടീ....."

"എനിക്കേ..... ഒരു സാധനം വാങ്ങണമായിരുന്നു. ഒരു കുഞ്ഞി സാധനം"

"ന്താദ്‌? പറഞ്ഞോ"

"ഒരു കുഞ്ഞി ബ്രൂച്ച്‌"

"ബ്രൂച്ചോ? അതെന്തു കുന്തം?"

"കുന്തോന്നുമല്ല, അതേയ്‌, ഈ സ്വർണ്ണനിറത്തിൽ നല്ല ചന്തത്തിൽ ഉണ്ടാക്കിയ പിന്നാ അത്‌. ഈ പണ്ടത്തെ അമ്മച്ചിമാരൊക്കെ പള്ളീൽ പോകാൻ നേരം ചട്ടേം മുണ്ടും ഉടുക്കുമ്പോൾ തോളത്തു കുത്തുന്ന ഒരു പിന്ന്‌ കണ്ടിട്ടില്ലേ?"

"അപ്പോ അമ്മച്ചി ചട്ടേം മുണ്ടും ഉടുക്കാൻ തീരുമാനിച്ചോ?"

"ഇല്ലാന്നേ, ഞാൻ സാരീടെ മോളിൽ കുത്തും. നല്ല ശേലായിരിക്കും, ല്ലേ?"

"അത്ര ആർഭാടമൊക്കെ വേണോ?"

"എന്താർഭാടം? അതു സ്വർണ്ണമൊന്നും അല്ല മനുഷ്യനേ. മുപ്പതോ നാൽപതോ രൂപയ്ക്ക്‌ ഫാൻസീ സ്റ്റോറിൽ കിട്ടുന്ന സാധനമാ"

"എന്നാൽപ്പിന്നെ ഒരു രണ്ടാർഭാടമായിക്കോ. അല്ലാ എവിടുന്നു കിട്ടി ഈ ഐഡിയ?"

"അതേയ്‌, കളിയാക്കില്ലല്ലോ"

"ഇല്ലാന്നേയ്‌, ചിണുങ്ങാതെ പറ പെണ്ണേ"

"ടീവീല്‌ ചന്ദ്രിക കുമാരതെംഗെയെ കാണിച്ചപ്പോൾ അവരുടെ സാരീലൊരു ബ്രൂച്ച്‌. അതുകണ്ടപ്പോ ഒരു മോഹം"

"അമ്പടീ കുമാരതുംഗീ... എഡേയ്‌, ഇന്നാളൊരു ദിവസം ഒബാമേടെ ഭാര്യേ കാണിച്ചപ്പോ അവരുടെ ടോപ്പിലും കണ്ടല്ലോ ഒരു സാധനം?"

"ഉവ്വോ? അന്നേരം ചേട്ടായി മിണ്ടീലല്ലോ. ശോ! ഇനി കാണുമ്പോ പറേണം, കേട്ടോ നമുക്കു മേടിക്കാം. അല്ലാ.. ഞാനിത്തിരി ഉടുത്തൊരുങ്ങിയൊക്കെ നടന്നാൽ ആർക്കാ അതിന്റെ ഗമ? അല്ലാ.. ആർക്കാ? ഏത്‌?"

"ഉവ്വ ഉവ്വ"
പ്രേമലേഖനം!............... 



"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?"

"വേറെ വിശേഷങ്ങൾ ഒന്നുമില്ലല്ലോ"

"എന്റെ ഹൃദയത്തിൽ പെണ്ണേ, നിനക്കായി വലിയ ഒരു ഒഴിവുണ്ട്‌. ഇതിനു ശുപാർശയും കൈക്കൂലിയും ഒന്നും ആവശ്യമില്ലല്ലോ"

ലോകത്തിലെ സ്ത്രീപുരുഷന്മാർ ഓരോരുത്തരും ഓരോ ബ്ലഡീഫൂളാണ്‌!

കാഠിന്യത്തിന്റെ പര്യായമാകുന്നു സ്ത്രീ! തനി ഡുക്കുഡു! ഡുക്കുഡു ആകുന്നു സ്ത്രീ!!!

"വിനോദം ജീവിതത്തിന്റെ എന്താണെന്നറിയാമോ?"

"അറിയാം! എന്റെ പ്രിയപ്പെട്ട എടിയുടെ ചുണ്ടുകൾക്കും മറ്റും ഉള്ളത്‌"

"സൗരഭ്യമേ, തേനേ, തങ്കം!"

"എന്താ ആകാശമിഠായിയുടെ അച്ഛോ? പ്രിയ മധുര സുരഭില സുന്ദര നിലാവെളിച്ചമേ!"

"ഇടിച്ചു ഞാൻ പള്ള ഞെരിക്കും"

"ഞാനീ ത്യാഗമൊക്കെ ചെയ്തിട്ട്‌ എന്നോടിങ്ങനെ ആണല്ലോ പെരുമാറുന്നത്‌"

"ത്യാഗമയീ, എടീ ആകാശമിഠായിയുടെ തള്ളേ!"

"എന്തോ!"

"ഇന്നു നമ്മൾ രെജിസ്റ്റർ വിവാഹം ചെയ്തു പരസ്യമായി ഫഷ്ക്ലാസ്‌ ഭാര്യയും ഭർത്താവുമായിത്തീരും. സമ്മതമാണോ?"

"ആകാശമിഠായിയുടെ അച്ഛോ!"

"എന്താടീ പെണ്ണേ?"

"കണ്ടേ? ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു - പ്രേമലേഖനം!"

"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തിൽ - പറഞ്ഞില്ലേ, നമ്മൾ തന്നെയാകുന്നു പ്രേമലേഖനം!"

"ഗാഢമായി ചിന്തിച്ച്‌ മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട്‌................." 
"എന്തരോ മഹാനുഭാവലൂ......"



കുറച്ചു നാളുകൾക്കു മുൻപ്‌ പല്ലുവേദനയെ തുടർന്ന് ഒരു പല്ലെടുക്കുകയുണ്ടായി. മറ്റൊരു പല്ല് പകുതിയിലധികം പൊട്ടുകയും ചെയ്തു. പൊട്ടിയ പല്ല് എടുക്കാനുള്ള ഉദ്യമത്തിനിടയിൽ അതു വീണ്ടും പൊട്ടുകയും ഞാൻ അൽപം ആരോഗ്യപരമായി വീക്ക്‌ ആണെന്നു കണ്ടതിനാൽ ഡോക്ടർ ആ പല്ലെടുക്കാതെ റൂട്ട്‌ കനാൽ ട്രീറ്റ്‌മന്റ്‌ ചെയ്തു ആ പല്ലിനെ നില നിർത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അന്നുമുതൽ കവിളിലെ മസിൽസ്‌ വല്ലാതെ വലിഞ്ഞ്‌ (മസിൽ സ്പാസം) വായതുറക്കാൻ വല്ലാതെ ബുദ്ധിമുട്ട്‌ നേരിട്ടു.

കുറെ മരുന്നിനും വ്യായാമങ്ങൾക്കും ശേഷവും വലിയ വ്യത്യാസമൊന്നും കാണാത്തതുകൊണ്ടാണ്‌ എന്റെ ഡോക്ടർ ഒരു സർജ്ജനെ ഒന്നു കാണാൻ പറഞ്ഞത്‌. അദ്ദേഹം നിർദ്ദേശിച്ച സർജ്ജനെത്തന്നെ കണ്ടു. എക്സ്‌-റേ എടുത്തു, കാര്യമൊക്കെ തിരക്കി. ഞാൻ വിശദമായി എല്ലാം പറഞ്ഞുകൊടുത്തു. അദ്ദേഹം കുറച്ചുനേരം എക്സ്‌-റേയിൽ നോക്കിയിരുന്നതിനുശേഷം പറഞ്ഞു, "ആ മൂന്നു പല്ലുകളും ഒരാവശ്യവുമില്ലാതെയാണ്‌ അവിടെ ഇരിക്കുന്നത്‌. അല്ലെങ്കിലും അങ്ങേയറ്റത്തെ പല്ലുകൾ കൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ല. വെറുതെ ബ്രഷ്‌ ചെയ്യാനൊക്കെ ബുദ്ധിമുട്ടാണുതാനും."
അന്തംവിട്ട ഞാൻ പക്ഷെ എല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു. ഇടക്ക്‌ പറഞ്ഞു, "ഇതൊന്നുമല്ല എന്റെ പ്രശ്നം. ആ പല്ലുകൾ കൊണ്ടൊന്നും ഇപ്പോ എനിക്കൊരു പ്രശ്നവുമില്ല. എനിക്കു വായ തുറക്കാനാവുന്നില്ല"
അദ്ദേഹമത്‌ പരിഗണിച്ചേയില്ല. അദ്ദേഹം തുടർന്നു, " ആ എടുത്ത പല്ലിന്റെ താഴത്തെ പല്ല്. അതിനി ഒരു പ്രയോജനവുമില്ല. വെറുതെ മുകളിലെ മോണയിൽ ഇടിച്ച്‌ ക്ഷതമുണ്ടാക്കാമെന്നല്ലാതെ. പിന്നെ, ഇപ്പോ ആർ സീ റ്റി ചെയ്തുകൊണ്ടിരിക്കുന്നത്‌! അതിനെയും വച്ചേക്കേണ്ട കാര്യമില്ല. അപ്പോപ്പിന്നെ അതിന്റെ മുകളിലുള്ളത്‌. അതും വേസ്റ്റാണ്‌. പിന്നെ ബ്രഷുകൊണ്ട്‌ ക്ലീൻ ചെയ്യാനും പ്രയാസമുള്ള സ്ഥലമാണ്‌ നമുക്ക്‌ സിമ്പിളായി എടുത്തുകളയാം. ഒരു ദിവസം ഹാഫ്‌ ഡേ ലീവെടുത്ത്‌ ഇങ്ങുപോരേ"

ആ കണ്ണുകളിൽ കാണുന്നത്‌ എന്തിന്റെ തിളക്കമാണെന്നാലോചിച്ചുകൊണ്ട്‌ ഞാൻ വീണ്ടും പറഞ്ഞു, " ഞാൻ വന്നത്‌ എന്റെ ഈ പ്രശ്നം പരിഹരിക്കാനാണ്‌. എനിക്കു വായതുറക്കാനാവുന്നില്ല. വേദന സഹിക്കാനാവുന്നില്ല."
അപ്പോഴാണാദ്യമായി അദ്ദേഹം ആ പ്രശ്നത്തെ അറ്റെന്റ്‌ ചെയ്തതുതന്നെ. ഏതൊക്കെ മരുന്നുകൾ കഴിച്ചു ഇതിനുവേണ്ടി എന്നന്വേഷിച്ചിട്ടു അതിലൊരു മരുന്നു രാത്രി കഴിച്ചുകൊള്ളാൻ പറഞ്ഞു. ശസ്ത്രക്രിയാപദ്ധതിക്കു തുടക്കമിടും മുൻപ്‌ വീട്ടുകാരുമായിട്ടൊന്നു ആലോചിക്കട്ടെ എന്നു പറഞ്ഞ്‌ പുറത്തിറങ്ങി. ഇറങ്ങും മുൻപുതന്നെ തീരുമാനിച്ചിരുന്നു, ഇനിയിങ്ങോട്ടില്ലാന്ന്.

ദോഷം പറയരുതല്ലോ, സംഭവം നടന്നു പിറ്റേന്നുമുതൽ എനിക്ക് വായ ചെറുതായി തുറക്കാൻ പറ്റി. അല്പദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാവുകയും ചെയ്തു. ഇപോ എനിക്കൊരു തോന്നൽ. ഞാനാ മനുഷ്യനെ വെറുതേ തെറ്റിദ്ധരിച്ചോ എന്ന്. അദ്ദേഹം നടത്തിയത്‌ ഒരു പക്ഷേ ഒരു സൈക്കോ-ദെന്റൽ അപ്രോച്ച്‌ ആവാനാണ്‌ സാദ്ധ്യത. അദ്ദേഹം പറയുന്നതൊക്കെ കേട്ട്‌ ഞാൻ അന്തംവിട്ട്‌ കുന്തം വിഴുങ്ങി വായ പൊളിക്കുമെന്നും അങ്ങനെ മസിൽ സ്പാസം മൂലം തുറക്കാതെയായ വായ തുറക്കുമെന്നും ഉള്ള സൈക്കോളജി എനിക്കറിയാതെപോയത്‌ അദ്ദേഹത്തിന്റെ തെറ്റാണോ? ആ പറഞ്ഞതുകേട്ടു വായപൊളിച്ചിട്ടാണോ ആവോ, പിറ്റേന്നുമുതൽ എന്തായാലും ഞാൻ വായ തുറന്നു വല്ലതും കഴിച്ചു.

എന്തരോ മഹാനുഭാവലൂ......
എന്തൂട്ട്‌ ദൈവം?



അമ്പലത്തിനുള്ളിൽവച്ച്‌ ഒരുണ്ണി ചൂച്ചൂ വച്ചാൽ അപ്പോൾ പിടിക്കും ദൈവത്തിന്‌ ഉവ്വാവൂ......

സ്ത്രീകൾ ചിലപ്പോഴൊക്കെ അമ്പലത്തിനുള്ളിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിന്‌ ഉവ്വാവൂ......

ആരെങ്കിലും കുളിക്കാതെയോ പല്ലുതേക്കാതെയോ മുഷിഞ്ഞ വേഷത്തിലോ അമ്പലത്തിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ...

ആരെലും മീനോ മുട്ടയോ ഇറച്ചിയോ കഴിച്ചിട്ടു കുളിക്കാതെ അമ്പലത്തിൽ കയറിയാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ....

ഈ ദൈവമെന്താ തീരേ പ്രതിരോധശേഷിയില്ലാത്ത കുഞ്ഞുവാവയാണോ ഇങ്ങനെ ഉവ്വാവൂ പിടിക്കാൻ? അങ്ങനെന്തെങ്കിലും പറ്റിയാൽ ഉടനേ തുടങ്ങുകയായീ പ്രതിരോധനടപടികൾ! ശുദ്ധികലശം, അടിച്ചുതളി! അതിനു കുറെ പൈസേം കൊടുക്കണം! ഈ തീരെ ആരോഗ്യമില്ലാത്ത ആളുകളാണോ ഈ ലോകത്തെ എല്ലാരേം നോക്കിരക്ഷിക്കുന്നത്‌?

അല്ലാ!! അതിനിപ്പം ആരാ ആരെയാ രക്ഷിച്ചേ?
ലച്ചൂന്റെ "റ്റാറ്റ"പോക്ക്‌......... 



കഴിഞ്ഞ തവണ വീട്ടിലേക്കു പോയപ്പോൾ ട്രെയിൻ അരമണിക്കൂറോളം വൈകിയാണ്‌ തിരുവനന്തപുരത്ത്‌ എത്തിച്ചേർന്നത്‌. രാത്രി ഒൻപതര. തമ്പാനൂരിൽ നിന്നും കയറിയത്‌ ഒരു തമിഴ്‌ നാട്‌ ബസ്സിൽ. നാഗർക്കോവിലേക്കുള്ള ഇന്റർസ്റ്റേറ്റ്‌ ബസ്‌. കിട്ടിയത്‌ ഏറ്റവും മുൻസീറ്റ്‌. ഡ്രൈവറുടെ അതേ ലെവെലിൽ ആണിരുപ്പ്‌. അതൊരു ഒന്നൊന്നര "റ്റാറ്റപോക്കാ"യിരുന്നു. റോഡ്‌സൈഡിലുള്ള പോസ്റ്റുകൾ വരെ സ്വയം ഇളകി മാറിനിന്നു കൊടുത്തു എന്നാണെനിക്കു തോന്നിയത്‌. കാരണം പലപ്പോഴും പല പോസ്റ്റുകളിലും ഞാൻ കൊരുത്തു തൂങ്ങിക്കിടക്കുന്നത്‌ എനിക്കു തന്നെ കാണാൻ പറ്റിയെങ്കിലും അസാമാന്യ മെയ്‌വഴക്കത്തോടെ അതൊക്കെ തരണം ചെയ്തു, അദ്ദേഹം. ബൈക്കുകാരൊക്കെ തലനാരിഴയ്ക്ക്‌ വീട്ടിൽ ചെന്നുപറ്റി. പലപ്പോഴും അദ്ദേഹം സ്റ്റിയറിങ്ങിന്റെ ചുറ്റും കിടന്നോടും പോലെയാണെനിക്കു തോന്നിയത്‌. അപ്പോഴൊക്കെ രൂക്ഷമായി താഴെക്കൂടെ പോകുന്ന കൃമികീടങ്ങളായ സ്കൂട്ടറുകളെയും മാരുതിക്കാറുകളെയുമൊക്കെ നോക്കി പല്ലിറുമ്മുന്നുണ്ട്‌. ചില സമയത്ത്‌ ഞാനയാളെ അതിരൂക്ഷമായി, അസഹ്യമായ മുഖഭാവത്തോടെ നോക്കിയെങ്കിലും അയാൾ അതിൽനിന്നൊക്കെ ഊർജ്ജം വലിച്ചെടുത്ത്‌ കൂടുതൽ വഷളനായി വണ്ടിയെ അങ്ങോട്ടുമിങ്ങോട്ടുമുലച്ച്‌ യാത്രക്കാരെ കമ്പികൾക്കിടയിലിട്ട്‌ ചതച്ചു.

ജീവിതത്തിൽ ഇനിയുമേറെ അനുഭവിക്കാനുണ്ടെന്ന് ബോധ്യമുള്ളതിനാൽ ഞാനന്നു തീർച്ചയായും വീട്ടിൽ ചെല്ലുമെന്ന് എനിക്കുറപ്പായിരുന്നു. അതേതുകോലത്തിലായിരിക്കുമെന്ന് യാതൊരുറപ്പും ഇല്ലായിരുന്നുവെങ്കിലും. ദോഷം പറയരുതല്ലോ, വഴിയിൽ നിന്നൊക്കെ ആളെകേറ്റി അയാൾ ഞങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിച്ചേയില്ല. രാത്രി പത്തിനും പത്തരയ്ക്കും ഒക്കെ എങ്ങനെയെങ്കിലും വീടെത്താൻ വേണ്ടി കാത്തുനിന്ന് ഒരു വണ്ടി കാണുമ്പോൾ കൈകാണിക്കുന്ന പാവങ്ങളെ ഒന്നു സ്ലോ ചെയ്ത്‌ പറ്റിച്ച്‌ എന്തോ വലിയ മിടുക്കുകാട്ടിയ ഭാവത്തോടെ മീശതടവി ഒരു വഷളൻ ചിരിയുമായി അയാൾ ഞങ്ങളെയും കൊണ്ട്‌ പറന്നു.

അവസാനമെന്താ.. ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്താറായപ്പോൾ ബാഗ്‌ എടുക്കുന്നതു കണ്ട്‌ ഇങ്ങോട്ടയാൾ ചോദിച്ചു, ഇറങ്ങണോ എന്ന്. ഉം എന്നു കേൾക്കേണ്ടതാമസം ഒരൊറ്റ ചവിട്ടിൽ വണ്ടി മുൻവശം കുത്തി പിൻവശം പൊങ്ങി നിന്നു. സ്റ്റോപ്പിൽ നിന്നും ഒരു 300 മീറ്റർ ദൂരെ, കൂരാക്കൂരിരുട്ടത്ത്‌. സ്റ്റോപ്പിൽ നിർത്തിയാൽ ആള്‌ കേറിയാലോ? പതിനൊന്നുമണിയോടടുത്ത സമയം ഞാനാ ഇരുട്ടത്ത്‌ ബാഗും തൂക്കി നിൽക്കുമ്പോൾ ബസ്‌ കുത്തുന്ന പശൂനെപ്പോലെ പിൻകാലിളക്കി കുതിച്ചുപാഞ്ഞുപോയി
സ്മൈൽ പ്ലീസ്‌!.................. 



ചിലരുടെ ചിരിയുണ്ടല്ലോ...... അതു പഴുത്തുതുടുത്ത്‌ മാവിൽ തന്നെ നിൽക്കുന്ന മാമ്പഴം പോലെയാണ്‌. ഞാനാകട്ടേ, ആ മാമ്പഴം വീഴാൻ കാത്ത്‌ മാഞ്ചോട്ടിൽ തപസ്സിരിക്കുന്ന ഒരു ചെറിയ കുട്ടിയും... 

മാവിനറിയാം, ഒന്നു കുലുങ്ങിയാൽ മാമ്പഴം വീണുപോകുമെന്ന്... വീണ മാമ്പഴവുമെടുത്തോടാൻ ഞാനവിടെയുണ്ടെന്ന്....

അതുകൊണ്ടുണ്ടല്ലോ.... എത്ര കാറ്റടിച്ചാലും മാവനങ്ങില്ല.. ശ്വാസം പോലുമെടുക്കാതെ മുറുകെ പിടിച്ചുനിൽക്കും. ഒരു ചെറു മാമ്പഴമെങ്ങാൻ വീണുപോയാൽപ്പിന്നെ കുറേനേരത്തേക്ക്‌ മുഖവും വീർപ്പിച്ചങ്ങനെ നിൽക്കും. ചെറുതായാലും സാരമില്ല, കിട്ടിയതും കൊണ്ട്‌ ഞാൻ വീണ്ടും ചുറ്റിപറ്റിയങ്ങനെ നിൽക്കും.

നന്ദിയില്ലാത്തവളല്ല ഞാൻ. കിട്ടിയതുംകൊണ്ടോടി പോകത്തൊന്നുമില്ല. നന്നായി ചിരിച്ചു കാണിക്കും, മാവിനോട്‌. നന്ദി പറയാതെ പറയും... സുഖാണോ, എന്തൊക്കെയാ വിശേഷങ്ങൾ എന്നൊക്കെ തിരക്കും......

നിക്കറിയാം..... അതൊന്നും ഇഷ്ടപ്പെടില്ലാ മാവിന്‌. വീണുപോയ മാമ്പഴത്തെ ഓർത്തതു നീറിനില്ല്കുമ്പോഴാ അവൾടെയൊരു കൊഞ്ചൽ!!! ഒന്നും മിണ്ടില്ലാ മാവ്‌!!

എനിക്കു പിണക്കോന്നൂല്ലാ മാവേ! നീയെന്നോടൊരിക്കലും മിണ്ടണ്ടാ. വല്ലപ്പോഴും ഒരു കുഞ്ഞിമാമ്പഴം .... അതു മതി. ... മറ്റുള്ള മാമ്പഴമെല്ലാം നീ ആർക്കു വേണേലും കൊടുത്തോളൂ.... പക്ഷെ, തരുമ്പോൾ നിന്റെ ഹൃദയത്തിന്റെ മധുരം ഇത്തിരി കൂട്ടിയിട്ടതു തരണേ.....

നിനക്കറിയാമോ മാവേ.......
വല്ലപ്പോഴുമെനിക്കു വീണുകിട്ടുന്ന നിന്റെ ആ മാമ്പഴങ്ങളില്ലേ.. അവ ഞാനാസ്വദിച്ചു കഴിക്കും കേട്ടോ...
എന്നിട്ടവയുടെ വിത്തു കുഴിച്ചിടും....
നിനക്കറിയാമോ... ഇപ്പൊ എന്റെ വീട്ടുമുറ്റം നിറയെ മാവുകളാ... നല്ല മധുരമുള്ള മാമ്പഴം കൊഴിയുന്ന മാവുകൾ! എപ്പോഴും മാമ്പഴവർഷം തന്നെ!

എല്ലാരും പെറുക്കിയെടുത്ത്‌ കൊണ്ടുപോകും. സന്തോഷം. എല്ലാരും കൊണ്ടോട്ടെ എന്റെ മാമ്പഴങ്ങളെ.
ന്നാലും... ഞാനെപ്പോഴും നിന്റെ ചുവട്ടിൽ തന്നെ.. ഒരു കുഞ്ഞിളംകാറ്റിലെങ്ങാനും, ഒരു കുഞ്ഞുമാമ്പഴമെങ്ങാനും വീണാലോ........ ല്ലേ?........... 

സ്മൈൽ പ്ലീസ്‌.......... മാവേ.....!