Tuesday, 30 September 2014

ജാലകപ്പടിയിലെ കുഞ്ഞുപക്ഷി..........


ജാലകപ്പടിയിലൊരു
സുന്ദരൻ പക്ഷി വരും
കുറഞ്ഞനേരമെന്നെ നോക്കും,
പാറിപ്പറന്നങ്ങുപോകും.


അവനെ കാണാനായി മാത്രം
കിളിവാതിൽ തുറക്കും ഞാൻ
കടക്കണ്ണാലെത്തിനോക്കി
വാതിൽ മെല്ലെ ചാരി വയ്ക്കും.

കിളിയൊന്നും പാടാറില്ല,
ചിറകടിപോലും കേൾക്കാറില്ല.
മൗനസംഗീതം പൊഴിക്കും
കാതരനായെന്നെ നോക്കും.

മനക്കണ്ണാലൊന്നു നോക്കി
ഹൃദയരാഗമൊന്നു മൂളി
കിളിപയ്യെ പാറി ദൂരെ
മരക്കൊമ്പത്തേക്കണയും.

ഓമനയെ ഓമനിക്കാൻ
കൈയൊന്നു നീട്ടിയാലോ
നോവുറ്റ നോട്ടമോടെ
കിളി മാറിയകലെപ്പോകും.

തൊട്ടുപോലും നോക്കവേണ്ടാ
ഒട്ടുപോലും പാട്ടും വേണ്ടാ
ഒട്ടുനേരമെന്നെ നോക്കാൻ
മട്ടു കാട്ടിയാലതേ മതി.

നിന്നെ നോക്കാനായി മാത്രം
ചിത്രവാതിൽ തുറക്കുന്നു.
അത്രമാത്രം കണ്ടു ചിത്തം
മുഗ്ദ്ദസ്നേഹം വരിക്കുന്നു.

നിന്നെ മാത്രം കണ്ടു ലോകം
ഭംഗിയേറും കിളിക്കൂടായ്‌.
എന്റെ ലോകം ചന്തമേറ്റാൻ
വന്നു പോകുക, പല വട്ടം.



Thursday, 25 September 2014

ഓം ശാന്തി! ശാന്തി! ശാന്തി!

നാലുവയസ്സിലാണ്‌ ആദ്യമായി പ്രാർത്ഥന ചൊല്ലിയതിന്റെ ഓർമ്മ തുടങ്ങുന്നത്‌. അനിയനും ഞാനും ക്ലോക്കിന്റെ സൂചി പത്തുമിനിറ്റ്‌ തള്ളിനീക്കുന്നതും നോക്കി നോക്കി ഹരേ രാമ ഹരേ രാമ പറയുന്ന നാളുകൾ. നാമജപത്തിന്റെ അവസാനം അച്ഛനെ രക്ഷിക്കണേ, അമ്മയെ രക്ഷിക്കണേ, അനിയനെ രക്ഷിക്കണേ, പിന്നെ അമ്മൂമ്മ, ഇഷ്ടബന്ധുജനങ്ങൾ, അവസാനം എന്നെ രക്ഷിക്കണേ എന്നു പറയാനും മറന്നിരുന്നില്ല. വളരെ വൈകാതെതന്നെ എന്നെ രക്ഷിക്കണേ എന്നതു ഒരു തരംതാണ പ്രാർത്ഥനയാണെന്നു തോന്നി അതുപേക്ഷിച്ചു.

എന്നും ചിന്തിപ്പിരുന്ന ഒരു പ്രാർത്ഥന അടുത്തുള്ള പള്ളിയിൽനിന്നും ഞായറാഴ്ച ദിവസങ്ങളിൽ ഉയർന്നുകേട്ടതായിരുന്നു. അതേതാണ്ടിങ്ങനെ ആയിരുന്നു. 
"മറ്റുള്ളവരുടെ തെറ്റുകൾ ഞാൻ പൊറുക്കുന്നതുപോലെ എന്റെ തെറ്റുകൾ നീയും പൊറുക്കുമാറാകണേ!" 
അതിനിപ്പോൾ ആരാ എന്റെ തെറ്റുകൾ പൊറുത്തുതരുന്നത്‌ എന്നായിരുന്നു ആപ്രായത്തിൽ എന്റെ ചിന്ത.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌, ഒരു ശനിയാഴ്ച അച്ഛൻ വിളിച്ച്‌ ആ ലക്കം മാതൃഭൂമി ആഴ്ചപതിപ്പ്‌ എടുത്ത്‌ ഒരു ലേഖനത്തിന്റെ ഇടയിലെ നാലുവരി കാണാതെ പഠിക്കാനും ആ വാരിക സൂക്ഷിച്ചുവയ്ക്കാനും പറഞ്ഞത്‌. പ്രാർത്ഥിക്കുമ്പോൾ ഈവരികളും പറയണമെന്നും പറഞ്ഞു.
"ഓം പൂർണ്ണമദ പൂർണ്ണമിദം
പൂർണ്ണാദ്‌പൂർണ്ണമിദച്ചതേ
പൂർണ്ണസ്യപൂർണ്ണമാദായ
പൂർണ്ണമേവവദശിഷ്യതേ
ഓം ശാന്തി! ശാന്തി! ശാന്തി!..."
എല്ലാം പൂർണമെന്നുള്ള ഒരു ദർശനം. എന്തായാലും രക്ഷിക്കണേ എന്നുള്ള കാലുപിടിത്തത്തെക്കാളും ഇഷ്ടപ്പെട്ടതുകൊണ്ട്‌ ഈ പ്രാർത്ഥന സ്ഥിരമാക്കി.
ഒരുപാടു ചോദ്യങ്ങൾ എപ്പോഴും ദൈവത്തെപറ്റി, അനുഗ്രഹത്തെപറ്റി, അനുഗ്രഹവിതരണത്തിലെ അസമത്വങ്ങളെപറ്റി ഒക്കെ ഉള്ളിലുണ്ടായിരുന്നു. എന്തു യോഗ്യതയാണെനിക്കു ദൈവത്തോടെനിക്കൊരു കാര്യം ആവശ്യപ്പെടാൻ എന്ന ചോദ്യത്തിനുത്തരം കിട്ടിയത്‌ ആയിടെകണ്ട മഹാഭാരതം സീരിയലിൽ നിന്നായിരുന്നു. അർജ്ജുനന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു.
"ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ഞാൻ എന്തെങ്കിലും സുകൃതം ചെയ്തിട്ടുണ്ടെങ്കിൽ ആ സുകൃതം മുൻനിർത്തി എന്റെയീ പ്രാർത്ഥന കൈക്കൊള്ളണേ."
ഈ സംഗതി എനിക്കേറെ ഇഷ്ടായി. ഒന്നു നന്നായി റീവൈന്റ്‌ ചെയ്തുനോക്കി. വലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ല. ആർക്കും ദ്രോഹവും ചെയ്തിട്ടില്ല. കഴിഞ്ഞ ജന്മത്തെപ്പറ്റി അറിയില്ലല്ലോ. എന്തായാലും പ്രാർത്ഥന ഇവ്വിധമാക്കി.
"ഞാനെന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിലതു മുൻനിർത്തി എല്ലാരെയും കാത്തോളണേ. എന്റെ തെറ്റിനു മറ്റുള്ളവരെ ശിക്ഷിക്കരുതേ. അറിയാതെയോ അറിഞ്ഞോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനും മാപ്പ്‌ തരണേ."
ഇന്നിപ്പോൾ ഞാൻ പ്രാർത്ഥിക്കാറില്ല. ദൈവങ്ങൾ എന്നെയും ഞാൻ ദൈവങ്ങളെയും തള്ളിപ്പറഞ്ഞിട്ടു കാലമേറെയായി. എന്റെ പ്രാർത്ഥനകളൊന്നുമേ ചെവിക്കൊള്ളാത്ത ദൈവം എന്നെപ്പോലെതന്നെ നിസ്സഹായനെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ ദൈവത്തിനു സ്വൈര്യം കൊടുത്തു. ഇനിയെന്തെങ്കിലുമുണ്ടോ തരാൻ എന്ന് ആക്ഷേപിക്കാൻ പാകത്തിനുള്ള കളിക്കൂട്ടുകാർ മാത്രമായി ഞങ്ങൾ.
എന്തുകൊണ്ടു പ്രാർത്ഥിക്കേണ്ടി വരുന്നു?
ഇന്നിപ്പോൾ അനുഗ്രഹം നേടിക്കളയാമെന്നുകരുതിയല്ലല്ലോ എന്റെ പ്രാർത്ഥന! അറിയാതെ ആരെയെങ്കിലും നോവിച്ചുവെങ്കിൽ, അവരോടു ചെയ്യുന്ന ഒരു മാപ്പപേക്ഷ. അവരുടെ നോവ്‌ മാറിയെന്നറിഞ്ഞാലേ ഒന്നു സ്വസ്ഥമായി കണ്ണടയ്ക്കാനാകൂ എന്ന വലിയ അറിവിൽ നിന്നും ഉണ്ടാകുന്ന നിരന്തരമായ കൈകൂപ്പൽ. അതാണിന്നെന്റെ പ്രാർത്ഥന.
തെറ്റുചെയ്യാതിരിക്കാൻ ഞാനുമീശ്വരനല്ല. ചെയ്യുന്ന തെറ്റുകളാകട്ടേ, മാനുഷികവുമല്ല. ചെയ്തതെറ്റുകൾക്ക്‌ മാപ്പുതരാനുള്ള പ്രാർത്ഥന ഈശ്വരനെക്കാളും മഹത്തരമായ ഹൃദയം സൂക്ഷിക്കുന്ന പ്രിയപ്പെട്ടവരോടാകുമ്പോൾ പ്രാർത്ഥന സഫലമാകുമെന്നു നൂറുവട്ടമുറപ്പുള്ളതിനാൽ വീണ്ടും വീണ്ടുമപേക്ഷ. മാപ്പ്‌.
പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ എല്ലാ പ്രാർത്ഥനകളും ഫലവത്താകുന്നു. മറ്റുള്ളവരുടെ തെറ്റുകളോടു ഞാൻ പൊറുക്കുന്നതുപോലെ, എന്തെങ്കിലും നന്മ ഞാനാർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ നന്മയെ മുൻനിർത്തി എന്നോടു ക്ഷമിക്കണേ!.
ഓം ശാന്തി! ശാന്തി! ശാന്തി!

Sunday, 24 August 2014

ആനിയാടിയിലെ കാറ്റ്‌............


പുറത്ത്‌ നനുത്ത, തണുത്ത കാറ്റുണ്ട്‌. ഇളംകാറ്റ്‌. ഇടവപ്പാതിയുടെ ശേഷിപ്പുപോലെ കാറ്റിനൊപ്പം ചാറിപ്പാറിപെയ്തോടിയകലുന്ന മഴയോളങ്ങൾ. 

കാതോർത്താൽ ഒരു ജലതരംഗം പോലെ. സ്ഥായി മാറി മാറിവരുന്ന ഒരു സംഗീതം പോലെ ഇളംകാറ്റ്‌, പിന്നൊരു വീശിയടിക്കുന്ന തെക്കൻകാറ്റിന്റെ മൂളൽ, അതിൽ നിന്നും മരങ്ങൾ തെയ്യം തുള്ളുന്ന കുഞ്ഞുകുഞ്ഞു ചുഴലികൾ, അവിടെനിന്നുമൊരു ഏഴാം തിരയുടെ ഹുങ്കാരത്തിലേക്ക്‌ ഒരു പാച്ചിൽ.

അപ്പോഴേക്കും ആകാശവീട്ടിലെ മഴക്കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞിറങ്ങിയ ചിലന്തിക്കുഞ്ഞുങ്ങളെപ്പോലെ എങ്ങോട്ടെന്നില്ലാതെ ഓടിപ്പരന്നിറങ്ങുകയായി. ഞങ്ങളിതാവരുന്നൂ എന്ന് കാറ്റിലൂടെയൊരു തണുപ്പറിയിച്ചുകൊണ്ട്‌ അവർ നനുത്ത തുള്ളികളായി താഴേക്കിറങ്ങും. അപ്പോഴേക്കും സ്ഥായി മാറുകയായി. പിന്നെ ചെണ്ടപ്പുറത്തു കോലു വീഴുംപോലെ മഴത്തുള്ളികൾ ഇലചാർത്തുകളിലേക്കൊരു ചാട്ടമാണ്‌.

നിമിഷങ്ങളേയുള്ളൂ ഈ പെയ്ത്തൊക്കെ. കാറ്റോടിച്ചു കൊണ്ടുവന്ന മഴപ്പെണ്ണ്‌ ഒന്നു നിന്ന് വീണ്ടുമോടുകയായി. പിന്നൊരു മരംപെയ്ത്താണ്‌. പിന്നെയൊരു കുളിർക്കാറ്റ്‌. സുഖം........ സുഖം..........

ആഹാ...... മഴയുടെയും കാറ്റിന്റെയും മരങ്ങളുടെയും എന്തിന്‌ മണ്ണിന്റെ മണം വരെ ചേർന്നൊരു ജുഗൽബന്ധി........... സുഖം...... സുഖകരം............

കാറ്റ്‌ കാണുമ്പോൾ, കാറ്റനുഭവിക്കുമ്പോൾ മാത്രം തോന്നുന്ന ഒരു ഗൃഹാതുരതയുണ്ട്‌. കുട്ടിക്കാലത്തെ ഓർമ്മകളുടെ തിരുശേഷിപ്പുകളിൽ ഇന്നും ജീവസ്സുറ്റുനിൽക്കുന്ന ചില ബിംബങ്ങൾ.

കാറ്റ്‌ ഞങ്ങളുടെ നാടിന്റെ പ്രത്യേകതയായിരുന്നു. വാനോളം പൊങ്ങി തലയാട്ടി, തല ചുഴറ്റി നിൽക്കുന്ന കരിമ്പനകളുടെ നാടായിരുന്നു ഞങ്ങളുടേത്‌. കരിമ്പനയോലകളിൽ കാറ്റുപിടിക്കുന്ന വന്യശബ്ദം കേട്ട്‌ അദ്ഭുതപ്പെട്ടു നിൽക്കുന്ന അതിഥികളുടെ കണ്ണിലെ വിസ്മയം ഇന്നുമെന്റെ ഗൃഹാതുരസ്മരണയാണ്‌. വലിയ കാറ്റടിക്കുമ്പോൾ ആകാശത്തു വലിയ വലിയ വൃത്തങ്ങൾ വരച്ചു ചുഴറ്റുന്ന പനകളിൽ നിന്നും ഓലകളുരസ്സുന്ന ശീൽക്കാരമുണരും. ശബ്ദമയമാണാ കാറ്റുകളൊക്കെ.

ജൂൺ ജൂലായ്‌ മാസങ്ങളിൽ കാറ്റുകൂടും. മിഥുനം, കർക്കിടകം മാസങ്ങൾ. നാടൻ ഭാഷയിൽ ആനി, ആടി മാസങ്ങൾ. ആനിയാടിയിലെ കാറ്റെന്നു പറഞ്ഞാൽ ഒരന്തവും കുന്തവുമില്ലാത്ത കാറ്റെന്നർത്ഥം. ഒന്നും ഉണക്കാനിടാൻ പറ്റില്ല. എല്ലാം ചുരുട്ടിയടിച്ച്‌ ഒരു മൂലയ്ക്കു കൂട്ടും. മുറ്റം മുഴുവൻ കരിയില നിറയും. രാവിലെ ചൂലും കൊണ്ട്‌ മുറ്റമടിക്കാനിറങ്ങിയാൽ കാറ്റ്‌ പന്തയം വയ്ക്കാൻ വരും. തെക്കോട്ടു മുറ്റമടിക്കരുത്‌ എന്നതാണ്‌ അനുഭവപാഠം. കാറ്റ്‌ തെക്കുനിന്നേ വരൂ. എല്ലാ നാട്ടിലും അങ്ങനെയാണോ ആവോ? അപ്പോ വടക്കോട്ടടിക്കണം. കാറ്റും കൂടും മുറ്റമടിക്കാൻ. ഇടക്ക്‌ ചില കുസൃതികളൊക്കെ ഒപ്പിക്കുമെന്നേയുള്ളൂ. ഒരു വികൃതിയുടെ സാന്നിദ്ധ്യം ശരിക്കുമറിയാമപ്പോൾ. ചിരി തോന്നും ചിലപ്പോൾ.

സ്കൂൾ ഗ്രൗൻഡിൽ ഓടിക്കളിക്കുന്ന പെൺകുട്ടികൾ കൂടെക്കൂടെ ഒന്നുനിൽക്കും. വീശിയടിക്കുന്ന കാറ്റിൽ ഉയർന്നുപൊങ്ങുന്ന പാവാടയെ ഒതുക്കിപ്പിടിക്കാൻ. അന്നൊക്കെ പാവാടയും ബ്ലൗസ്സുമേയുള്ളൂ. കാറ്റ്‌ വീശിയടിക്കുമ്പോൾ കുസൃതിനിറഞ്ഞ ഒരു പൊട്ടിച്ചിരിയോടെ പാവാട പൊങ്ങാതെ പിടിച്ച്‌ കൂനി നിൽക്കുമ്പോഴുള്ള ഒരു സുഖമുണ്ട്‌. നനുത്ത കാറ്റിന്റെ തഴുകലിന്റെ സുഖം.

മേടത്തിലെ ചൂടും, ഇടവപ്പാതിയിലെ പെരുമഴയും കഴിഞ്ഞ്‌, ആനിമാസത്തിലെ കാറ്റും കഴിഞ്ഞാൽ 'ആടി'യെത്തും. കാറ്റും മഴയും വറുതിയും ഇടകലർന്നൊരു മാസം. 'പൊന്നിൻചിങ്ങ'ത്തിനെഴുന്നള്ളാനായി ഒരു കൊല്ലത്തിന്റെ നീക്കിയിരുപ്പുകളെല്ലാം പറഞ്ഞുതീർത്ത്‌ കണക്കു ബോധിപ്പിക്കേണ്ട കർക്കിടകം. പഞ്ഞമാസമെന്നും കള്ളകർക്കിടകമെന്നും കരിങ്കർക്കിടകമെന്നുമൊക്കെ പ്രാക്കുകേട്ടു തലയറഞ്ഞു കരഞ്ഞിരിക്കും പാവം കർക്കിടകം. പിന്നെ വരുന്ന ചിങ്ങത്തിനു നല്ല പേരുണ്ടാവാൻ സ്വയം ബലികൊടുത്ത പാവം കർക്കിടകം.

അവൾ 'ആടി' തീർക്കും അവളുടെ നിയോഗം. ആ കാറ്റിന്റെയീണത്തിനു കാതോർത്താലൊരു ആത്മാവിന്റെ ഉള്ളിലുണരുന്ന രോദനം കേൾക്കാം. ചെറുതായെങ്കിലും ഉള്ളുപിടപ്പിക്കുന്ന ഒരു നോവിന്റെ ഏങ്ങൽ കേൾക്കാം. ജീവിച്ചിരിക്കുന്ന മനുഷ്യനതത്ര ഹിതമല്ലെങ്കിലും വലിപ്പച്ചെറുപ്പങ്ങൾ സൂക്ഷിക്കാത്ത ആത്മാക്കൾക്കതു തിരിച്ചറിയാനാവുന്നതു കൊണ്ടാകാം അവർ തങ്ങളെ തൃപ്തിപ്പെടുത്താൻ കർക്കിടകം തന്നെ തെരെഞ്ഞെടുത്തത്‌.

ഇന്ന് ഇടിവെട്ടിപെയ്യുന്ന ആനിയാടിയിൽ ഇടിവെട്ടേറ്റു നിന്നു ആകാശം മുട്ടേ കത്തുന്ന, കാറ്റിൽ പടപടാ ശബ്ദങ്ങളോടെ ഓടിപ്പോകുന്ന കാറ്റിനെയടിച്ചു താഴെയിടുന്ന, സർപ്പങ്ങളുടെ ശീൽക്കാരത്തിനെയോർമ്മിപ്പിക്കുന്ന വിധം കാറ്റ്‌ മൂളുന്ന കരിമ്പനകളേയില്ല. എങ്കിലും, മനസ്സിലുണ്ട്‌, ചുറ്റിയടിക്കുന്ന സുഖമുള്ള ഒരോർമ്മ. നനുത്ത, കുളിരാർന്ന, വന്യമായ, സുഖദമായ ഒരു കാറ്റിന്റെ ഓർമ്മ.
ഡീസന്റ്‌ പുത്രൻ!!! 




"നിക്ക്‌ പുത്തും വെന്നേം പഞ്ചായേം വേനംംംംം........."

"മര്യാദയ്ക്ക്‌ തന്നതിനെ കഴിച്ചിട്ട്‌ പൊയ്ക്കോണം. രാവിലെ വേഷംകെട്ടെടുക്കാതെ"

"എനിക്കു പുത്തു മതീീീീീീീീീീീീീീ.................. ഇന്നെനിക്ക്‌ പുത്തുതന്നെ വേനം. പുത്തും വെന്നേം പഞ്ചായേം"

"ചെറുക്കാ.... വിളിച്ചു കൂവിയാലുണ്ടലോ, അടിച്ചു ഞാൻ........."

"എന്താണിവിടെ ബഹളം?"

"അച്ഛാ.. എനിക്കു പുത്തും വെന്നേം പഞ്ചാദേം വേണമെന്നു പാഞ്ഞയിനു ഈ അമ്മ എന്നെ വയക്ക്‌ പരയിനൂ..."

"ഞാനെവിടെ പോയി കൊണ്ടുവരാൻ നേരം വെളുക്കും മുൻപേ പുട്ടും വെണ്ണയും?"

"നിക്കു പുത്തു മതീീീീീ............... ഹ്‌ ഹ്‌...." 

"ഛേ.... രണ്ടുപേരും കൂടി ബഹളം വയ്ക്കാതെ. ഇന്നെന്താ ബ്രേയ്ക്ഫാസ്റ്റിന്‌?"

"ദോശയും കടലക്കറിയും. ഇവനെക്കരുതിയാണ്‌ ഞാനിന്നു കടലക്കറി ഉണ്ടാക്കിയതു തന്നെ!"

"നിക്കു വേന്താാാാ............."

"എവിടുന്നു കിട്ടി ഈ പുട്ടും വെണ്ണയും പഞ്ചസാരയും കോമ്പിനേഷൻ?"

"ഇന്നലെ ബസി വച്ച്‌ കാത്ത്യാനി പരഞ്ഞപ്പത്തന്നെ നാൻ വിചാച്ചു, ഇന്നു പുത്തും വെന്നേം പഞ്ചായേം കൊയച്ചു തിന്നിത്തേ കൂളി പോവൂന്ന്"

"ഏതാ ഈ കാർത്ത്യായനി?"

"അവന്റെ ക്ലാസ്‌മേറ്റല്ലേ? അന്നു സ്കൂൾ ഡേയ്ക്ക്‌ നമ്മൾ വീട്ടിൽ ഡ്രോപ്പ്‌ ചെയ്തില്ലേ, ഇത്തിരി വണ്ണമുള്ള ഒരു കുട്ടിയെ? സ്കൂൾ ബസിൽ അടുത്തടുത്തിരുന്നാ യാത്ര. അപ്പോഴാണീ പുത്തും പഴവുമൊക്കെ കിട്ടുന്നത്‌"

"ഊം... ഈ പുട്ടും പഴവും പഞ്ചസാരേമൊക്കെക്കൂടി കുഴച്ചടിച്ചിട്ടാവും ആ കാർത്ത്യായനി ഇങ്ങനെ ഉരുണ്ടിരിക്കുന്നത്‌, അല്ലേടാ?"

"അച്ചാാാ........ പുത്തും പയവുമല്ലാാാ.... പത്തും വെന്നേം പഞ്ചാദേം. ഹും!!!"

"ഒരെണ്ണമങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ. നാക്കു കുറേ കൂടുണു. വയസ്സു നാലായില്ല. തൊലിയുരിച്ചെടുക്കും ഞാൻ"

" തൊയി ഉയിച്ചെതുക്കാൻ നാനെന്തോന്ന് പയോ, ല്ലേ അച്ചാ?"

"ഹഹഹ.. അല്ലപിന്നെ, എന്റെ മോനെന്താ പഴമാണോ നിനക്കു തൊലിയുരിക്കാൻ. മോനേ.. അച്ഛൻ പറയുന്ന കേക്ക്‌. അമ്മ ഇനിയിപ്പോ എവിടെ പോയി കൊണ്ടുവരാനാണ്‌? ഇന്നലെത്തന്നെ പറഞ്ഞുകൂടായിരുന്നോ പുട്ടും വെണ്ണയും വേണമെന്ന്. എന്തായാലും ഇപ്പോ ദോശേം മോനിഷ്ടമുള്ള കടലകറിയും കൂട്ടി കഴിച്ചിട്ടു സ്കൂളിൽ പോണം. വൈകീട്ടിന്നു നമ്മൾ നല്ല കിടിലം പുട്ടും വെണ്ണയും പഞ്ചസാരയും കൂടി കുഴച്ചൊരു പിടിപിടിക്കും. ഹായ്‌!"

"അച്ചൻ കയിച്ചിട്ടുന്തോ പുത്തും വെന്നയും പഞ്ചാദേം? നയ്യ ദുചിയാനാ ശദിക്കും?"

"പിന്നില്ലേ?"

"നാൻ പദഞ്ഞു കൊക്കുവല്ലോ"

"എന്ത്‌?"

"കാത്ത്യാനി ഉദുന്തിരിക്കുനൂന്ന് അച്ചൻ പാഞ്ഞില്ലേ? നാൻ അത്‌ പാഞ്ഞു കൊക്കും"

"അയ്യോ! അയ്യേ.. മോനേ... വീട്ടിൽ നമ്മൾ പറയുന്നതൊക്കെ സ്കൂളിൽ പോയി പറയരുത്‌. മോശമല്ലേ? അച്ഛനൊരു തമാശ പറഞ്ഞതല്ലേടാ കുട്ടാ?"

"ഇന്നു പരയൂലാ. നാലെ പുത്തും വെന്നേം പഞ്ചാദേം തന്നില്ലെങ്കിൽ പയയും"

"എന്റമ്മെ ഭീഷണിയോ? നല്ല കാലം ഇവനൊക്കെ വല്ല അമേരിക്കയിലും പോയി ജനിക്കാത്തത്‌. ഇഷ്ടമുള്ള ആഹാരം കൊടുത്തില്ലാന്നു പറഞ്ഞ്‌ ഇവനൊക്കെ നമുക്കെതിരെ കേസുകൊടുത്തേനേ"

"നീ പതിയെ പറ. ഇതവനെങ്ങാനും കേട്ടിട്ടുണ്ടെങ്കിൽ ഇതിനു വല്ല സ്കോപ്പും ഉണ്ടോന്നറിയാൻ അവനൊന്നു പോലീസ്‌ സ്റ്റേഷൻ വരെ പോകാനും മടിക്കില്ല!!!"

"എന്തിനച്ചാ പോലീശിന്റെ കായ്യം പരേനേ?"

"ഒന്നുമില്ല മോനെ, അഹാരം കഴിക്കാത്ത കുട്ടികളെ പിടിക്കാൻ പോലീസിറങ്ങീട്ടുണ്ട്‌, അതുകൊണ്ട്‌ മോനീ പിണങ്ങുന്നതൊന്നും ആരോടും പറയല്ലേന്ന് അമ്മ പറയുകയാരുന്നു"

"അയിന്‌.... നാനിന്ന് ദോശേം കദലകരിയും കഴിച്ചിട്ടു പോവുല്ലോ. പിന്നെ .. പോലീസൊന്നും വയൂല. അച്ചൻ പേദിച്ചണ്ടാച്ചാ. എന്നെ പോലീസ്‌ പിക്കൂലാ...
അമ്മാ ദോഷ താമ്മാ ... വെഷക്കുണൂ...... "
ചങ്കരചരിതം .... ... 


മിസ്റ്റര്‍ ചങ്കരന്‍ എന്റെ തറവാട്ടിലെ കൌബോയ് ആയിരുന്നു... അതായത്, കാലിപ്പയ്യന്‍സ്. പറഞ്ഞു ,നമ്മുടെ പാറുവതിയുടെ മകൻ ചങ്കരൻ. കുറച്ചു ദിവസം മുന്പ് ഞാൻ പറഞ്ഞതോർമയില്ലേ പാറുവതിയെപറ്റി?

എപ്പോഴും മുറുക്കി വായും ചുവപ്പിച്ചു, കള്ളും കുടിച്ചു പശുത്തൊഴുത്തില്‍ പുല്ലൂട്ടിയില്‍ കിടന്നുറങ്ങുന്ന ഒരു മനുഷ്യനാണ് മിസ്റ്റർ.ചങ്കരൻ.. 

അച്ഛന്റെ അമ്മയെ ഞങ്ങള്‍ അമ്മച്ചീന്നാ വിളിക്കണേ. അമ്മച്ചി മുതല്‍ ഇന്നലെ പെറ്റു വീണ ഇളമുറക്കാരന്‍ വരെ "ചങ്കരോ....." എന്നാണു ഇദ്ദേഹത്തെ വിളിക്കുക.. കൊഞ്ഞയായ ചങ്കരന്‍ "എന്തിയെന്നേ" എന്ന് വിളിയും കേള്‍ക്കും. ചങ്കരനും പാറുവതിയെ പോലെ "അമ്മീങ്കരേ" എന്നാണ് വിളിക്കുന്നത്... അതിന്റെ അര്‍ഥം വിളികേള്‍ക്കുന്നവര്‍ക്കും അറിയില്ല എന്നതാണ് നോം നമ്മുടെ ആറാമിന്ദ്രിയം കൊണ്ട് മനസിലാക്കിയ ഒരു രഹസ്യം.

വയല്‍ ഉഴാനുള്ള രണ്ടു പോത്തുകള്‍ ഉണ്ടായിരുന്നു വീട്ടില്‍. അവറ്റകളെ കാണുമ്പോഴെല്ലാം ഒന്നുകില്‍ "സത്യവാന്‍ സാവിത്രി"യിലെ കാലന്റെ പോത്തിനെ, അല്ലെങ്കില്‍ അന്നൊക്കെ പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കാട്ടുപോത്തിനെ, ഒക്കെയാണ് എനിക്ക് ഓര്മ വരിക. അതുകണ്ട് തന്നെ ആ തൊഴുത്തിന്റെ അടുത്തെത്തുമ്പോള്‍ ഒറ്റ ഓട്ടമാണ്. പോത്തിനെ ഇവിടെ ക്ടാവ് എന്നാ പറയുന്നത്.

നമ്മുടെ ചങ്കരനാണ് വീട്ടിലെ പബ്ളിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നത്. അതായത്, കടയില്‍ പോക്ക്, കറണ്ടിന്റെ ബില്‍ അടക്കല്‍ ഇത്യാദി... പിന്നെ നാടിലെ ന്യൂസ്‌ ഒക്കെ വീട്ടിലെത്തിക്കലും ഉണ്ട്... ചിലപ്പോള്‍ അതിനു ആരുടെയെങ്കിലും വായില്‍നിന്നും കേട്ടുപിടിക്കുകയും ചെയ്യും. അതൊന്നും ചങ്കരന് പ്രശ്നമില്ല... "നിങ്ങദു പോയീന്നെ..." എന്നുംപറഞ്ഞു കക്ഷിയും നടക്കും. ആരെയും കൂസാതെ അങ്ങനെ നടക്കും.

ചില്ലറ തേങ്ങ, അടക്കാമോഷണങ്ങളും ഉണ്ട്, കള്ളു കുടിക്കാനായിട്ട് . എന്നിട്ട് കുടിച്ചു മറിഞ്ഞു വരും... ആരെങ്കിലും കണക്കിന് കൊടുക്കും വഴക്ക്.. അതും കേട്ട് മറിഞ്ഞു മറിഞ്ഞു വന്നു തൊഴുത്തിലെ പുല്ലൂട്ടിയില്‍ പുല്ലിന്റ്റെയും വയ്ക്കോലിന്റെയും ഇടയില്‍ കിടക്കും. പശു പുല്ലു തിന്നാന്‍ തലയിടുമ്പോള്‍ അവിടെക്കിടന്നു നിലവിളിക്കും..

" ക്ദാവേ... നിനക്കും വേണ്ടേ എന്നെ.... നീയും വതും.... ഇനിയും വതും..... എല്ലാതും വതും..... ചങ്കദാ അവിദെ പോനം ... ചങ്കദാ ഇവിദെ പോനം.... അപ്പ കാണിച്ചു തദാന്നെ ഈ ചങ്കദന്‍.... ചങ്കദന്റെ വെല...." ഇതൊക്കെ കേട്ട് വല്ല പശുവും മുക്രയിട്ടാല്‍ ഒരാട്ടാണ്, "മിന്താതെ കെട പസുവേ അവിദെ ..., നെനക്കൊക്കെ നാന്‍ വച്ചിത്തൊന്തു ....."

ഈ പരാക്രമങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്യാറില്ല.

ചങ്കരന്‍ പശൂന് വെള്ളം കൊടുക്കുന്നത് കാണണം. കല്‍ത്തൊട്ടികളില്‍ കാടിയും പിണ്ണാക്കും ഒക്കെ കലക്കിയിട്ടിട്ടു ഓരോന്നിനെയായി അഴിച്ചു വിടും. അവര്‍ക്കറിയാമെന്നു തോന്നുന്നു അവരവരുടെ തൊട്ടി. അവര്‍ നേരെ ഓരോ തൊട്ടിയുടെ അരികിലേക്ക് പോയി വെള്ളം കുടിക്കും.

ചിലര്‍ വെള്ളത്തിലൊന്നു മൂക്ക് മുക്കിയിട്ടു കുടിക്കാതെ ചങ്കരനെതന്നെ നോക്കി നില്‍ക്കും. ചങ്കരന്‍ അങ്ങോട്ട്‌ പോകും.

"കുദി പസൂ..... " എന്നൊരു ആജ്ഞ്ഞയാണ്.

എന്നിട്ടും കുടിച്ചില്ലെങ്കില്‍ അവിടെയിരുന്നു തൊട്ടിയിലെ വെള്ളത്തില്‍ കൈയിട്ടു ഇളക്കി പശുവിന്റെ തലയെ പിടിച്ചു അതിലോട്ടു മുക്കും. എന്നിട്ടും കുടിച്ചില്ലെങ്കില്‍ പിന്നെ അതില്‍നിന്നും കുറച്ചു കാടിവെള്ളം കോരി കുടിച്ചു നോക്കും, "നല്ല ഉപ്പൊക്കെ ഒന്ത്‌" എന്നൊരു സര്‍ട്ടിഫിക്കറ്റും കൊടുത്ത് ഒരു കമ്പെടുത്ത് രണ്ടടി അങ്ങോട്ട്‌ കൊടുക്കും. അതോടെ പശു വെള്ളം കുടിക്കും.

ചങ്കരന്റെ പശുപ്രേമത്തിന്റെ ഒരുദാഹരണം കൂടി....

മരച്ചീനിക്കിഴങ്ങു വേവിച്ച വെള്ളം ഊറ്റിയെടുത്തത് തൊട്ടിയിലൊഴിച്ചു കൊടുത്തിട്ടു ചങ്കരൻ കന്നുകളോടു പറയും, "ക്ദാവേ, കുദി കുദി , നിങ്ങളും കുദി , എളംകെളങ്കു വെള്ളം കുദി കുദി ...." (ക്ടാവേ, കുടി, കുടി, നിങ്ങളുംകുടി, ഇളംകിഴങ്ങുവെള്ളം കുടി കുടി" ). ഇതിനൊക്കെ ഒരു നാടൻ പാട്ടിന്റെ പോലെയുള്ള ഈണവുമുണ്ട്.

കറണ്ട് ബില്ലടക്കാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍ ബസില്‍ കയറി യാത്ര പോകുമ്പോള്‍ മാത്രമാണ് ചങ്കരന്‍ ഷര്‍ട്ട്‌ ഇടുന്നത്. തിരികെ കുടിച്ചു മറിഞ്ഞുവന്നു ഊരിവയ്ക്കുന്ന ഷര്‍ട്ട്‌ പിന്നെ അടുത്ത പ്രാവശ്യം ഇതുപോലോരാവശ്യത്തിനെ കൈകൊണ്ടു തൊടൂ..

ഒരു ദിവസം മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന എന്നോട് ചങ്കരന്‍ സീരിയസായിട്ടൊരു കാര്യം പറഞ്ഞു, "പയങ്കദ സമ്പവം എന്നേ... "

എന്താണെന്ന് ചോദിച്ച എന്നോട് ചങ്കരന്‍ പറഞ്ഞു , " നാന്‍ ഒരു പ്ദാവസ്യം ഉദുപ്പിദുംപം അതില്‍ പാക്കറ്റ് പൊദത്ത് ... അദുത്ത പ്ദാവസ്യം എദുത്തിദുംപം പാക്കറ്റ് അകത്ത് . ഇന്നാളു കദന്തിനു പൈസ അദക്കാന്‍ പെയ്യപ്പം പാക്കറ്റ് പൊദത്ത് ... ഇതാ ഇപ്പം നോക്കിയപ്പം പാക്കറ്റ് അകത്തിരിക്കിണ്.... എന്തിദു മദിമായമോ എന്തോ ...... "

പിന്നെ ഒരു ക്ളാസ് തന്നെ എടുത്തു കൊടുത്തു, ഓരോ പ്രാവശ്യവും ഷര്‍ട്ട്‌ ഊരുമ്പോഴും അത് അകംപുറം തിരിയുമെന്ന്.

ചില്ലറ മോഷണമുണ്ടെന്നു പറഞ്ഞല്ലോ..

നമ്മുടെ വീടിന്റെ പുറത്തു ഒരു ചെറിയ വയല്‍ വെറ്റിലക്കൊടിക്കായി കൃഷി ചെയ്തിരുന്നു. ചങ്കരന്‍ എന്നും അവിടെ നിന്നും വെറ്റില മോഷ്ടിക്കും. കൊടിയുടെ ഉടമസ്ഥന്‍ ഇതെങ്ങനയോ മണത്തറിഞ്ഞു.

ചങ്കരന്‍ ഒരു വിളഞ്ഞ വിത്താണെന്ന് അയാള്‍ക്കറിയാം. ഒതുക്കത്തില്‍ ഒറ്റയ്ക്ക് വിളിച്ചു ചോദിച്ചാല്‍ സത്യം പറയില്ല. അതുകൊണ്ട് സന്ധ്യക്ക്‌ കവലയില്‍ ഒരുപാടാളുകൂടുന്ന സമയം അവിടെവച്ചു ചങ്കരനെ കൈയോടെ പിടികൂടി ചോദ്യം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു.

"എന്തിനാടാ ചങ്കരാ നീ വെറ്റില മോഷ്ടിക്കുന്നെ " എന്ന ചോദ്യത്തിന് ചങ്കരന്റെ ഉത്തരം ഇതായിരുന്നു.

"നാന്‍ നാല് വെത്ത പറിക്കിണതാണ് നിങ്ങക്ക് വല്യ കാദ്യം.. ആദ്യം നിങ്ങള് നിങ്ങളെ മോളെ മദ്യാദക്ക് നദക്കാന്‍ പദിപ്പിര്.. ആ വെറ്റക്കൊടിക്ക് വെള്ളമൊയിക്കാമെന്നും പറഞ്ഞു നിങ്ങള മോള് അവിദെ വരണത് വേറെ ചെല പദിപാടികള്‍ക്കാണ് ... കണ്ട ചെദുക്കന്മാരുമായിട്ട് ..... നാന്‍ ഒന്നും പറേണില്ല.... "

അയാള്‍ അവിടെതന്നെ ആവിയായിപ്പോയി എന്നാണ് കേട്ടത്.

ഇത്രയൊക്കെയേ ഓര്മ വരണുള്ളൂ...... ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ചങ്കരന്‍ ദി ലെജന്‍ഡ് മരിച്ചുപോയി. കള്ളുകുടിച്ചു, കല്ലില്‍ തലയടിച്ചു വീണതാണ് .... പാവം....... പാവം പാറുവതിയുടെ ചങ്കരൻ.

(പണ്ടൊരിക്കൽ ചങ്കരനെപറ്റി ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ പാർവതിയെ ഓർത്തപ്പോൾ ഒന്നുകൂടി പരിഷ്കരിച്ചെഴുതി.) 
ജീവിതം


മഹാഗണിയുടെ വിത്തുപോലെയാണു ജീവിതം.

കാറ്റിലങ്ങോട്ട്‌.
വെള്ളത്തിലിങ്ങോട്ട്‌.
പാറിപ്പറന്ന്
നനഞ്ഞുകുതിർന്ന്
വെയിലേറ്റുകരിഞ്ഞ്‌,
പാഴായൊടുങ്ങി....
ചിലപ്പോൾ വീണ്ടും പറന്ന്...
തത്തി... തത്തി.....

അപ്പൂപ്പൻതാടി പോലെയാണ്‌ ജീവിതം
എന്നു പറയാമായിരുന്നു.
അത്ര ഭംഗി ഇജ്ജീവിതത്തിനില്ലാത്തതുകൊണ്ടാണ്‌
അതു വേണ്ടാന്നുവച്ചത്‌.
ദത്തുപുത്രി


"മാമിക്കെന്താ വാവയില്ലാത്തത്‌ അമ്മാ?"

"അത്‌.…… അത്‌.…… അത്‌ മാമി ശരിക്കും ആഹാരം കഴിക്കാത്തതു കൊണ്ടാണ്‌. കണ്ടിട്ടില്ലേ, മാമി ചോറുണ്ണുകയേയില്ല. മക്കളു നിറച്ചു ചോറുണ്ണണം കേട്ടോ. എന്നാലേ മക്കളുണ്ടാവൂ" 

പിറ്റേ ദിവസം മുതൽ നാലുവയസ്സുകാരി മാതു കൂടുതൽ ചോറുണ്ടു. മാമിയെ ഉപദേശിച്ചു, "മാമീ, നിറയെ ആഹാരം കയിച്ചാലേ വാവയുണ്ടാവൂ കേട്ടോ "

"ആണോ മോളേ? എന്റെ മാതൂന്‌ എല്ലാം അറിയാല്ലോ" മാമി മാതുവിനെ കെട്ടിപ്പിടിച്ചു. മാതുവിന്‌ മാമിയോട്‌ വല്ലാത്ത സ്നേഹം തോന്നി. മാതു മാമിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
"ഊം? എന്താണൊരു കള്ളച്ചിരി?"

"മാമീ,.. ഞാനൊരു ഐഡിയ പറയട്ടെ?"

"പറഞ്ഞോ"

"മാമി എന്നെ മോളായി അങ്ങെടുത്തോ.... ഞാനിനി അമ്മാന്നു വിളിച്ചോളാം"
പെട്ടെന്നുള്ള ഒരാന്തലിൽ പിടച്ചുപോയ ഹൃദയത്തെ അടക്കിനിർത്താൻ പാടുപ്പെട്ടുകൊണ്ട്‌ മാമി ചോദിച്ചു.
"അപ്പോ മാതൂന്റെ അമ്മ പാവമല്ലേ? മോളെക്കാണാതെ അമ്മയ്ക്ക്‌ സങ്കടം വരില്ലേ?

"ഓ...... അമ്മയ്ക്കു വേണോങ്കിൽ വേറേ പ്രസവിക്കാല്ലോ. അമ്മ നിറച്ച്‌ ചോറ്‌ കഴിക്കുമല്ലോ.." ഒന്നു നിർത്തി അവൾ തുടർന്നു.. " അല്ലെങ്കിൽ അമ്മേം അച്ഛനും കൂടി ഒരു വാവേ ദത്തെടുക്കട്ടേ.."

"അപ്പോൾ മാതൂന്റെ അച്ഛന്റെ നെഞ്ചിൽ ആ വാവ കിടന്നുറങ്ങില്ലേ? രാത്രി മാതു മാമീടെ അടുത്തു കിടക്കുമ്പോൾ ആ വാവ അമ്മേടേം അച്ഛന്റേം നടുക്കു കിടന്നുറങ്ങും, അല്ലേ?"

മാതു കുറച്ചു സമയം മാമിയുടെ കണ്ണിൽത്തന്നെ നോക്കി ആലോചനയിലാണ്ടുനിന്നു.

"എന്താ ആലോചിക്കണേ മാതൂസേ?"

"മാമീ, ഞാൻ വീട്ടിലൊന്നു പോയിട്ടു വരട്ടേ? അച്ഛനും അമ്മയും എന്തു ചെയ്യുണൂന്നു നോക്കീട്ടു വന്നാലോ? അവരിനി എന്നെ കളഞ്ഞിട്ടു പോയിക്കാണുമോ?"

പോകണ്ടാന്നു പറഞ്ഞാലും അവൾ പോകും. അതുകൊണ്ടു ഉം എന്നു പറഞ്ഞു. " ഞാൻ വരാം കേട്ടോ ..." പടിയിറങ്ങിയോടുമ്പോൾ അവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.